ന്യൂഡല്‍ഹി: വിസ ലഭിച്ചാലും അമേരിക്കന്‍ നിയമങ്ങളും ഇമിഗ്രേഷന്‍ ചട്ടങ്ങളും ലംഘിക്കുന്നവരെ തിരിച്ചയക്കുമെന്ന് ഇന്ത്യയിലെ യു എസ് എംബസി മുന്നറിയിപ്പ് നല്‍കി. വിസ അനുവദിക്കുന്നതോടെ എല്ലാ കടമ്പകളും കഴിഞ്ഞെന്നു കരുതേണ്ടെന്നും യു എസ് എംബസി മുന്നറിയിപ്പു നല്‍കി.
വിസ ലഭിച്ചവര്‍ യു എസ് നിയമങ്ങളും ഇമിഗ്രേഷന്‍ ചട്ടങ്ങളും പാലിക്കുന്നുണ്ടോ എന്ന നിരന്തര നിരീക്ഷണം തുടരും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. വിദ്യാര്‍ഥികള്‍ക്കും താത്കാലിക സന്ദര്‍ശകര്‍ക്കുമായി നല്‍കുന്ന വിസകള്‍ക്കുള്ള അപേക്ഷകരോട് സമൂഹമാധ്യമ അക്കൗണ്ടുകള്‍ പബ്ലിക് ആക്കണമെന്നു എംബസി നിര്‍ദേശിച്ചതിനു പിന്നാലെയാണു മുന്നറിയിപ്പ്.
സമൂഹമാധ്യമ ഇടപെടലുകളെക്കുറിച്ചു തെറ്റായ വിവരം നല്‍കുകയും മറച്ചുവയ്ക്കുകയും ചെയ്യുന്നവര്‍ക്കു വിസ നിഷേധിക്കുമെന്നും ഇത്തരക്കാര്‍ക്ക് ആജീവനാന്ത അയോഗ്യത കല്‍പ്പിക്കുമെന്നും എംബസി അറിയിച്ചു.
യു എസ് വിസ എന്നത് അവകാശമല്ല, സവിശേഷാവകാശമാണെന്ന് എംബസി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഓരോ വിസയും ദേശീയ സുരക്ഷ പരിഗണിച്ചു മാത്രമേ അനുവദിക്കുകയുള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കുറഞ്ഞത് അഞ്ചു വര്‍ഷത്തെ സമൂഹമാധ്യമ ഇടപെടലുകള്‍ പരിശോധിച്ച ശേഷമാണ് 2019 മുതല്‍ യു എസ് വിസ അനുവദിക്കുന്നത്. അപേക്ഷകന്‍ യു എസ് നിയമപ്രകാരം സ്വീകാര്യനാണോ എന്നതു പരിശോധിക്കേണ്ടത് അനിവാര്യമെന്നും അധികൃതര്‍ പറഞ്ഞു.
