ഡോളറിന്റെ മൂല്യം കുതിച്ചുകയറുന്നു; ഇന്ത്യൻ രൂപയ്ക്ക് രണ്ടുവർഷത്തിനിടയിലെ വലിയ തിരിച്ചടി

ഡോളറിന്റെ മൂല്യം കുതിച്ചുകയറുന്നു; ഇന്ത്യൻ രൂപയ്ക്ക് രണ്ടുവർഷത്തിനിടയിലെ വലിയ തിരിച്ചടി


 വാഷിംഗ്ടൺ : നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിന് ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ ഡോളറിന്റെ മൂലത്തിൽ കുതിപ്പ്
 ട്രംപിന്റെ വിജയം ഉറപ്പായതിന് പിന്നാലെ ഡോളറിന്റെ മൂല്യം ഉയരാൻ തുടങ്ങിയ പ്രവണത ഇപ്പോൾ ശക്തിപ്രാപിച്ചിരിക്കുകയാണ്. അമേരിക്കയയിൽ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച തൊഴിൽ വളർച്ച ഉണ്ടായതാണ് ഡോളർ ശക്തിയാർജിക്കാൻ മറ്റൊരു പ്രധാന കാരണം. ഇതിന്റെ ഫലമായി യു എസ് കടപ്പത്ര വിപണിയിൽ നിന്നുള്ള വരുമാനം ഉയർന്നതും ഡോളറിന്റെ കുതിപ്പിന് കരുത്തായി.

ഡോളറിന്റെ മൂല്യം ഉയർന്നത്  ഇന്ത്യക്ക് തിരിച്ചടിയായി. ഡോളറിന്റെ മൂല്യം ഉയരുന്നതിനനുസരിച്ച് രൂപയുടെ മൂല്യം ഇടിയുകയാണ്. രണ്ടു വർഷത്തിനിടയിൽ ഒറ്റദിവസത്തെ ഏറ്റവും വലിയ മൂല്യത്തകർച്ചയാണ് ഇന്ത്യൻ കറൻസി തിങ്കളാഴ്ച നേരിട്ടത്. ഇതോടെ രൂപ താഴ്ചയിലെ റെക്കോർഡ് വീണ്ടും തിരുത്തി. ഡോളറിനെതിരെ 58 പൈസയുടെ ഇടിവ് ഇന്ന് നേരിട്ടതോടെയാണ് രൂപ ഇത്രയും വലിയ തിരിച്ചടി നേരിട്ടത്. 86.62 ലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്.

അമേരിക്കൻ ഡോളർ ശക്തിയാർജിക്കുന്നതിനൊപ്പം അസംസ്‌കൃത എണ്ണ വിലയുടെ കുതിപ്പും രൂപയുടെ മൂല്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഇന്ന് 58 പൈസയുടെ ഇടിവാണ് നേരിട്ടതെങ്കിൽ രണ്ടാഴ്ചക്കിടെ ഒരു രൂപയുടെ ഇടിവാണ് മൊത്തം മൂല്യത്തിൽ സംഭവിച്ചത്.

അസംസ്‌കൃത എണ്ണ വില ഉയർന്നതും രൂപക്ക് വലിയ പ്രതിസന്ധിയാണ് സമ്മാനിച്ചത്. ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 81 ഡോളറിലേക്ക് നീങ്ങി. ഇറക്കുമതിക്കാർക്ക് ഇടയിൽ ഡോളർ ആവശ്യകത വർധിക്കാൻ ഇത് കാരണമായി. ഇതോടെ ഡോളറിന്റെ മൂല്യം വർധിച്ചു. സ്വാഭാവികമായും രൂപയുടെ മൂല്യം താഴേക്ക് പോകുകയും ചെയ്തു.

രൂപയുടെ മൂല്യം ഇടിയുന്നതിനൊപ്പം തന്നെ ഓഹരി വിപണിയിലും ഇന്ന് കനത്ത നഷ്ടമാണ് ഉണ്ടായത്. ആയിരത്തിലധികം പോയിന്റ് താഴേക്കാണ് സെൻസെക്‌സ് വീണത്. കൃത്യമായി പറഞ്ഞാൽ 1,048 പോയിന്റ് നഷ്ടത്തോടെ 76,330 ലാണ് സെൻസെക്‌സ് ക്ലോസ് ചെയ്തത്. 345 പോയിന്റ് നഷ്ടത്തോടെ 23,085 ലാണ് നി്ര്രഫിയിൽ വ്യാപാരം അവസാനിച്ചത്. പവർഗ്രിഡ്, അദാനി പോർട്‌സ്, ടാറ്റ സ്റ്റീൽ, എൻടിപിസി, ടാറ്റ മോട്ടോഴ്‌സ്, സൊമാറ്റോ, ടെക് മഹീന്ദ്ര ഓഹരികളാണ് വലിയ തിരിച്ചടിയേറ്റുവാങ്ങിയത്.