മുംബൈ: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വിമര്‍ശനവുമായി എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ആല്‍പ) രംഗത്ത്. ദുരന്തത്തില്‍ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സമര്‍പ്പിച്ച 15 പേജുള്ള പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലെ ധ്വനിയും ദിശയും പൈലറ്റുമാരുടെ കുറ്റമാണെന്ന മട്ടിലാണെന്നും മുന്‍ധാരണയില്ലാതെ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ സുതാര്യതയും വിശ്വസ്തതയും ഉറപ്പാക്കാന്‍ പൈലറ്റുമാരുടെ പ്രതിനിധികളെ നിരീക്ഷകരാക്കി വയ്ക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷനിലെ അംഗമാണ് ആല്‍പ.