വാഷിംഗ്ടൺ: അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള രേഖയായ ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നതിനുള്ള നിയമത്തിൽ മാറ്റം വരുത്തി ട്രംപ് ഭരണകൂടം. ഗ്രീൻ കാർഡിന് അപേക്ഷിച്ചവർ തങ്ങളുടെ മാതൃരാജ്യത്തേക്കോ മറ്റേതെങ്കിലും രാജ്യത്തേക്കോ മാറി കാത്തിരിക്കണമെന്ന് യു.എസ് സിറ്റിസൺസ് ആൻഡ് എമിഗ്രേഷൻ സർവീസസ് (യു.എസ്.സി.ഐ.എസ്) പുറപ്പെടുവിച്ച പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു. ഗ്രീൻ കാർഡിന് പുതുതായി അപേക്ഷിക്കുന്നവർ തങ്ങളുടെ മാതൃരാജ്യത്തുനിന്ന് അപേക്ഷിക്കണമെന്നും നിർദേശത്തിലുണ്ട്.
അമേരിക്കയിൽ സ്ഥിരതാമസത്തിന് അപേക്ഷ നൽകുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇത് ആയിരക്കണക്കിന് തൊഴിൽ, സ്റ്റുഡന്റ് വീസയുള്ളവരെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. യു.എസ് എമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിലെ 245 (എ) സെക്ഷൻ അനുസരിച്ച് താത്കാലിക കുട്ടിയേറ്റേതര സ്റ്റാറ്റസ് കുടിയേറ്റ സ്റ്റാറ്റസിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമം യു.എസിന് പുറത്താണ് നടത്തേണ്ടതെന്ന് മാർഗനിർദേശത്തിൽ പറയുന്നു. യു.എസിലേക്ക് കുടിയേറ്റക്കാരനായി മടങ്ങുന്നതിന് മുമ്പ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ നിന്ന് കുടിയേറ്റ വീസ തേടണം. അത് തൊഴിലധിഷ്ടിതമോ കുടുംബാധിഷ്ടിതമോ നിക്ഷേപക വീസയോ ആകാമെന്നും നിർദേശത്തിലുണ്ട്.
ഗ്രീൻ കാർഡിന് അപേക്ഷിച്ചവർ സ്വന്തം നാട്ടിലേക്ക് മടങ്ങണം: ട്രംപ് ഭരണകൂടം
