ജെറുസലേം: യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാനെതിരായ ഇസ്രയേല്‍- അമേരിക്ക സൈനിക നീക്കത്തില്‍ ചേരണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആഹ്വാനം ചെയ്തു. തെക്കന്‍ നഗരമായ അരാദില്‍ മിസൈല്‍ ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള ഡിഗോ ഗാര്‍ഷ്യയിലെ യു കെ- യു എസ് സൈനിക താവളത്തെ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി. വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളില്‍ ഒന്ന് വിജയകരമായി തടഞ്ഞപ്പോള്‍ മറ്റൊന്ന് ലക്ഷ്യത്തിലെത്തുന്നതില്‍ പരാജയപ്പെട്ടു. എങ്കിലും, ഇറാന്റെ മിസൈല്‍ ശേഷി മുന്‍പ് കരുതിയതിലേറെ വ്യാപകമാണെന്ന് ഈ ആക്രമണം തെളിയിക്കുന്നതായി നെതന്യാഹു പറഞ്ഞു.
ഏകദേശം നാലായിരം കിലോമീറ്റര്‍ ദൂരമുള്ള ഇന്റര്‍കോണ്ടിനന്റല്‍ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചതോടെ ഇപ്പോള്‍ യൂറോപ്പില്‍ എത്താനുള്ള ശേഷിയുണ്ടെന്നും അവര്‍ ഇതിനകം തന്നെ യൂറോപ്യന്‍ രാജ്യങ്ങളായ സൈപ്രസിനെ ലക്ഷ്യമാക്കി ആക്രമണം നടത്തിയിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.
ഇറാന്‍ എല്ലാവരെയും ലക്ഷ്യമിടുകയാണെന്നും അന്താരാഷ്ട്ര കടല്‍ഗതാഗതവും ഊര്‍ജവിതരണ മാര്‍ഗവും തടസപ്പെടുത്തുകയും ലോകത്തെ മുഴുവന്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നും ഹോര്‍മുസ് കടലിടുക്ക് തടസ്സപ്പെടുത്തിയ സംഭവത്തെ പരാമര്‍ശിച്ച് നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ലോകത്തെ ഭീഷണിപ്പെടുത്തുന്ന ഈ ഭരണകൂടത്തെ തടയേണ്ടത് അനിവാര്യമാണെന്നും ഇസ്രയേലും അമേരിക്കയും ലോകത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞ നെതന്യാഹു മറ്റ് രാജ്യങ്ങളിലെ നേതാക്കളും ഇതില്‍ പങ്കുചേരേണ്ട സമയം എത്തിയിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അന്താരാഷ്ട്ര പിന്തുണയുടെ അഭാവത്തെക്കുറിച്ച് നിരന്തരം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജെറുസലേമിലെ വിശുദ്ധ കേന്ദ്രങ്ങള്‍ക്ക് സമീപം ഇറാന്‍ നടത്തിയ ആക്രമണങ്ങളെയും നെതന്യാഹു ശക്തമായി അപലപിച്ചു.
മൂന്ന് പ്രധാന ഏകദൈവ മതങ്ങളുടെ വിശുദ്ധ കേന്ദ്രങ്ങള്‍ക്കടുത്ത് ഇറാന്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ച നെതന്യാഹു വെസ്റ്റേണ്‍ വാള്‍, ചര്‍ച്ച് ഓഫ് ഹോളി സെപല്‍ച്ചര്‍, അല്‍ അഖ്‌സ മോസ്‌ക് എന്നിവ അത്ഭുതകരമായാണ് കേടുപാടുകള്‍ സംഭവിക്കാതെ രക്ഷപ്പെട്ടതെന്നും ഈ കേന്ദ്രങ്ങളെയാണ് അവര്‍ ലക്ഷ്യമിട്ടതെന്നും പറഞ്ഞു.
ഇസ്രയേല്‍ സാധാരണ ജനങ്ങളെ ലക്ഷ്യമിടുന്നില്ലെന്നും ഇറാന്റെ ഭരണകൂടത്തെയും ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനേയും ലക്ഷ്യമിട്ടാണ് ശക്തമായ പ്രതികരണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കളെയും സൈനിക സൗകര്യങ്ങളെയും സാമ്പത്തിക വിഭവങ്ങളെയും ലക്ഷ്യമിട്ട് നടപടികള്‍ തുടരുന്നതായും പറഞ്ഞു.
ഇറാന്റെ ആണവ പദ്ധതിയും മിസൈല്‍ പദ്ധതിയും പൂര്‍ണമായി തകര്‍ക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അതിലേക്കുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. കൂടാതെ, ഇറാന്‍ ജനങ്ങള്‍ക്ക് ഭരണകൂടത്തെ മാറ്റാന്‍ സാഹചര്യം സൃഷ്ടിക്കുകയാണ് മറ്റൊരു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
