ലാസ് വേഗാസ്: സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ 2024ലെ പെരുന്നാള്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ ആഘോഷിച്ചു.
2006ല്‍ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിക്കപ്പെട്ട ഈ പള്ളിയില്‍, പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാള്‍ ആണ്, ഇടവകപ്പെരുന്നാള്‍ ആയി ആഘോഷിക്കപ്പെടുന്നത്. പ്രഭാത നമസ്‌കാരവും തുടര്‍ന്ന് പെരുന്നാളിന്റെ വിശുദ്ധ കുര്‍ബ്ബാനയും നടന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ തിരുമേനി പ്രധാന കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി ഫാദര്‍ യോഹന്നാന്‍ പണിക്കര്‍ സഹകാര്‍മ്മികന്‍ ആയിരുന്നു.
പരിശുദ്ധ ദൈവമാതാവിന്റെ മാദ്ധ്യസ്ഥതയില്‍ യാചിക്കുന്നതൊക്കെയും വിശ്വാസികള്‍ക്ക് അനുഗ്രഹപ്രദമായി ദൈവം വര്‍ഷിക്കുമെന്നു മെത്രാപ്പോലീത്താ തന്റെ പ്രസംഗത്തില്‍ എടുത്ത് പറഞ്ഞു. പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഈ ദേവാലയം മുഖേന തങ്ങളുടെ പൈതൃകത്തെ മറക്കാതെ, ക്രൈസ്തവ വിശ്വാസം യുവതലമുറയിലേക്കു പകര്‍ന്നു നല്‍കാന്‍ ഇത്തരം പെരുന്നാളുകളും ആഘോഷങ്ങളും സഹായിക്കുമെന്നതിനാല്‍ പ്രത്യേകം അഭിനന്ദനീയമാണെന്നു തിരുമേനി എടുത്തു പറഞ്ഞു.
തുടര്‍ന്ന് ഇടവക വികാരി യോഹന്നാന്‍ പണിക്കര്‍ അച്ചന്റെ നേതൃത്വത്തില്‍ നടന്ന ഭക്തിനിര്‍ഭരമായ റാസയില്‍ വിശുദ്ധ ബൈബിളും കൊടികളും മുത്തുക്കുടകളും വഹിച്ചുകൊണ്ട്, വിശ്വാസികള്‍ ദൈവമാതാവിന്റെ സ്തുതിഗീതങ്ങളും ആലപിച്ചു പ്രാര്‍ഥനാപൂര്‍വ്വം പങ്കെടുത്തു. തുടര്‍ന്ന്, ദേവാലയത്തില്‍ നടന്ന പരിശുദ്ധ മാതാവിനോടുള്ള മദ്ധ്യസ്ഥപ്രാര്‍ഥനകള്‍ക്ക്, ഇടവക മെത്രാപ്പോലീത്താ കാര്‍മ്മികത്വം വഹിക്കുകയും ശ്ലൈഹീക ആശിര്‍വാദം നല്‍കി വിശ്വാസികളെ അനുഗ്രഹിക്കുകയും ചെയ്തു.
വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം മെത്രാപ്പോലീത്തയ്ക്ക് പ്രത്യേക സ്വീകരണം നല്‍കി. ലാസ് വേഗാസിലെ ഇടവകയുടെ വളര്‍ച്ചക്കു നേതൃത്വം നല്‍കുന്ന പണിക്കര്‍ അച്ചന്റെ നിസ്തുലമായ സേവനം വളറെയധികം പ്രകീര്‍ത്തിക്കപ്പെടുന്നുവെന്നും ഇടവക മുഴുവന്‍ അദ്ദേഹത്തോട് പ്രത്യേകമായി നന്ദി രേഖപ്പെടുത്തുന്നുവെന്നും ഇടവക സെക്രട്ടറി ജോണ്‍ ചെറിയാന്‍ തന്റെ സ്വാഗത പ്രസംഗത്തില്‍ പ്രസ്താവിച്ചു.
ഈ ഇടവകയില്‍നിന്നും വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ ജോവാന ജോണ്‍ (നെവാഡ ബാര്‍ അഭിഭാഷക/ അറ്റോര്‍ണി), റീനു ബാബു (സിപിഎ), റിനി കോളിന്‍സ് ഡിഎന്‍പി (ഡോക്ടര്‍ ഓഫ് നേഴ്സിങ് പ്രാക്ടീസ്) എന്നിവരെ മെത്രാപ്പോലീത്തായും ഇടവക വികാരിയും ചേര്‍ന്ന് അഭിനന്ദിക്കുകയും ചെയ്തു.
കേരളത്തിലെ വയനാട് ദുരന്തത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരാന്‍ സഭ തുടങ്ങിവെച്ച ദുരിതാശ്വാസനിധിയിലേക്കുള്ള ഈ പള്ളിയുടെ സംഭാവന ചെക്കായി ഇടവക വികാരി, ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായെ ഏല്പിച്ചു.
വിഭവസമൃദ്ധമായ ഉച്ച ഭക്ഷണത്തോടെ ഈ വര്‍ഷത്തെ പെരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു.