ആത്മീയ ആഘോഷത്തിനു അണിഞ്ഞൊരുങ്ങി വിശുദ്ധ അല്‍ഫോന്‍സാ കത്തീഡ്രല്‍

ആത്മീയ ആഘോഷത്തിനു അണിഞ്ഞൊരുങ്ങി വിശുദ്ധ അല്‍ഫോന്‍സാ കത്തീഡ്രല്‍


മിസ്സിസ്സാഗ:  കേരളത്തിന്റെ ചെറുപുഷ്പവും സഹനപുത്രിയും, മിസ്സിസ്സാഗ കത്തിഡ്രല്‍ ഇടവകയുടെ മധ്യസ്ഥയും ആയ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ വിവിധ പരിപാടികളോടെ ആഘോഷപൂര്‍വ്വം ആചരിക്കുവാന്‍ ഇടവക സമൂഹം തയാറെടുപ്പുകള്‍ തുടങ്ങി.

2025 ജൂലൈ 18 വെള്ളിയാഴ്ച കൊടിയേറുന്ന തിരുന്നാള്‍ ജൂലൈ 27 ഞായറാഴ്ച സമാപിക്കും. ഇടവകയിലെ വിവിധ കുടുംബ കൂട്ടായ്മകളെ സമര്‍പ്പിച്ചു അവയുടെ നിയോഗാര്‍ത്ഥം, ജൂലൈ 18 മുതല്‍ 26 വരെ ദിവ്യവലിയും നൊവേനയും നടത്തും.

ജൂലൈ 18 വെള്ളി: വൈകുന്നേരം 7 മണിക്ക്, കത്തീഡ്രല്‍ ഇടവക വികാരി അഗസ്റ്റിന്‍ കല്ലുങ്കത്തറയില്‍ അച്ചന്‍ കൊടി ഉയര്‍ത്തുന്നത്തോടെ ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തിരി തെളിയും. തുടര്‍ന്ന് മാനന്തവാടി രൂപത അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസ് പൊരുന്നേടം പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയിലും നൊവേനയിലും പങ്കു ചേര്‍ന്ന് ഇടവക സമൂഹം ഒന്നായി തിരുനാള്‍ ദിനങ്ങളിലേക്ക് പ്രവേശിക്കുന്നു. അന്നേ ദിനത്തിലെ ദിവ്യബലിയില്‍ മണ്മറഞ്ഞു പോയ എല്ലാവരെയും പ്രത്യേകം അനുസ്മരിച്ചു പ്രാര്‍ത്ഥിക്കുന്നതാണ്. 

ജൂലൈ 19 ശനി: 'കുട്ടികള്‍ക്ക് ഉള്ള പ്രത്യേക ദിനം' ആയി ആചരിക്കുന്നു.  അന്നേ ദിവസം രാവിലെ 9 മണിക്ക് ഹരോള്‍ഡ് ജോസ് അച്ചന്റെ നേതൃത്വത്തില്‍ ദിവ്യബലിയും നൊവേനയും നടത്തപ്പെടുകയും, ശേഷം ഇടവക സമൂഹത്തിന്റെ വാഹനങ്ങള്‍ വെഞ്ചരിക്കുന്നതുമാണ്.

ജൂലൈ 20 ഞായര്‍: 'ഗ്രാന്‍ഡ് പേരന്റ്‌സ് ആന്‍ഡ് എല്‍ഡേഴ്‌സ് ഡേ' ആയി ഇടവക സമൂഹം ഒന്നടങ്കം ആചരിക്കുന്നു.  രാവിലെ 8:30 ന് മുന്‍ വികാരി ജേക്കബ് എടക്കളത്തൂര്‍ അച്ചന്റെ നേതൃത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലിക്കും നൊവേനയ്ക്കും ശേഷം ഇടവകയിലെ മുതിര്‍ന്നവരെ ആദരിക്കും. 

ജൂലൈ 21 തിങ്കള്‍: കാനഡയില്‍ ദൈവവിളിയുടെ പുതുനാമ്പുകള്‍ ഉയര്‍ന്നു വരുന്നതിലേക്കായി 'ദൈവവിളി ദിനം' ആയി ആചരിക്കുന്നു. രൂപതയുടെ വൊക്കേഷന്‍ വിഭാഗം ഡയറക്ടര്‍ ആയ ബഹുമാനപ്പെട്ട ഫ്രാന്‍സിസ് സാമൂവല്‍ അക്കരപറ്റിയേക്കല്‍ അച്ചന്റെ കാര്‍മ്മികത്വത്തില്‍ വൈകുന്നേരം 7 മണിക്ക് ദിവ്യബലിയും നൊവേനയും അര്‍പ്പിക്കപ്പെടുx.

