ഫിലഡല്‍ഫിയ: കേരളം സാമ്പത്തിക പ്രതിസന്ധിയിലാകുന്നത് അന്ധമായ രാഷ്ട്രീയം മൂലമെന്ന് ചാണ്ടി ഉമ്മന്‍ അഭിപ്രായപ്പെട്ടു. ഫിലഡല്‍ഫിയയില്‍ 'ഉമ്മന്‍ ചാണ്ടി സുഹൃദ് വേദി' സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ മറുപടി പ്രസംഗത്തിലാണ്ചാണ്ടി ഉമ്മന്‍ എം എല്‍ എ നിഗമനം വെളിപ്പെടുത്തിയത്.
പണ്ട് വിദേശത്ത് തൊഴില്‍ തേടി കേരള യുവാക്കള്‍ പോയിരുന്നത് ഒരു ദോഷമായി കരുതാനാകാത്ത വിധമായിരുന്നു; ഇന്നത്, കേരളത്തിന്റെ താളം തെറ്റിയ്ക്കുന്ന വിധം അധികമായിരിക്കുന്നു. കേരളത്തില്‍ തന്നെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയും വിധം ടൂറിസവും ആയുര്‍വേദവും അത്തരത്തിലുള്ള പ്രകൃത്യനുയോജ്യ സംരംഭങ്ങളും തുടരാനാകണം.
''എന്റെ പിതാവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ ഭരണത്തില്‍ കേരളത്തിനനുയോജ്യമായ സരംഭങ്ങള്‍ക്ക് പലവട്ടം സാഹചര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത് കേരള ജനത ഓര്‍മ്മിക്കുന്നുണ്ട്. അവയെ പലപ്പോഴും അന്ധമായ രാഷ്ട്രീയത്തിന്റെ പേരില്‍ തടസ്സപ്പെടുത്തിയത് കേരള വളര്‍ച്ചയെ മുരടിപ്പിച്ചു''. ''വിദേശ മലയാളികളുടെ നിര്‍ലോഭമായ സഹായങ്ങള്‍ കേരളത്തിന് എക്കാലത്തും തണലേകുന്നു. യുവാക്കളെ പോസിറ്റീവ് ആയി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സഹായിക്കുന്ന സ്‌പോട്‌സ് കേന്ദ്രങ്ങളും നിരാലംബര്‍ക്ക് ഉമ്മന്‍ ചാണ്ടി സ്മരണയിലുള്ള 53 ഭവനങ്ങളും തയ്യാറാക്കുക എന്ന ദൗത്യം നിറവേറ്റാന്‍ ആഗ്രഹിക്കുന്നു''- ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഫിലഡല്‍ഫിയാ മയൂരാ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജോബി ജോര്‍ജ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിന്‍സന്റ് ഇമ്മാനുവേല്‍ ആമുഖ പ്രസംഗം നിര്‍വഹിച്ചു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ അഭിലാഷ് ജോണ്‍ മുഖ്യആശംസ നേര്‍ന്ന് പ്രസംഗിച്ചു. കുര്യന്‍ രാജന്‍ സ്വാഗതവും ശോശാമ്മ ചെറിയാന്‍ ടീച്ചര്‍ നന്ദിയും പറഞ്ഞു.
ചാണ്ടി ഉമ്മന്റെ നേതൃത്വം, അദ്ദേഹത്തിന്റെ പിതാവിന്റെ ശൈലിയില്‍ കേരളത്തിന് അഭിവൃദ്ധിയ്ക്ക് വഴി തെളിയ്ക്കട്ടെ എന്ന് ഫൊക്കാന, ഫോമ, പമ്പ, മാപ്, ഓര്‍മ, പിയാനോ, ഡബ്ല്യു എം സി എന്നിങ്ങനെ വിവിധ സംഘടനാ പ്രതിനിധികള്‍ ആശസിച്ചു പ്രസംഗിച്ചു.