സെന്റ് ജേക്കബ്‌സ് സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ എം പി ഗാര്‍നെറ്റ് ജെന്യൂസ് യുവജനങ്ങളുമായി സംവദിച്ചു

സെന്റ് ജേക്കബ്‌സ് സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ എം പി ഗാര്‍നെറ്റ് ജെന്യൂസ് യുവജനങ്ങളുമായി സംവദിച്ചു


എഡ്മന്റണ്‍: ഷെര്‍വുഡ് പാര്‍ക്ക്‌ഫോര്‍ട്ട് സാസ്‌കാച്ചവന്‍ മണ്ഡലം എം പി ഗാര്‍നെറ്റ് ജെന്യൂസ് എഡ്മന്റണിലെ സെന്റ് ജേക്കബ്‌സ് സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയം സന്ദര്‍ശിച്ച് യുവജനങ്ങളുമായി സംവാദം നടത്തി. ബില്‍ഡിംഗ് യുവര്‍ ഫീച്ചര്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാനഡയിലെ സമകാലിക സാഹചര്യങ്ങളും തൊഴില്‍ഭാവി സാധ്യതകളും ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ യുവജനങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് എം പി മറുപടികള്‍ നല്‍കി.

സാമൂഹികവും സാമ്പത്തികവുമായ മാറ്റങ്ങളിലൂടെയുണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച എം പി രാജ്യത്തിന്റെ ഭാവി നിര്‍ണയത്തില്‍ യുവജനങ്ങളുടെ പങ്ക് നിര്‍ണായകമാണെന്ന് വ്യക്തമാക്കി. യുവാക്കള്‍ക്ക് നേതൃത്വം ഏറ്റെടുക്കാനും സമൂഹമാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാനും കഴിയേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടവക വികാരി ഫാ. തോമസ് പൂതിയോട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പള്ളി സെക്രട്ടറി ജോര്‍ജി ചെറിയാന്‍ സ്വാഗതപ്രസംഗം നിര്‍വഹിച്ചു, എംജിസോസ യൂത്ത് സ്പിരിച്ചുവല്‍ അഡൈ്വസര്‍ ഡോ. ജോബിന്‍ ചാക്കോ സംവാദ സെഷന്‍ മോഡറേറ്റ് ചെയ്തു. പള്ളി വൈസ് പ്രസിഡന്റ് ഷാജി ചെറിയാന്‍, ട്രഷറര്‍ ജിമ്മി എബ്രഹാം, സുറിയാനി ഓര്‍ത്തഡോക്‌സ് സഭ കാനഡ കൗണ്‍സില്‍ അംഗം എബി നെല്ലിക്കല്‍ എന്നിവര്‍ ചേര്‍ന്ന് എം പിക്ക് ദേവാലയത്തിന്റെ ഉപഹാരം സമര്‍പ്പിച്ചു. യൂത്ത് അസോസിയേഷന്‍ സെക്രട്ടറി മെറിന്‍ ഷിജോ ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.

ഇടവകാംഗങ്ങളും യുവജനങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.