ഡാലസ്: മാര്‍ത്തോമ്മ സഭയുടെ അടൂര്‍ ഭദ്രാസനാധ്യക്ഷനും, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് വൈസ് പ്രസിഡന്റും ആയ ബിഷപ്പ് മാത്യൂസ് മാര്‍ സെറാഫിം നാളെ (ഞായര്‍) രാവിലെ 10 മണിക്ക് ആരാധനയ്ക്കും വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷയ്ക്കും ഡാലസ് കാരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവകയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
ന്യൂയോര്‍ക്കില്‍ വെച്ച് നടത്തപ്പെട്ട 35 മത് മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായിട്ടാണ് അമേരിക്കയില്‍ ഹൃസ്വ സന്ദര്‍ശനത്തിനായി ബിഷപ്പ് മാര്‍ സെറാഫിം എത്തിച്ചേര്‍ന്നത്.
നാളെ വൈകിട്ട് 5 മണിക്ക് ഡാലസിലെ പ്ലാനോയിലുള്ള സെഹിയോന്‍ മാര്‍ത്തോമ്മ ഇടവകയുടെ 21 മത് ഇടവക ദിനാഘോഷ ചടങ്ങിലും വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷയ്ക്കും മുഖ്യ നേതൃത്വം നല്‍കും.
ജൂലൈ 14 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് ഡാലസിലെ മെസ്‌ക്വിറ്റ് സെന്റ്.പോള്‍സ് മാര്‍ത്തോമ്മ ഇടവകയില്‍ ആരാധന ശുശ്രൂഷക്ക് നേതൃത്വം നല്‍കും.
ജൂലൈ 15 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മ ഇടവകയില്‍ വെച്ച് ആദ്യമായി ഡാലസില്‍ എത്തിച്ചേര്‍ന്ന ബിഷപ്പ് മാത്യൂസ് മാര്‍ സെറാഫിം എപ്പിസ്‌കോപ്പായ്ക്ക് ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയണല്‍ ആക്ടിവിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡാലസിലെ എല്ലാ മാര്‍ത്തോമ്മ ഇടവകളെയും പങ്കെടുപ്പിച്ചുകൊണ്ട് സമുചിതമായ വരവേല്‍പ്പ് നല്‍കും.
2023 ഡിസംബര്‍ 2 ന് മാര്‍ത്തോമ്മ സഭയുടെ ആസ്ഥാനമായ തിരുവല്ലായില്‍ വെച്ച് നടന്ന ചടങ്ങില്‍ ആണ് സഖറിയാസ് മാര്‍ അപ്രേം, ഡോ.ജോസഫ് മാര്‍ ഇവാനിയോസ് എന്നീവരോടൊപ്പം സഭയില്‍ എപ്പിസ്‌കോപ്പായായത്. മല്ലപ്പള്ളി സ്വദേശിയായ മാര്‍ സെറാഫിം ദീര്‍ഘനാള്‍ സീഹോറ ആശ്രമത്തില്‍ സന്യാസ ജീവിതം നയിക്കുകയായിരുന്നു.
ഡാലസിലെ വിവിധ മാര്‍ത്തോമ്മ ദേവാലയങ്ങളില്‍ വെച്ച് നടത്തപ്പെടുന്ന പ്രസ്തുത ചടങ്ങുകളിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ചുമതലക്കാര്‍ അറിയിച്ചു.
ബിഷപ്പ് മാര്‍ സെറാഫിം ഡാലസ് കാരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവകയില്‍ വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷക്ക് നേതൃത്വം നല്‍കും