ജൂലൈ 22 ചൊവ്വ: ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ നന്ദിയോടെ പ്രാര്‍ത്ഥനയില്‍ സ്മരിക്കാന്‍ ഇടവക സമൂഹം 'ആരോഗ്യ പ്രവര്‍ത്തകരുടെയും നഴ്‌സുമാരുടെയും ദിനം' ആയി ആചരിക്കുന്നു.  വൈകുന്നേരം 7 മണിക്ക്, രൂപത മതബോധന ഡയറക്ടര്‍ ബഹുമാനപ്പെട്ട ജോര്‍ജ് തുരുത്തിപ്പള്ളി അച്ചന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്.

ജൂലൈ 23 ബുധന്‍:  'തൊഴിലാളി ദിനം' ആയി ആചരിക്കുകയും, തൊഴിലാളി സമൂഹത്തെ ഒന്നടങ്കം ദൈവത്തിങ്കല്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യും. വൈകിട്ട് 7 മണിക്ക് അര്‍പ്പിയ്ക്കുന്ന ദിവ്യബലിയ്ക്കും നൊവേനയ്ക്കും നേതൃത്വം നല്‍കുന്നത് കത്തീഡ്രല്‍ ഇടവക അസിസ്റ്റന്റ് വികാരി ഫാദര്‍ സിജോ ജോസ് അരിക്കാട്ട് ആണ്.

ജൂലൈ 24 വ്യാഴം: 'യുവജന ദിനം ആയി' ആചരിക്കുന്നു.  വൈകുന്നേരം 7 മണിക്ക് ഷാജി മണ്ടപകത്തികുന്നേല്‍ സി എസ് സി (നാഷണല്‍ ഡയറക്ടര്‍, ഹോളി ക്രോസ്സ് ഫാമിലി മിനിസ്ട്രിസ് കാനഡ) യുടെ കാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന ദിവ്യബലിയോടും നൊവേനയോടും ഒപ്പം, കാനഡയിലെ വിശ്വാസ സമൂഹത്തില്‍ വളര്‍ന്നു വരുന്ന യുവ തലമുറയെയും സമര്‍പ്പിച്ചു പ്രാര്‍ത്ഥന അര്‍പ്പിക്കുന്നു.

ജൂലൈ 25 വെള്ളി: 'ദിവ്യ കാരുണ്യ ദിനം' ആയി ആചരിക്കുന്ന പ്രത്യേക ദിവസത്തില്‍ വൈകിട്ട് 7 മണിക്ക് രൂപം എഴുന്നള്ളിക്കല്‍ ചടങ്ങ് നടത്തപ്പെടുന്നതാണ്.

തുടര്‍ന്ന് ബോബി ജോയി മുട്ടത്തുവലയില്‍ അച്ചന്റെ നേതൃത്വത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയക്കും നൊവേനയ്ക്കും ശേഷം നടത്തപ്പെടുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് റവ. ഫാ. സിജോ ജോസ് അരിക്കാട്ട് നേതൃത്വം നല്‍കുന്നു.

ജൂലൈ 26 ശനി:  'കുടുംബ ദിനം' ആയി ആചരിക്കുന്ന തിരുന്നാള്‍ തലേന്ന് വൈകുന്നേരം 5 മണിക്ക്  'പ്രസുദേന്തി വാഴ്ച' നടത്തപ്പെടുന്നു. തുടര്‍ന്നു സമര്‍പ്പിയ്ക്കപ്പെടുന്ന ദിവ്യബലിയ്ക്കും നൊവേനയ്ക്കും മുഖ്യകാര്‍മികത്വം വഹിക്കുന്നത് മിസ്സിസാഗ രൂപതാ വികാരി ജനറാള്‍ പെരിയ പത്രോസ് ചമ്പക്കര അച്ചന്‍ ആണ്. അന്നേ ദിവസം വിശുദ്ധ കുര്‍ബാനയോടൊപ്പം ഇടവകയിലെ കുടുംബങ്ങളെ സമര്‍പ്പിച്ചു പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതാണ്.

7 മണിക്ക് ഇടവക സമൂഹത്തിലെ വിവിധ സംഘടനകളുടെയും ഫാമിലി യൂണിറ്റുകളുടെയും നേതൃത്വത്തില്‍ സാംസ്‌കാരിക പരിപാടികള്‍ ഉണ്ടായിരിക്കും.

27 ഞായര്‍: 'തിരുനാള്‍ ദിനം'

രാവിലെ 8:30 ന് വിശുദ്ധ കുര്‍ബാന, കത്തീഡ്രല്‍ ഇടവക വികാരി അഗസ്റ്റിന്‍ കല്ലുങ്കത്തറയില്‍ അച്ചന്റെ കര്‍മികത്വത്തില്‍.

10:30 ആഘോഷമായ തിരുനാള്‍ കുര്‍ബാന, മാനന്തവാടി രൂപത അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസ് പൊരുന്നേടം പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍. തുടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സ്‌നേഹവിരുന്ന്.

ജൂലൈ 25, 26, 27 തീയതികളില്‍ കഴുന്ന്, മുടി എന്നിവ സമര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്.