ഫിലഡല്‍ഫിയ: അമേരിക്കയുടെ 250- ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് പെന്‍സില്‍വാനിയ അസോസിയേഷന്‍ ഓഫ് മലയാളീസ് ഫോര്‍ പ്രോസ്‌പെരിറ്റി ആന്‍ഡ് അഡ്വാന്‍സ്‌മെന്റ് (പമ്പ) ഫിലഡല്‍ഫിയയിലെ ഗാലേറിയ ബാങ്ക്വറ്റ് ഹാളില്‍ ആഘോഷം സംഘടിപ്പിച്ചു. അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250 വര്‍ഷത്തെ മഹത്തായ പൈതൃകത്തെയും ഇന്ത്യന്‍- അമേരിക്കന്‍ സമൂഹത്തിന്റെ സംഭാവനകളെയും ഒരുപോലെ ആദരിച്ച ആഘോഷത്തില്‍ നഗര, സംസ്ഥാന തലങ്ങളിലെ ജനപ്രതിനിധികളും പൊതുസുരക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ ദേശീയ- പ്രാദേശിക സംഘടനകളുടെ നേതാക്കളും സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.
സാമൂഹിക സൗഹൃദ സമ്മേളനത്തോടെയും സംഗീതവിരുന്നോടെയും ആരംഭിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സുമോദ് നേതൃത്വം നല്‍കി. ജോയിന്റ് സെക്രട്ടറി അഭിലാഷ് ജോണ്‍ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിച്ചു. പമ്പ പ്രസിഡന്റ് അലക്‌സ് തോമസ്, പെന്‍സില്‍വാനിയ സ്റ്റേറ്റ് സെനറ്റര്‍ ഷരീഫ് സ്ട്രീറ്റ്, ഫിലഡല്‍ഫിയ സിറ്റി കൗണ്‍സില്‍ അംഗങ്ങളായ ഡോ. നീന അഹമ്മദ്, മൈക്കല്‍ ഡ്രിസ്‌കോള്‍, ഫിലഡല്‍ഫിയ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മൈക്ക് ക്രാം, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് ഓലിക്കല്‍, ട്രഷറര്‍ ജോയ് തട്ടാരുകുന്നേല്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ സുധ കര്‍ത്ത, ട്രൈ-സ്റ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ ലെനോ സ്‌കറിയ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
റെവ. എം. കെ. കുര്യാക്കോസ് അമേരിക്കയുടെ 250 വര്‍ഷത്തെ യാത്രയ്ക്ക് നന്ദി അര്‍പ്പിച്ച പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. അമേരിക്കന്‍ ദേശീയഗാനം ഏയ്ഞ്ചല്‍ മേരി റേച്ചല്‍ തോമസും ഇന്ത്യന്‍ ദേശീയഗാനം സൗമ്യ തോമസും ആലപിച്ചു.
ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് ഓലിക്കല്‍ സ്വാഗതപ്രസംഗത്തില്‍ അമേരിക്കന്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങളെയും മലയാളി സമൂഹത്തിന്റെ സാമൂഹിക ഉത്തരവാദിത്വത്തെയും എടുത്തുപറഞ്ഞു. പമ്പ പ്രസിഡന്റ് അലക്‌സ് തോമസ് അധ്യക്ഷ പ്രസംഗത്തില്‍ അമേരിക്ക നല്‍കിയ അവസരങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുകയും സമൂഹ ഐക്യവും പൊതുസേവനവും ശക്തിപ്പെടുത്താന്‍ എല്ലാവരും കൈകോര്‍ക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
ഡോ. ഈപ്പന്‍ ഡാനിയേല്‍ അവതരിപ്പിച്ച 'അമേരിക്കയുടെ 250 വര്‍ഷങ്ങള്‍' ഡോക്യുമെന്ററി അമേരിക്കയുടെ സ്വാതന്ത്ര്യ സമരചരിത്രവും ഭരണഘടനാപരമായ വളര്‍ച്ചയും ജനാധിപത്യ പാരമ്പര്യവും സവിശേഷമായി അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസ നേടി.
