ഏത്തക്കാ ചിപ്‌സ് നിര്‍മാണം ചെറിയ ഇടപാടല്ല ; കേരളം ആസ്ഥാനമായുള്ള ബിയോണ്ട് സ്‌നാക്കില്‍ 71 കോടി രൂപയുടെ നിക്ഷേപം

ഏത്തക്കാ ചിപ്‌സ് നിര്‍മാണം ചെറിയ ഇടപാടല്ല ; കേരളം ആസ്ഥാനമായുള്ള ബിയോണ്ട് സ്‌നാക്കില്‍ 71 കോടി രൂപയുടെ നിക്ഷേപം


സീരീസ് എ ഫണ്ടിങ്ങില്‍ 8.3 മില്യണ്‍ ഡോളര്‍ സമാഹരിച്ച് ലഘുഭക്ഷണ ബ്രാന്‍ഡായ ബിയോണ്ട് സ്‌നാക്ക്  കേരളത്തില്‍ നിന്നുള്ള ബനാന ചിപ്‌സ് ബ്രാന്‍ഡ് ആണ് ബിയോണ്ട് സ്‌നാക്ക്. റെക്കിറ്റ് ബെന്‍ക്കിസര്‍ മുന്‍ സിഇഒ രാകേഷ് കപൂറിനു കീഴിലുള്ള  12 ഫ്‌ലാഗ്‌സ് ഗ്രൂപ്പ് കണ്‍സ്യൂമര്‍ ബിസിനസുകള്‍ക്കായി നടത്തിയ ഫണ്ടിങ്ങിലാണ് ബിയോണ്ട് സ്‌നാക്ക് വന്‍ തുക സമാഹരിച്ചത്. നിലവിലെ നിക്ഷേപകരായ എന്‍ എ ബി വെഞ്ച്വര്‍സ്, എന്റിഷന്‍ ഓഫ് ഇന്ത്യ കാപ്പിറ്റല്‍ തുടങ്ങിയ കമ്പനികളും സീരീസ് എ ഫണ്ടിങ്ങില്‍ പങ്കെടുത്തു.

2020ല്‍ ആരംഭിച്ച കമ്പനി നാല് വര്‍ഷം കൊണ്ട് 300 കോടി മൂല്യത്തിലെത്തി. ഫണ്ടിങ് തുക കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് വ്യാപിപ്പിക്കാന്‍ ഉപയോഗപ്പെടുത്തുമെന്ന് ബിയോണ്ട് സ്‌നാക്ക് സ്ഥാപകന്‍ മാനസ് മധു പറഞ്ഞു. 2026ഓടെ 40000 ഔട്ട്‌ലെറ്റുകളില്‍ വിതരണം ആരംഭിക്കുകയാണ് ലക്ഷ്യം. ദക്ഷിണേന്ത്യയിലെ കൂടുതല്‍ നഗരങ്ങളില്‍ സാന്നിദ്ധ്യം ഉറപ്പിക്കും-അദ്ദേഹം പറഞ്ഞു.

നിലവില്‍ 20000 ഔട്ട്‌ലെറ്റുകളില്‍ വിതരണമുള്ള ബിയോണ്ട് സ്‌നാക്കിന് മുന്‍പ് 4 മില്യണ്‍ ഡോളറിന്റെ ഫണ്ടിങ് ലഭിച്ചിരുന്നു. ഇന്ത്യയ്ക്കു പുറമേ 12ലധികം രാജ്യങ്ങളില്‍ കമ്പനി ഉത്പന്നങ്ങള്‍ ലഭ്യമാണ്. കേരളത്തിലെ ഏറ്റവും പ്രശസ്ത സ്‌നാക്ക് ആയിട്ടും ബനാന ചിപ്‌സ് വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താനായില്ല എന്ന ചിന്തയില്‍ നിന്നാണ് മാനസ് മധു ഈ സംരംഭത്തിലേക്ക് എത്തിയത്. ഇന്ന് പാക്കിങ്ങിലും മറ്റും ഏത് അന്താരാഷ്ട്ര ഉത്പന്നങ്ങളോടും കിടപിടിക്കുന്ന രീതിയിലാണ് ബിയോണ്ട് സ്‌നാക്ക് എത്തിനില്‍ക്കുന്നത്.  ഷാര്‍ക് ടാങ്ക് ഇന്ത്യ സീസണ്‍ വണ്ണില്‍ പങ്കെടുത്ത കമ്പനിക്ക് അഷ്‌നീര്‍ ഗ്രോവര്‍, അമന്‍ ഗുപ്ത എന്നിവരില്‍ നിന്നും നിക്ഷേപം ലഭിച്ചിരുന്നു.