ഇന്ത്യന്‍ ഓഹരി വിപണി പുതിയ റെക്കോഡ് ഉയരത്തില്‍; ഓഹരിസൂചിക 78,000 കടന്നു

ഇന്ത്യന്‍ ഓഹരി വിപണി പുതിയ റെക്കോഡ് ഉയരത്തില്‍; ഓഹരിസൂചിക  78,000 കടന്നു


കൊച്ചി: വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ആവേശത്തോടെ പണമൊഴുക്കിയതോടെ ഇന്ത്യന്‍ ഓഹരി പുതിയ റെക്കോഡ് ഉയരത്തിലെത്തി. കഴിഞ്ഞ 9 ദിവസങ്ങളില്‍ ഒരു ദിവസമൊഴികെ ഓഹരി വിപണി തുടര്‍ച്ചയായി റെക്കോഡുകള്‍ പുതുക്കി മുന്നേറുകയാണ്. സ്വകാര്യ ബാങ്കുകളുടെ ഓഹരികളില്‍ ഇന്ന് വന്‍ മുന്നേറ്റമാണ് ഉണ്ടായത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 430 പോയിന്റ് മുന്നേറിയപ്പോഴാണ് 78,000 എന്ന സര്‍വകാല റെക്കോര്‍ഡില്‍ എത്തിയത്. നിലവില്‍ 78,480 പോയിന്റിന് മുകളിലാണ് സെന്‍സെക്സില്‍ വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ഉണ്ടായി. 23,749 പോയിന്റ് മുകളിലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്.

പ്രധാനമായി അള്‍ട്രാടെക് സിമന്റ്, ഐസിഐസിഐ ബാങ്ക്, എല്‍ ആന്റ് ടി, എന്‍ടിപിസി, ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോഴ്സ് ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍ ഓഹരികള്‍ നഷ്ടം നേരിട്ടു. ആഗോള വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. അമെരിക്കന്‍ വിപണിയും ഏഷ്യന്‍ വിപണിയിലെ സോള്‍, ടോക്കിയോ വിപണികളും മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ സാമ്പത്തിക മേഖല മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാല്‍ വരും ദിവസങ്ങളിലും ഓഹരി വിപണി മുന്നേറ്റം തുടരുമെന്നാണ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകുമെന്നാണ് നിക്ഷേപ സമൂഹം വിലയിരുത്തുന്നത്. ചൊവ്വാഴ്ച ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് ചരിത്രത്തിലാദ്യമായി 78,000 പോയിന്റ് കടന്നു. അതേസമയം ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികള്‍ വില്പന സമ്മര്‍ദം നേരിട്ടു. ബാങ്കിങ് ഓഹരി സൂചികയും 53,000 കടന്ന് പുതിയ ഉയരങ്ങളിലെത്തി.