തുടര്‍ന്ന് പൊതുസുരക്ഷാ വിഭാഗത്തിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ മൈക്ക് ക്രാം, ഫിലഡല്‍ഫിയ സിറ്റി കൗണ്‍സില്‍ അംഗം ഡോ. നീന അഹമ്മദ് എന്നിവരെ ആദരിച്ചു.
ഫിലഡല്‍ഫിയയിലെ മലയാളി സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായക സംഭാവന നല്‍കിയ പയനിയര്‍ സമൂഹനേതാവ് പി ടി മാത്യുവിനെ അനുമോദിച്ചു.
1998 മുതല്‍ 2026 വരെ പമ്പയെ നയിച്ച മുന്‍ പ്രസിഡന്റുമാരെ ആദരിച്ചു. ഫിലഡല്‍ഫിയ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മൈക്ക് ക്രാംയും ഫിലഡല്‍ഫിയ സിറ്റി കൗണ്‍സില്‍ അംഗം ഡോ. നീന അഹമ്മദും ചേര്‍ന്നാണ് മുന്‍ പ്രസിഡന്റുമാര്‍ക്ക് ആദര ഫലകങ്ങള്‍ വിതരണം ചെയ്തത്. പൊതുസുരക്ഷാ വിഭാഗത്തില്‍ സേവനം അനുഷ്ടിക്കുന്നവരെ ആദരിക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മൈക്ക് ക്രാം, ക്യാപ്റ്റന്‍ ടി ജെ തോംസണ്‍, സര്‍ജന്റ് ബ്ലെസണ്‍ മാത്യു എന്നിവര്‍ക്ക് പൊതുസുരക്ഷാ രംഗത്തെ മാതൃകാപരമായ സേവനത്തിന് പ്രത്യേക അംഗീകാര ഫലകങ്ങള്‍ സമ്മാനിച്ചു..
ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ സുധ കര്‍ത്ത, ഫൊക്കാന പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റ് ഷാജി സാമുവല്‍, ട്രൈ-സ്റ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ ലെനോ സ്‌കറിയ, കോട്ടയം അസോസിയേഷന്‍ പ്രസിഡന്റ് ജീമോന്‍ ജോര്‍ജ്, ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ പ്രതിനിധി ജോര്‍ജ് ജോസഫ്, പിയാനോ പ്രതിനിധി ലൈല മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
മാതാ ഡാന്‍സ് അക്കാദമിയുടെ നൃത്താവതരണങ്ങളും ജെറോണ്‍ ജോജിയുടെ കലാപരിപാടിയും ആഘോഷത്തിന് മാറ്റുകൂട്ടി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ അറ്റോര്‍ണി ജോസഫ് എം കുന്നേല്‍, മണിലാല്‍ മത്തായി, അറ്റോര്‍ണി ലെനോ തോമസ് എന്നിവര്‍ക്ക് സമൂഹത്തിനും ബിസിനസ് മേഖലയ്ക്കും നല്‍കിയ സംഭാവനകളെ മാനിച്ച് ബിസിനസ് ലീഡര്‍ഷിപ്പ് അവാര്‍ഡ് നല്‍കി.
മാതാ ഡാന്‍സ് അക്കാദമിയുടെ ബേബി തടവനാലിനെയും പമ്പയുടെ ഭാരവാഹികളെയും പ്രത്യേകം ആദരിച്ചു.
ജനറല്‍ സെക്രട്ടറി സുമോദ് നെല്ലിക്കാല നന്ദിപ്രസംഗം നിര്‍വഹിച്ചതോടെ ഔപചാരിക സമ്മേളനം സമാപിച്ചു. തുടര്‍ന്ന് വിരുന്നും സംഗീതവിരുന്നും അരങ്ങേറി.
