അമേരിക്കന്‍ സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍

അമേരിക്കന്‍ സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍


ഹൂസ്റ്റണ്‍ : അമേരിക്കയുടെ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ച് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (MAGH). ടെക്‌സാസിലെ സ്റ്റാഫോര്‍ഡിലുള്ള കേരള ഹൗസില്‍ പ്രൗഢഗംഭീരമായ ചടങ്ങുകളാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്നത്. ചടങ്ങില്‍ സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, ഫോര്‍ഡ്ബന്‍ഡ് കൗണ്ടി ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍ എന്നിവര്‍ മുയഖ്യാതിഥികള്‍ ആയിരുന്നു. കെന്‍ മാത്യുവും സുരേന്ദ്രന്‍ പട്ടേലും ചേര്‍ന്ന് അമേരിക്കന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രസിഡന്റ് ജോസ് കെ ജോണ്‍ ഇന്ത്യന്‍ പതാകയും ഉയര്‍ത്തി.

അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങള്‍ ദേശഭക്തിയുടെ അലകള്‍ തീര്‍ത്തു. അങ്ങകലെ ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്ന് വടക്കേ അമേരിക്കയിലേക്ക് എത്തിച്ചേര്‍ന്ന നമ്മള്‍ ഭാരതീയര്‍ക്ക് ഇന്ത്യയോടൊപ്പം തന്നെ സ്‌നേഹവും കൂറും ഈ രാജ്യത്തോടും ഉണ്ടെന്ന് വിളിച്ചോതുന്നതായിരുന്നു എത്തിച്ചേര്‍ന്ന സമൂഹവും വര്‍ണ്ണാഭമായ ചടങ്ങുകളും. അമേരിക്കന്‍ ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ വലതു കൈ അവര്‍ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു. ഏതാണ്ട് നാല്‍പതും അന്‍പതും വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കയിലേക്ക് എത്തിച്ചേര്‍ന്നവര്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു ഈ നാട് ഇവിടെയുള്ള മലയാളികള്‍ക്ക് മറ്റ് ഇന്ത്യക്കാര്‍ക്ക് തന്ന സ്‌നേഹവും പരിഗണനയും അവസരങ്ങളും ചൂണ്ടിക്കാണിച്ചു. ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് കിട്ടുന്ന അവസരങ്ങളെ അഴിമതിരഹിതമായും ജനോപകാരപ്രദമായും ഉപയോഗിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഫോര്‍ഡ്ബന്‍ഡ് ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. ഈ രാജ്യത്തിന്റെ ഭരണസിരാകേന്ദ്രങ്ങളില്‍ സാന്നിധ്യമായ മലയാളികളെ അദ്ദേഹം ഓര്‍ത്തതോടൊപ്പം ഈ അവസരങ്ങള്‍ ഉണ്ടാകുവാനും ഉണ്ടാക്കുവാനും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഒരു ചവിട്ടുപടിയായി എന്ന് അനുസ്മരിച്ചു. ഒപ്പം മലയാളി അസോസിയേഷനു വേണ്ടി അതിന്റെ ആരംഭ കാലം മുതല്‍ നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച എല്ലാവരെയും മുന്‍പോട്ടു വിളിച്ച് അദ്ദേഹം അനുമോദിച്ചു.
ഭാരതം നമ്മുടെ പെറ്റമ്മ യാണെങ്കില്‍ അമേരിക്ക നമ്മുടെ പോറ്റമ്മയാണ് എന്ന് പ്രസിഡന്റ് ജോസ് കെ ജോണ്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ അനുസ്മരിച്ചു.ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ ജോജി ജോസഫ് ആശംസാ പ്രസംഗം നടത്തി. സെക്രട്ടറി രാജേഷ് വര്‍ഗീസ് സ്വാഗതം ആശംസിച്ചു. ട്രഷറര്‍ സുജിത്ത് ചാക്കോ നന്ദി രേഖപ്പെടുത്തി. പി ആര്‍ ഓ ജോണ്‍ ഡബ്ലിയു വര്‍ഗീസ് അവതാരകനായിരുന്നു.മാത്യൂസ് ചാണ്ടപിള്ള, ക്രിസ്റ്റഫര്‍ ജോര്‍ജ്, ജോസഫ് കൂനാതന്‍ (തങ്കച്ചന്‍), സുനില്‍ തങ്കപ്പന്‍, അലക്‌സ് മാത്യു, മോന്‍സി കുര്യാക്കോസ് (മാനേജര്‍) എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.മുന്‍ പ്രസിഡന്റ് മാരായ എബ്രഹാം കെ ഈപ്പന്‍ ( നാഷണല്‍ സെക്രട്ടറി, ഫൊക്കാന ഇന്റര്‍നാഷണല്‍), എസ് കെ ചെറിയാന്‍, മാത്യു മത്തായി, പൊന്നുപ്പിള്ള, തോമസ് ചെറുകര, ജോണി കുന്നക്കാട്ട്, ജെയിംസ് ജോസഫ്, തോമസ് ഒലിയാങ്കുന്നേല്‍, മാര്‍ട്ടിന്‍ ജോണ്‍, ജോജി ജോസഫ്, ജോസഫ് ഓലിക്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മുന്‍ ജനറല്‍ സെക്രട്ടറിമാര്‍, ട്രസ്റ്റിമാര്‍, ബോര്‍ഡ് മെമ്പേഴ്‌സ് തുടങ്ങി നൂറിലധികം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഫോമാ നേതാക്കന്മാരായ മാത്യു വര്‍ഗീസ് (ഫ്‌ലോറിഡ), ജോണ്‍സണ്‍ ജോസഫ് (കാലിഫോര്‍ണിയ), ജോസഫ് ഔസോ (കാലിഫോര്‍ണിയ) എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. പ്രഭാതവിരുന്നും ഒരുക്കിയിരുന്നു.