ഡാലസ്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന യുവജന സഖ്യത്തിന്റെ ഇരുപത്തി രണ്ടാമത് ഭദ്രാസന കോണ്‍ഫറന്‍സ് ഭദ്രാസനാധ്യക്ഷന്‍ ബിഷപ് ഡോ. എബ്രഹാം മാര്‍ പൗലോസ് ഉദ്ഘാടനം ചെയ്തു.
ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ദേവാലയത്തിന്റെ ഇവന്റ് സെന്ററില്‍ ഉദ്ഘാടന ചടങ്ങില്‍ വിശ്വാസത്തിന്റെ പൈതൃകം നല്‍കി തലമുറയെ വാര്‍ത്തെടുക്കേണ്ടതിന്റെ ആവശ്യകത ഈ കാലഘട്ടത്തിന്റെ ഏറ്റവും പ്രാധാന്യമേറിയതാണന്ന് ബിഷപ് ഡോ. മാര്‍ പൗലോസ് സൂചിപ്പിച്ചു.
ചടങ്ങില്‍ വെരി റവ. ഡോ. ചെറിയാന്‍ തോമസ് (മുന്‍ മാര്‍ത്തോമ്മാ സഭാ സെക്രട്ടറി), റവ. സാം കെ ഈശോ (ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ്), ബിജി ജോബി (ഭദ്രാസന യുവജനസഖ്യം സെക്രട്ടറി), ബിജു മാത്യു (കോപ്പല്‍ സിറ്റി കൗണ്‍സില്‍ മെമ്പര്‍) എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. കോണ്‍ഫറന്‍സ് പ്രസിഡന്റ് റവ. അലക്‌സ് യോഹന്നാന്‍ സ്വാഗതവും കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനര്‍ ജോബി ജോണ്‍ നന്ദിയും അറിയിച്ചു.
കോണ്‍ഫറന്‍സിന് ബാംഗ്‌ളൂര്‍ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ സെന്റര്‍ ഡയറക്ടറും വികാരി ജനറാളും ആയ റവ. ഡോ. ശ്യാം പി തോമസ് മുഖ്യ നേതൃത്വവും വിവിധ സെഷനുകളില്‍ റവ. ജോസഫ് ജോണ്‍, റവ. എബ്രഹാം കുരുവിള, റവ. എബ്രഹാം തോമസ്, ഷിനോദ് മാത്യു, ഡോ. ഏബല്‍ മാത്യു, സിസില്‍ ചെറിയാന്‍ സിപിഎ, ദിലീപ് ജേക്കബ്, ജോതം സൈമണ്‍ എന്നിവര്‍ നേതൃത്വം നല്‍കും.
കോണ്‍ഫന്‍സിനോട് അനുബന്ധിച്ച് വിശ്വാസ തികവുള്ള ഭാവി എന്ന മുഖ്യ ചിന്താവിഷയത്തെ അധികരിച്ച് മാര്‍ത്തോമ്മാ യുവജനസഖ്യം ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് അവതരിപ്പിച്ച സ്‌കിറ്റ്, ഗായക സംഘംത്തിന്റെ തീം സോങ് എന്നിവ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
ഭദ്രാസനത്തിന്റെ വിവിധ ഇടവകളില്‍ നിന്നായി ഏകദേശം 400ല്‍പരം യുവജനസഖ്യാംഗങ്ങളും അനേക വൈദികരും പങ്കെടുക്കുന്ന കോണ്‍ഫറന്‍സ് ഞായറാഴ്ച ആരാധനയോടും വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷയോടും കൂടെ പര്യവസാനിക്കും.