വാഷിംഗ്ടൺ: അമേരിക്കൻ തൊഴിൽ വിസയായ എച്ച്1ബി (H-1B) അപേക്ഷകളിൽ ഇത്തവണ വൻ ഇടിവ് രേഖപ്പെടുത്തിയതായി യുഎസ് പൗരത്വ-കുടിയേറ്റ സേവന വകുപ്പ് (USCIS ) അറിയിച്ചു. അപേക്ഷാ തിരഞ്ഞെടുപ്പ് രീതിയിൽ കൊണ്ടുവന്ന കടുത്ത മാറ്റങ്ങൾക്കു പിന്നാലെ അപേക്ഷകൾ 38.5 ശതമാനം കുറഞ്ഞതായി അധികൃതർ വ്യക്തമാക്കി.
2026 സാമ്പത്തിക വർഷത്തിൽ 3,43,981 അപേക്ഷകളുണ്ടായിരുന്നപ്പോൾ 2027 സാമ്പത്തിക വർഷത്തേക്കുള്ള രജിസ്‌ട്രേഷനുകൾ 2,11,600 ആയി കുറഞ്ഞു. 'കുറഞ്ഞ ശമ്പളത്തിലുള്ള കൂട്ടപ്പരാതികളും ദുരുപയോഗവും അവസാനിപ്പിച്ചിരിക്കുകയാണ്' എന്ന് ഡോണൾഡ് ട്രംപ് ഭരണകൂടം പ്രതികരിച്ചു.
ഇന്ത്യൻ ഐടി പ്രൊഫഷണലുകൾ കൂടുതലായി ആശ്രയിക്കുന്ന വിസാ പദ്ധതിയാണ് എച്ച്1ബി. എന്നാൽ വർഷങ്ങളായി ചില കമ്പനികൾ കുറഞ്ഞ ചെലവിൽ വദേശ തൊഴിലാളികളെ നിയമിക്കാൻ പദ്ധതി ദുരുപയോഗം ചെയ്യുന്നതായി വിമർശനമുണ്ടായിരുന്നു. ഇതിനെ തുടർന്ന് അമേരിക്കൻ ഭരണകൂടം വിസാ ഫീസും ശമ്പള മാനദണ്ഡങ്ങളും കർശനമാക്കിയിരുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പുറത്തിറക്കിയ പ്രസ്താവനയിൽ USCIS വ്യക്തമാക്കി: 'കുറഞ്ഞ ശമ്പളത്തിൽ വലിയ തോതിൽ അപേക്ഷകൾ സമർപ്പിച്ച് പദ്ധതിയെ ദുരുപയോഗം ചെയ്ത കാലം അവസാനിച്ചു. ഇപ്പോൾ യഥാർത്ഥത്തിൽ ഉയർന്ന കഴിവുള്ള വിദേശ തൊഴിലാളികൾക്കാണ് പദ്ധതി കൂടുതൽ പ്രയോജനപ്പെടുന്നത്.'
തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരുടെ പ്രൊഫൈലിലും മാറ്റമുണ്ടായതായി അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടവരിൽ 71.5 ശതമാനം പേരും അമേരിക്കൻ സർവകലാശാലകളിൽ നിന്ന് മാസ്റ്റേഴ്‌സ് അല്ലെങ്കിൽ അതിലുപരി യോഗ്യത നേടിയവരാണ്. കഴിഞ്ഞ വർഷം ഇത് 57 ശതമാനമായിരുന്നു.
കൂടാതെ ഉയർന്ന ശമ്പളമുള്ള ജോലികൾക്കാണ് ഇപ്പോൾ കൂടുതൽ മുൻഗണന നൽകുന്നതെന്നും USCIS വ്യക്തമാക്കി. ഏറ്റവും താഴ്ന്ന ശമ്പള വിഭാഗത്തിൽ ഉൾപ്പെട്ട അപേക്ഷകൾ വെറും 17.7 ശതമാനമാണെന്നും റപ്പോർട്ടിൽ പറയുന്നു.
എച്ച്1ബി പദ്ധതി പൂർണമായും റദ്ദാക്കണമെന്ന് ചില അമേരിക്കൻ രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും, അത്തരമൊരു നീക്കം ഇപ്പോൾ പരിഗണനയിലില്ലെന്ന് അധികൃതർ വ്യക്തമാക്കി. അടുത്ത വർഷത്തേക്കുള്ള പുതിയ രജിസ്‌ട്രേഷൻ നടപടികൾ അടുത്ത വർഷം ആദ്യം ആരംഭിക്കുമെന്നാണ് വിവരം.
ട്രംപ് ഭരണകൂടത്തിന്റെ പുതിയ നയങ്ങൾ മൂലം ഇപ്പോൾ കൂടുതൽ യോഗ്യതയും ഉയർന്ന ശമ്പള വാഗ്ദാനവുമുള്ള അപേക്ഷകർക്ക് മുൻഗണന ലഭിക്കുന്ന സാഹചര്യമാണെന്ന് അമേരിക്കൻ അധികൃതർ വ്യക്തമാക്കി.
എച്ച്1ബി അപേക്ഷകളിൽ 38% ഇടിവ്; 'വിസ ദുരുപയോഗത്തിന്റെ കാലം കഴിഞ്ഞു'വെന്ന് ട്രംപ് ഭരണകൂടം
