ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) സംഘടിപ്പിച്ച ആദ്യ ക്രിക്കറ്റ് ലീഗ് ആയ മാഗ് പ്രീമിയര്‍ ലീഗില്‍ (MPL) മിഖായേല്‍ ജോയ് (മിക്കി) നേതൃത്വത്തില്‍ ഷുഗര്‍ലാന്‍ഡ് സുല്‍ത്താന്‍സ് വിജയികളായി. ജൂണ്‍ 22, 2025ന് വൈകിട്ട് സ്റ്റാഫോര്‍ഡ് പാര്‍ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍,സാജന്‍ ജോണ്‍ നേതൃത്വം നല്‍കിയ റിച്ച്മണ്ട് സൂപ്പര്‍ ലയണ്‍സിനെതിരെ സുല്‍ത്താന്‍സ് 127 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയം കരസ്ഥമാക്കി. റിച്ച്മണ്ട് ടീം 15 ഓവറില്‍ 126/8 എന്ന സ്‌കോറിലൊതുങ്ങിയപ്പോള്‍, സുല്‍ത്താന്‍സ് 14.5 ഓവറില്‍ ലക്ഷ്യം മറികടന്നു.
മത്സരം അവസാന നിമിഷം വരെ ആകാംക്ഷയില്‍ ആയിരുന്നു. മിഖായേല്‍ ജോയ് (42 റണ്‍സ്, 27 പന്ത്, 2 ഫോര്‍, 2 സിക്‌സ്) നയിച്ച സുല്‍ത്താന്‍സ് ബാറ്റിങ് നിര മിന്നുന്ന പ്രകടനം കാഴ്ചവച്ചു. വിനോദ് നായര്‍ (32 റണ്‍സ്, 32 പന്ത്) പെറ്റ്‌സണ്‍ മാത്യു (22 റണ്‍സ്, 12 പന്ത്) ടീമിന്റെ വിജയത്തിന് ശക്തമായ പിന്തുണ നല്‍കി. ജോജി ജോര്‍ജ് (17 റണ്‍സ്, 12 പന്ത്)ന്റെ ആക്രമണവും ശ്രദ്ധേയമായി. ഫൈനല്‍ മത്സരത്തില്‍ മോസ്റ്റ് വാല്യൂബിള്‍ പ്ലയെര്‍ ആയി സുല്‍ത്താന്‍സ് ടീം ക്യാപ്റ്റന്‍ മിഖായേല്‍ ജോയ് തിരഞ്ഞെടുക്കപ്പെട്ടു.
റിച്ച്മണ്ട് ബൗളിങ് നിരയില്‍ ബിനു ബെന്നിക്കുട്ടി (2 വിക്കറ്റ്) അരുണ്‍ ജോസ് (2 വിക്കറ്റ്) മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സുല്‍ത്താന്‍സിന്റെ ശക്തമായ ബാറ്റിങ് നിര അവരെ പരാജയപ്പെടുത്തി. റിച്മണ്ട് ടെക്‌സാസ് സൂപ്പര്‍ ലയന്‍സിനു വേണ്ടി ശ്രീജി ശ്രീനിവാസന്‍ (40 റണ്‍സ്, 31 പന്ത്), ബിനു ബെന്നിക്കുട്ടി (34 റണ്‍സ്, 24 പന്ത്) മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു. അത്യന്തം ആവേശകരമായ നാടകീയ നിമിഷങ്ങള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് സമ്മാനിച്ചു കൊണ്ടാണ് ഷുഗര്‍ലാന്‍ഡ് സുല്‍ത്താന്‍സ് കിരീടം ഉയര്‍ത്തിയത്.
രാവിലെ നടന്ന സെമിഫൈനലില്‍ ലീഗ് സിറ്റി കൊമ്പന്‍സ് (88/7)നെ പരാജയപ്പെടുത്തി റിച്മണ്ട് ടെക്‌സസ് സൂപ്പര്‍ (89/6) ഫൈനലില്‍ കടന്നു. രണ്ടാം സെമിയില്‍ സിയന്നാ സൂപ്പര്‍ കിംഗ്‌സ് (118/7) ഷുഗര്‍ ലാന്‍ഡ് സുല്‍ത്താന്‍സ് (119/2)നെ മറികടന്ന് ഫൈനല്‍ പ്രവേശനം നേടി.
