ഷിക്കാഗോ: സെന്തോമസ് സിറോ മലബാര്‍ രൂപതാ സ്ഥാപനത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെയും അഭിവന്ദ്യ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലിയുടെയും ഭാഗമായി ഷിക്കാഗോയില്‍ സംഘടിപ്പിക്കുന്ന മലയാളി സിസ്റ്റേഴ്‌സിന്റെ സംഗമത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി. അമേരിക്കയില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്‌സിന്റെയും ഈ സംഗമം ഷിക്കാഗോ ബെന്‍സെന്‍വില്ല സേക്രഡ് ഹേര്‍ട്ട് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ ഏപ്രില്‍ 17, 18 തിയ്യതികളിലാണ് നടക്കുക. ഷിക്കാഗോയിലെ സിറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയുടെയും സേക്രഡ് ഹാര്‍ട്ട്, സെന്റ് മേരീസ് ക്‌നാനായ ഇടവകകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന സംഗമത്തിന്റെ ഒരുക്കങ്ങള്‍ ബെന്‍സന്‍വില്‍ ദേവാലയത്തില്‍ നടന്ന സ്വാഗതസംഘം വിലയിരുത്തി.
വികാരി ജനറാള്‍മാര്‍ ആയ ഫാദര്‍ തോമസ് മുളവനാല്‍, ഫാദര്‍ ജോണ്‍ മേലേപ്പുറത്ത്, വികാരി ജനറാളും കത്തീഡ്രല്‍ പള്ളി വികാരിയുമായ ഫാദര്‍ തോമസ് കടുകപ്പള്ളില്‍, രൂപതാ ചാന്‍സലര്‍ ഫാ. ജോണ്‍സണ്‍ കോവൂര്‍പുത്തന്‍പുരയില്‍, ബെന്‍സെന്‍വില്ല സേക്രഡ് ഹാര്‍ട്ട് പള്ളി വികാരി ഫാ. അബ്രഹാം കളരിക്കല്‍, മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് വികാരി ഫാ. സിജു മുടക്കോടില്‍, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ ടോണി പുല്ലാപ്പള്ളി എന്നിവരും വിവിധ കമ്മിറ്റി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന സിസ്റ്റേഴ്‌സില്‍ നിന്നും വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ഈ സംഗമത്തില്‍ ഇതുവരെ ഏകദേശം 225 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് വികാരി ജനറല്‍ ഫാ. തോമസ് മുളവനാല്‍ അറിയിച്ചു.
ഏപ്രില്‍ 17 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പ്രോഗ്രാം വൈകുന്നേരം അഞ്ചുമണിക്കുള്ള സമൂഹബലിയോടെ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടും. തുടര്‍ന്ന് വിശിഷ്ട അതിഥികളുടെ മഹനീയ സാന്നിധ്യത്തില്‍ പൊതുസമ്മേളനം നടക്കും. പതിനെട്ടാം തിയ്യതി ശനിയാഴ്ച ഉച്ചയോടെ സമ്മേളനം അവസാനിക്കും. വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന സമൂഹബലിയിലും പൊതുസമ്മേളനത്തിലും തുടര്‍ന്നുള്ള കലാപരിപാടിയിലും പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാവുന്നതാണ്.
ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത മലയാളികളായ സമര്‍പ്പിത സന്യാസിനി സമൂഹാംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ഈ സംഗമത്തില്‍ പങ്കാളികള്‍ ആകണമെന്ന് സംഘാടക സമിതി അഭ്യര്‍ഥിച്ചു.
റെജിസ്‌ട്രേഷന് ജയിംസ് മന്നാകുളം (312 622 3326), സി. ലിസ്സാ (281 919 9583) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
