യൂണിവേഴ്‌സിറ്റി ഓഫ് ടെക്സാസ്‌ടൈലറും മര്‍കസ് നോളജ് സിറ്റിയും തമ്മില്‍ ആഗോള സഹകരണത്തിന് തുടക്കം കുറിച്ചു

യൂണിവേഴ്‌സിറ്റി ഓഫ് ടെക്സാസ്‌ടൈലറും മര്‍കസ് നോളജ് സിറ്റിയും തമ്മില്‍ ആഗോള സഹകരണത്തിന് തുടക്കം കുറിച്ചു


ടൈലര്‍:  ഉന്നത വിദ്യാഭ്യാസം, ഗവേഷണം, സാങ്കേതിക നവീകരണം എന്നിവയുടെ പ്രോത്സാഹനത്തിനായി ആഗോളതലത്തില്‍ സംയുക്ത ശ്രമങ്ങള്‍ ആരംഭിച്ചു യു എസിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്സാസ്  ടൈലറും ഇന്ത്യയിലെ മര്‍കസ് നോളജ് സിറ്റിയും തമ്മില്‍ ആഗോള സഹകരണത്തിന് തുടക്കം കുറിച്ചു. 

സില്‍ മണി സ്ഥാപകന്‍ സബീര്‍ നെല്ലിപ്പറമ്പന്റെ ടൈലറിലുള്ള സ്വകാര്യ റാഞ്ചിലായിരുന്നു കൂടിക്കാഴ്ച നടന്നത്. സൗത്ത് ടൈലര്‍ പെട്രോളിയം സ്ഥാപകനായ സഗീര്‍ നെല്ലിപ്പറമ്പും കിയാന എ ഐയുടെ സഹസ്ഥാപകനും സി വി എസ് ഹെല്‍ത്തില്‍ പ്രോഗ്രാം മാനേജറുമായ മുഹമ്മദ് സഹീര്‍ പടിഞ്ഞാറായിലും സംവാദം വിജയകരമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

മര്‍കസ് നോളജ് സിറ്റിയുടെ സിഇഒ ഡോ. അബ്ദുല്‍ സലാം മുഹമ്മദ് നേതൃത്വം നല്‍കിയ യോഗത്തില്‍ യൂണിവേഴ്‌സിറ്റി ഓഫ് ടൈലറിനെ പ്രതിനിധീകരിച്ച് ഡോ. ഹസന്‍ എല്‍-കിഷ്‌കി (ചെയര്‍മാന്‍, ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ്), ഡോ. അഹ്മദ് അബ്ദെലാല്‍ (പ്രോഗ്രാം ഡയറക്ടര്‍, കമ്മ്യൂണിക്കേഷന്‍ സയന്‍സസ് ആന്‍ഡ് ഡിസോര്‍ഡേഴ്സ്) എന്നിവര്‍ പങ്കെടുത്തു.

സംയുക്ത ഗവേഷണ പദ്ധതികള്‍, അധ്യാപക- വിദ്യാര്‍ഥി ഇന്റര്‍ചേഞ്ച് പരിപാടികള്‍, എ ഐ അധിഷ്ഠിത വിദ്യാഭ്യാസം, ഗ്രീന്‍ കാമ്പസ് വികസനം, ഇരുഭാഷാ ക്ലിനിക്കല്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ- സുസ്ഥിര ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളിലെ നവീകരണങ്ങള്‍ എന്നീ വിഷയങ്ങളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നത്. 

സംവാദങ്ങള്‍ക്ക് ഔദ്യോഗികത നല്‍കുന്നതിനായി ധാരണാപത്രത്തിന്റെ പ്രാഥമിക ഡ്രാഫ്റ്റ് കൈമാറി. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ വിശദമായ ചര്‍ച്ചകളും സംയുക്തമായി നടപ്പാക്കാവുന്ന പദ്ധതികളുടെ പ്രവര്‍ത്തനരൂപീകരണവും നടക്കും.

ഇരു സ്ഥാപനങ്ങള്‍ക്കുമിടയിലെ സഹകരണം കേരളം മുതല്‍ അമേരിക്ക വരെയുള്ള ശാസ്ത്രീയവും സുസ്ഥിരവുമായ ആഗോള അധിഷ്ഠിത അക്കാദമിക സഹകരണത്തിന് ശക്തമായ അടിത്തറ ഒരുക്കും.