21ജൂണ്‍ രാവിലെ 7.30ന് ഒന്നാം പാദ മത്സരങ്ങള്‍ പെര്‍ലാന്‍ഡ് ടോംബാസ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിച്ചു. മത്സരങ്ങള്‍ മാഗ് പ്രസിഡന്റ് ജോസ് കെ ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന വേദിയില്‍ വര്‍ണ്ണാഭമായ ജേഴ്‌സികളും അണിഞ്ഞ് ടീം പതാകകളുമായി അണിനിരന്നു. അതിനൊക്കെ ഉയരെ എം പി എല്‍ പതാകയും. സിയന്നാ സൂപ്പര്‍ കിംഗ്‌സിന്റെതായിരുന്നു ഏറ്റവും മികച്ച പ്രകടനം. ടീം ഉടമകളായ ബിജോയി, ലതീഷ്, സന്ദീപ് എന്നിവരുടെ നേതൃത്വത്തില്‍ കുടുംബാംഗങ്ങളും പങ്കുചേര്‍ന്ന് വര്‍ണ്ണാഭമായ ബലൂണുകളും ബാനറുകളും ഉയര്‍ത്തി, അകമ്പടിയായി ചെണ്ടമേളവും ഒന്നായി ചേര്‍ന്ന് ഒരു ഉത്സവം അവര്‍ ഒരുക്കി.
തുടര്‍ന്ന് 12 മത്സരങ്ങളിലായി ലീഗ് സിറ്റി കൊമ്പന്‍സ്, സിയെന്ന സൂപ്പര്‍ കിങ്‌സ്, ഷുഗര്‍ ലാന്‍ഡ് സുല്‍ത്താന്‍സ്, റിച്മണ്ട് ടെക്‌സസ് സൂപ്പര്‍ ലയന്‍സ്, പേര്‍ലന്‍ഡ് പാന്തേര്‍സ്, സ്റ്റാഫോര്‍ഡ് ലയന്‍സ്, റിവെര്‍സ്‌റ്റോണ്‍ ജയ്ന്റ്‌സ്, മിസോറി സിറ്റി ഫാല്‍ക്കന്‍ എന്നീ ടീമുകള്‍ മാറ്റുരച്ചു.
ജിമ്മി സ്‌കറിയ (സിയന്നാ സൂപ്പര്‍ കിങ്‌സ്) 118 റണ്‍സുമായി ടൂര്‍ണമെന്റിന്റെ മികച്ച സ്‌കോറര്‍ ആയി. ജിതിന്‍ ടോം ( മിസോറി സിറ്റി ഫാല്‍ക്കന്‍) 114 റണ്‍സുമായി രണ്ടാം സ്ഥാനത്ത് എത്തി. ആകാശ് നായര്‍ (റിച്മണ്ട് സൂപ്പര്‍ ലയന്‍സ്) 8 വിക്കറ്റുമായി മികച്ച ബൗളര്‍ ആയി. ജോജി ജോര്‍ജ് (ഷുഗര്‍ ലാന്‍ഡ് സുല്‍ത്താന്‍സ്) 7 വിക്കറ്റുമായി രണ്ടാം സ്ഥാനത്ത് എത്തി. ജിതിന്‍ ടോം ( മിസോറി സിറ്റി ഫാല്‍ക്കന്‍) 10 സിക്‌സറുകള്‍ പറത്തി 86 റണ്‍സുമായി മികച്ച വ്യക്തിഗത സ്‌കോററുമായി.
ബിനു ബെന്നിക്കുട്ടി (റിച്മണ്ട് സൂപ്പര്‍ ലയണ്‍സ്) 267 പോയിന്റ് നേടി മികച്ച കളിക്കാരന്‍ ആയപ്പോള്‍ ജോജി ജോര്‍ജ്( ഷുഗര്‍ ലാന്‍ സുല്‍ത്താന്‍സ്) 253 പോയിന്റ് കളും ആയി തൊട്ടു പുറകില്‍ എത്തി. സിയെന്ന സൂപ്പര്‍ കിംഗ്‌സ് ഫെയര്‍പ്ലേ അവാര്‍ഡ് നേടി.
ചരിത്രം രചിച്ച് മാഗ് പ്രീമിയര്‍ ലീഗ് കപ്പുയര്‍ത്തി ഷുഗര്‍ലന്‍ഡ് സുല്‍ത്താന്‍സ്, റിച്മണ്ട് ടെക്‌സസ് സൂപ്പര്‍ കിങ്‌സ് റണ്ണേഴ്‌സ് അപ്പ്
