ഫിലഡല്‍ഫിയ: മാതാപിതാക്കളെ അനുസരിച്ച് മുന്നേറുക എന്ന് പ്രശസ്ത സിനിമാ അഭിനേത്രി ശ്വേതാ മേനോന്‍ യുവതലമുറയെ ആഹ്വാനം ചെയ്തു. ഫിലഡല്‍ഫിയയില്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം അണിയിച്ചൊരുക്കിയ അനന്യസുന്ദരമായ തിരുവോണാഘോഷത്തിന് തിരിതെളിച്ച് സന്ദേശം നല്‍കുകയായിരുന്നു ശ്വേത. മഹാ ബലിയെ പോലെ ദാനശീലരും നല്ല പ്രവര്‍ത്തികളുള്ളവരും ആയിരിക്കുമ്പോള്‍ത്തന്നെ, ആരാലും ചവിട്ടി താഴ്ത്തപ്പെടാതിരിക്കാനും ഓരോരുത്തര്‍ക്കും കഴിയണം. കേരള സിനിമാ ലോകത്ത് അരുതായ്മകളുണ്ട്, എന്നാല്‍, 'നോ' പറയേണ്ടിടത്ത് 'നോ' പറയാന്‍ കഴിഞ്ഞാല്‍ അബദ്ധങ്ങളില്‍ വീഴാതിരിക്കാന്‍ കരുത്തുള്ളവരാകും. കുഞ്ഞുങ്ങള്‍ ആയിരിക്കുമ്പോള്‍ തന്നെ, ആ ശിക്ഷണം ലഭിച്ചാല്‍, ഉപകരിയ്ക്കും. ''കളിമണ്ണ്'' എന്ന് സിനിമയില്‍, ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന്റെ പരിചരണം മുതല്‍, മനുഷ്യ ജീവന്റെ മഹത്വം പ്രകാശിപ്പിക്കുന്നവിധം, ബ്‌ളസ്സി എന്ന ഇരുത്തം വന്ന ചലച്ചിത്ര സംവിധായകന്റെ ഫിലിം മെയ്ക്കിങ്ങിലൂടെ, അവതരിപ്പിക്കുക എന്ന ലക്ഷ്യം നടപ്പാകാനായി, തന്റെ എല്ലാമെല്ലാമായ കുഞ്ഞിനു നല്‍കാവുന്ന അമൂല്യ സമ്മാനമായി ഞാന്‍ ആ ചിത്രത്തെ പരിഗണിക്കുന്നു; ശ്വേതാമേനോന്‍ വ്യക്തമാക്കി. അമേരിക്കയിലെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം, വര്‍ഷങ്ങളായി നടത്തി വരുന്ന തിരുവോണാഘോഷം അക്ഷരാര്‍ത്ഥത്തില്‍ കേരളസംസ്‌കാരത്തിന്റെ മഹത്തായ വശങ്ങളെ ജീവസ്സുറ്റതായി ആവിഷ്‌ക്കക്കരിക്കുന്നു, ഇതിന്റെ അണിയറ ശില്പികളും, നര്‍ത്തകരും കലാപ്രവര്‍ത്തകരും ട്രൈസ്റ്റേറ്റിലെ എല്ലാ മലയാളികളും അത്യധികമായ അനുമോദനം അര്‍ഹിക്കുന്നു. കേരളത്തിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ വേദന തെല്ലിട മറക്കുവാന്‍ തനിക്ക് ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ഓണാഘോഷവും അതിലെ കലാ വിഭവങ്ങളും സഹായിച്ചു- - ശ്വേതാ മേനോന്‍ അഭിപ്രായപ്പെട്ടു.
അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായി സംഗീത ലോകത്ത് അത്ഭുതം തീര്‍ക്കുന്ന നവ്‌നീത് ഉണ്ണികൃഷ്ണന്‍ പ്രധാന അതിഥിയായിരുന്നു. അഭിലാഷ് ജോണ്‍ (ചെയര്‍മാന്‍), ബിനു മാത്യൂ (ജനറല്‍ സെക്രട്ടറി), ഫീലിപ്പോസ് ചെറിയാന്‍ (ട്രഷറാര്‍), ജോബി ജോര്‍ജ് (ഓണാഘോഷ സമിതി ചെയര്‍മാന്‍), വിന്‍സന്റ് ഇമ്മാനുവേല്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തില്‍ ഇരുപത്താറംഗ സംഘാടക സമിതിയാണ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
മയൂരാ റസ്‌ടോറന്റ് തയ്യാറാക്കിയ 26 ഇന ഓണസദ്യ, മാതാ ഡാന്‍സ് സ്‌കൂള്‍ (ബേബി തടവനാല്‍), നൂപുര ഡാന്‍സ് സ്‌കൂള്‍ (അജി പണിക്കര്‍), ലാസ്യ ഡാന്‍സ് അക്കാഡമി (ആഷാ അഗസ്റ്റിന്‍), ഭരതം ഡാന്‍സ് അക്കാഡമി (നിമ്മീ ദാസ്), എന്നീ സ്‌കൂളുകളുടെയും മറ്റു നര്‍ത്തകരുടെയും ഗായകരുടെയും വിവിധ കലാ പരിപാടകളും, മസ്സാറ്റോ സ്റ്റേജ് ആന്റ് വിഷ്വല്‍ ഓഡിയോ ടെക്‌നോളജിയും, അരുണ്‍ കോവാട്ടിന്റെ ലെഡ് വാള്‍ വിഷ്വല്‍സും, ജോര്‍ജ് ഓലിക്കലിന്റെ മാവേലിയും, ആഷാ അഗസ്റ്റിന്‍ ഒരുക്കിയ മേഗാതിരുവാതിരയും, സുരേഷ് നായര്‍ വിരിച്ച ഓണപ്പൂക്കളവും, പി ഏ- എന്‍ ജെ വാദ്യ വേദിയുടെ അത്യുജ്ജ്വല ചെണ്ട മേളവും, മോഹിനി ആട്ടം, കഥകളി, ചവിട്ടു നാടകം, മാര്‍ഗം കളി, തെയ്യം, ഒപ്പന, കളരിപ്പയറ്റ്, കോല്‍ക്കളി എന്നിങ്ങനെ കേരളത്തിലെ വിവിധ ജില്ലകളിലെ തനതു കലാരൂപങ്ങളുടെ നൃത്താവിഷ്‌ക്കാരവും (ഭരതം ഡാന്‍സ് അക്കഡമി- ഫിലഡല്‍ഫിയ), വിന്‍സന്റ് ഇമ്മാനുവേലിന്റെ പ്രൊഗ്രാം കോര്‍ഡിനേഷനും, സ്‌പോണ്‍സേഴ്‌സിന്റെ സമ്പത് സമൃദ്ധിയും, ജനസഹസ്രങ്ങളുടെ പങ്കാളിത്തവും ചേര്‍ന്ന്, കളമാടിയ മാസ്മരിക ലോകം, ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ മഹാ തിരുവോണാഘോഷത്തെ കിടയറ്റതാക്കി.
മാതാപിതാക്കളെ അനുസരിച്ച് മുന്നേറുക: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷത്തില്‍ ശ്വേതാ മേനോന്‍