റാന്നി സെന്റ് തോമസ് കോളേജ് വജ്ര ജൂബിലി ആഘോഷം; പൂര്‍വ വിദ്യാര്‍ഥി സമ്മേളനം ജൂലൈ 13 ന്

റാന്നി സെന്റ് തോമസ് കോളേജ് വജ്ര ജൂബിലി ആഘോഷം; പൂര്‍വ വിദ്യാര്‍ഥി സമ്മേളനം ജൂലൈ 13 ന്


ഹൂസ്റ്റണ്‍: റാന്നി സെന്റ് തോമസ് കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ വിദ്യാര്‍ഥി സമ്മേളനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ  2024 ജൂലൈ 13ന് ശനിയാഴ്ച കോളേജില്‍ വെച്ച് നടക്കും.

വിദേശരാജ്യങ്ങളിലുള്ള പൂര്‍വ്വ വിദ്യാര്‍ഥികള്‍ അടക്കം രണ്ടായിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ അതിഥികളായി എത്തും. ജൂണ്‍ 11ന് ചേര്‍ന്ന  അലുമ്‌നി എക്‌സിക്യൂട്ടീവ് കമ്മിറ്റി സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി.

കോളേജ് മാനേജര്‍ പ്രൊഫ. സന്തോഷ് കെ തോമസ് അധ്യക്ഷത വഹിച്ചു. അലുമ്‌നി പ്രസിഡന്റ് രാജു ഏബ്രഹാം മുന്‍ എം എല്‍ എ ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി ഡോ. എം കെ സുരേഷ്, പ്രൊഫ. പ്രസാദ് ജോസഫ് കെ, അഡ്വ. ഏബ്രഹാം മാത്യു പനച്ചമൂട്ടില്‍, അഡ്വ. ശശി ഫിലിപ്പ്, പ്രൊഫ. ജിക്കു ജെയിംസ്, റോഷന്‍ റോയി മാത്യു, പ്രൊഫ. എം ജെ കുര്യന്‍, പി ആര്‍ പ്രസാദ്, സാബു കെ ഏബ്രഹാം, അഡ്വ. ഷൈന്‍ ജി കുറുപ്പ്, ഡോ. റോണി ജെയ്ന്‍ രാജു എന്നിവര്‍ സംസാരിച്ചു. ഗുരുവന്ദനം, കലാപരിപാടികള്‍, ആദരിക്കല്‍ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. പബ്ലിസിറ്റി ചെയര്‍മാനായി കെ ടി സതീഷിനെയും ജനറല്‍ കണ്‍വീനറായി റ്റിജു ഏബ്രഹാമിനെയും തിരഞ്ഞെടുത്തു. ജൂണ്‍ 21 വെള്ളിയാഴ്ച 3 മണിക്ക് ജനറല്‍ബോഡി മീറ്റിംഗ് കൂടുന്നതാണ്. അന്നേ ദിവസം പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിക്കുന്നതാണ്.

അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്‌ട്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിന് വെളിയില്‍ നിന്നും നൂറു കണക്കിന് പൂര്‍വ വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കുറഞ്ഞത് 2000 പൂര്‍വ വിദ്യാര്‍ഥികളെ പ്രതീക്ഷിക്കുന്നുവെന്നും അലുമിനി പ്രസിഡന്റും മുന്‍ എം എല്‍ എയുമായ രാജു എബ്രഹാം, കോളേജ് മാനേജര്‍ പ്രൊഫ. സന്തോഷ് കെ തോമസ് എന്നിവര്‍ പൂര്‍വ വിദ്യാര്‍ഥി കൂടിയായ ഈ ലേഖകനോട് പറഞ്ഞു. 2014ല്‍ നടത്തിയ സുവര്‍ണ്ണ ജൂബിലി പൂര്‍വ വിദ്യാര്‍ഥി സമ്മേളനം വന്‍ വിജയമായിരുന്നു. പൂര്‍വവിദ്യാര്‍ഥികള്‍ക്ക് അവരവര്‍ പഠിച്ച ക്ലാസ് ക്ലാസ്‌റൂമുകളില്‍ പോയിരുന്ന് പഴയകാല സ്മരണകള്‍ പങ്കിടുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. 

റാന്നിയുടെ അഭിമാനക്കുറിയായ സെന്റ് തോമസ് കോളേജില്‍ ഒരുക്കുന്ന ഈ വജ്ര ജൂബിലി സമ്മേളനത്തില്‍ പങ്കെടുത്ത് പഴയ ഓര്‍മ്മ ചെപ്പുകള്‍  തുറക്കുവാന്‍ അമേരിക്കയില്‍ നിന്നും നിരവധി പൂര്‍വ വിദ്യാര്‍ഥികളോടൊപ്പം ഈ ലേഖകനും ഒരുക്കങ്ങള്‍ ആരംഭിച്ചു.