കേരളത്തിൽ 2026ൽ ബിജെപി മുന്നണി അധികാരത്തിൽ വരുമെന്ന് അമിത് ഷാ

കേരളത്തിൽ  2026ൽ ബിജെപി മുന്നണി അധികാരത്തിൽ വരുമെന്ന് അമിത് ഷാ


തിരുവനന്തപുരം: 2026ൽ കേരളത്തിൽ ബിജെപി മുന്നണി അധികാരത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പുകൾക്ക് ബിജെപി പ്രവർത്തകർ ഒരുങ്ങാനും അദ്ദേഹം ആഹ്വാനം ചെയ്തു. മേഖലാ യോഗങ്ങൾ വിളിച്ചുചേർക്കാൻ അമിത് ഷാ നേതാക്കളോട് ആവശ്യപ്പെട്ടു. മാറ്റം വേണമെങ്കിൽ ബിജെപിയെ വിജയിപ്പിക്കണം. കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനമാണ്. ഓഗസ്റ്റിൽ താൻ വീണ്ടും കേരളത്തിലെത്തുമെന്നും തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് വാർഡുതല നേതൃസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു.

കേരളത്തെ എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾ കൊള്ളയടിച്ചുവെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. അഴിമതിയുടെ കാര്യത്തിൽ ഇടതുപക്ഷവും യുഡിഎഫും ഒരുപോലെയാണ്. സ്വർണക്കടത്ത് സർക്കാർ സ്‌പോൺസേർഡ് അഴിമതിയാണ്. സഹകരണ ബാങ്ക് തട്ടിപ്പ്, എക്‌സാലോജിക്, ലൈഫ് മിഷൻ, കെ ഫോൺ, പിപിഇ കിറ്റ്, എഐ കാമറ തട്ടിപ്പ് എന്നിങ്ങനെ ഇടതുപക്ഷത്തിന്റെ അഴിമതി നീളുന്നു. കോൺഗ്രസും ഇക്കാര്യത്തിൽ പിന്നിലല്ല. ബാർ കോഴ, സോളാർ, പാലാരിവട്ടം പാലം തുടങ്ങി നിരവധി അഴിമതികൾ യുഡിഎഫിന്റെ കാലത്തും നടന്നു. മാറ്റമാണ് വേണ്ടതെങ്കിൽ ബിജെപിയെ ഇനി അധികാരത്തിലേറ്റണം. അമിത് ഷാ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോഡി വികസിത ഭാരതം എന്ന സങ്കൽപ്പമാണ് രാജ്യത്തെ 145 കോടി ജനങ്ങൾക്ക് മുമ്പാകെ അവതരിപ്പിച്ചിട്ടുള്ളത്. വികസിത ഭാരതം എന്നത് വികസിത കേരളത്തിൽ കൂടിയാണ് സാധ്യമാകാൻ പോകുന്നത്. ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങൾ വികസിക്കാതെ വികസിത ഭാരതം സാധ്യമാകില്ല. വികസിത കേരളം എന്ന മുദ്രാവാക്യം പ്രധാനമന്ത്രി മുന്നോട്ടുവെച്ചിട്ടുള്ള മൂന്നു കാര്യങ്ങളിലൂന്നിയാണ്. ഒന്നാമത്തേത് അഴിമതിരഹിത ഭരണം, രണ്ടാമത്തേത് വിവേചനമില്ലാത്ത ഭരണം, മൂന്നാമത്തേത് വോട്ടു ബാങ്ക് പ്രീണന രാഷ്ട്രീയം അവസാനിപ്പിച്ചുകൊണ്ടുള്ള വികസനം എന്നിവയാണെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.

കേരളത്തിൽ തഴച്ചു വളർന്ന, പോപ്പുലർഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള മതതീവ്രവാദ രാഷ്ട്രീയത്തെ തടയിട്ടത് നരേന്ദ്രമോഡി സർക്കാരാണ്. പോപ്പുലർ ഫ്രണ്ടിനെതിരെ എന്തു നടപടിയാണ് കേരളത്തിലെ സർക്കാർ സ്വീകരിച്ചത്. പിഎഫ്‌ഐയെ മോഡി സർക്കാർ നിരോധിച്ച ശേഷവും കേരളത്തിൽ അവരുടെ പ്രവർത്തനം സജീവമാണ്. പക്ഷെ കേരളത്തിന് അകത്തും പുറത്തുമുള്ള മതതീവ്രവാദികളെ മുഴുവൻ ജയിലിടാൻ കഴിഞ്ഞത് നരേന്ദ്രമോഡി സർക്കാരിനു മാത്രമാണെന്ന് അമിത് ഷാ പറഞ്ഞു. 3700 കോടിയുടെ റെയിൽ വികസനമാണ് കേരളത്തിൽ നടക്കുന്നത്. അടുത്ത വർഷത്തോടെ രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.