പാക് നടിയുടെ മൃതദേഹം ഫ്‌ളാറ്റില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി

പാക് നടിയുടെ മൃതദേഹം ഫ്‌ളാറ്റില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി


ലാഹോര്‍: പാക് നടിയുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി. ഒന്‍പത് മാസം മുമ്പെങ്കിലും നടി മരിച്ചിട്ടുണ്ടാകുമെന്നാണ് അവശിഷ്ടങ്ങളുടെ പരിശോധനയില്‍ കണ്ടെത്തിയത്. 

പാക് സിനിമാ, സീരിയല്‍ മേഖലയില്‍ സജീവമായിരുന്ന ഹുമൈറ അസ്ഗര്‍ അലിയുടെ മൃതദേഹമാണ് ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്. 2024 ഒക്‌ടോബറിലായിരിക്കാം നടി മരിച്ചതെന്നും പൊലീസ് സര്‍ജന്‍ പറയുന്നു. വാടക നല്‍കുന്നില്ലെന്ന് കാണിച്ച് ഫ്‌ളാറ്റിന്റെ ഉടമസ്ഥന്‍ നല്‍കിയ പരാതിയില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

സെപ്റ്റംബറിലോ ഒക്‌ടോബര്‍ തുടക്കത്തിലോ ആണ് നടിയെ അവസാനമായി പുറത്തു കണ്ടതെന്ന് അയല്‍ക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന നടത്തി ഹുമൈറ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഹുമൈറ ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് എത്തിയത്. അക്കാലം മുതലേ കുടുംബവുമായി അകല്‍ച്ചയിലാണ്.

ഹുമൈറ താമസിച്ചിരുന്ന നിലയില്‍ മറ്റാരുമില്ലാതിരുന്നതിനാല്‍ മൃതദേഹം ജീര്‍ണിച്ചിട്ടും ദുര്‍ഗന്ധമുണ്ടായതായി ആരും പരാതിപ്പെട്ടിരുന്നില്ല. 2024 ഒക്‌ടോബറില്‍ ബില്‍ അടക്കാഞ്ഞതിനെത്തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഹുമൈറയുടെ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബം ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നീട് തയ്യാറായതായും പൊലീസ് വ്യക്തമാക്കി.