നോര്‍ത്ത് കരോലിന: നോര്‍ത്ത് കരോലിനയിലുള്ള മണ്‍റോ മേയര്‍ റോബര്‍ട്ട് ബേണ്‍സ് പാമ്പ് കടിയേറ്റ ഭാര്യയെ രക്ഷപ്പെടുത്തിയതിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ നന്ദി രേഖപ്പെടുത്തി. കൃത്യസമയത്ത് മികച്ച ചികിത്സ നല്‍കിയ ആശുപത്രി ജീവനക്കാര്‍ക്കും പ്രാര്‍ഥനകളുമായി കൂടെനിന്ന നാട്ടുകാര്‍ക്കും മേയര്‍ നന്ദി പറഞ്ഞു.
മേയറുടെ ഭാര്യ ലോറന് വിഷപ്പാമ്പായ കോപ്പര്‍ഹെഡിന്റെ കടിയോണ് ഏറ്റത്. വീട്ടുമുറ്റത്തെ മര ഊഞ്ഞാലിന് സമീപം നില്‍ക്കുമ്പോഴായിരുന്നു നാലടി നീളമുള്ള പാമ്പ് അവരെ കടിച്ചത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച ലോറന്റെ നില നിലവില്‍ തൃപ്തികരമാണ്. ആന്റി വെനം നല്‍കേണ്ടി വന്നില്ലെങ്കിലും അവര്‍ കഠിനമായ വേദന അനുഭവിക്കുന്നുണ്ടെന്ന് മേയര്‍ അറിയിച്ചു.
നോര്‍ത്ത് കരോലിനയില്‍ കാണപ്പെടുന്ന വിഷപ്പാമ്പുകളില്‍ ഒന്നാണ് കോപ്പര്‍ഹെഡ്. ഇവയുടെ കടി മാരകമല്ലെങ്കിലും അസഹനീയമായ വേദന ഉണ്ടാക്കും.
ആശങ്കകള്‍ക്കിടയിലും, 'തന്റെ ഭാര്യക്ക് വേണ്ടി കോപ്പര്‍ഹെഡ് പാമ്പിന്റെ തോല്‍ കൊണ്ടുള്ള ബൂട്ട്‌സ് സമ്മാനമായി നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന്' തമാശരൂപേണ മേയര്‍ കുറിച്ചു.
