ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറിന്റെ ഉടമ അംബാനിയോ അദാനിയോ അല്ല-യോഹാന്‍ പൂനാവാല

ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറിന്റെ ഉടമ അംബാനിയോ അദാനിയോ അല്ല-യോഹാന്‍ പൂനാവാല


ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യവസായികള്‍ മുകേഷ് അംബാനിയും ഗൗതം അദാനിയുമൊക്കെയാണ്. ലോക സമ്പന്നരുടെ പട്ടികയിലും ഇവര്‍ ഇടം പിടിച്ചിട്ടുണ്ട്. സ്വാഭാവികമായും ഇവര്‍ ഉപയോഗിക്കുന്ന ആഡംബര സൗകര്യങ്ങളും ഏറെ വിലയുള്ളതായിരിക്കും. ഏറ്റവും വിലപിടിപ്പുള്ള കാറുകള്‍ സ്വന്തമാക്കിയവരും അംബാനിയോ അദാനിയോ ആയിരിക്കും എന്നാകും കരുതുക. എന്നാല്‍ അതല്ല യാഥാര്‍ത്ഥ്യം. ശതകോടീശ്വരനായ യോഹാന്‍ പൂനാവാല എന്ന ഇന്ത്യന്‍ വ്യവസായിക്കാണ് ഏറ്റവും വിലപിടിച്ച ആത്യാഡംബര കാറുകള്‍ ഉള്ളത്. 100 കോടി രൂപ വില മതിക്കുന്ന ആഡംബര കാറുകളുടെ ശേഖരമാണ് ഇദ്ദേഹത്തിനുള്ളത്. പല ബിസിനസുകാര്‍ക്കും ഒരു റോള്‍സ് റോയ്‌സ് കാറാണ് സ്വന്തമായിട്ടുള്ളതെങ്കില്‍, പൂനാവാലയ്ക്ക് 22 റോള്‍സ് റോയ്‌സ് കാറുകളാണ് സ്വന്തമായുള്ളത്. അടുത്തിടെയാണ് അദ്ദേഹം തന്റെ 22ാമത്തെ റോള്‍സ് റോയ്‌സ് കാര്‍ സ്വന്തം ഗാരേജിലെത്തിച്ചത്. ഏകദേശം 27 ബില്യണ്‍ ഡോളര്‍ അഥവാ 2.3 ലക്ഷം കോടി രൂപയാണ് ഈ ബിസിനസുകാരന്റെ ആസ്തിമൂല്യം. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാറാണ് പൂനാവാല സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആഡംബര കാറുകള്‍ കൈവശമുള്ള വ്യക്തികളില്‍ ഒരാളാണ് പൂനാവാല. പല തരം ആഡംബര കാറുകള്‍, വിന്റേജ്- സ്‌പോര്‍ട്‌സ് കാറുകള്‍ തുടങ്ങിയവയെല്ലാം ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നു. അടുത്തിടെ അദ്ദേഹം പുത്തന്‍ പുതിയ 'റോള്‍സ് റോയ്‌സ് ഫാന്റം  VIII ഇ.ഡബ്ല്യു. ബി' എന്ന ക്ലാസിക് സെഡാന്‍ മോഡലാണ് തന്റെ ശേഖരത്തിലേക്ക് എത്തിച്ചത്. ഈ വാഹനത്തിന്റെ വില 22 കോടി രൂപയാണ്. ഈ മോഡല്‍ പൂനാവാല തന്നെ കസ്റ്റം ഓര്‍ഡര്‍ നല്‍കിയാണ് വാങ്ങിയിരിക്കുന്നത്.

അത്യാകര്‍ഷകമായ ബൊഹീമിയന്‍ റെഡ് കളറാണ് ഈ കാറിന്റേത്. സില്‍വര്‍ ഡിഷ് പ്ലേറ്റ് അലോയ് വീല്‍ വാഹനത്തിന്റെ രൂപഭംഗി വര്‍ധിപ്പിക്കുന്നു. ഈ റോള്‍സ് റോയ്‌സ് മോഡലില്‍ പൂനാവാലയെ പ്രതിനിധീകരിക്കുന്ന P എന്ന ലെറ്റര്‍, റെയര്‍ പാനലിന് സമീപം കസ്റ്റം പെയിന്റ് ചെയ്തിട്ടുമുണ്ട്.

ഇല്യൂമിനേറ്റഡ് ഗ്രില്ലുകള്‍, സ്റ്റാര്‍ലൈറ്റ് ഹെഡ്‌ലൈറ്റുകള്‍, അടുത്തിടെ റോള്‍സ് റോയ്‌സ് പിന്‍വലിച്ച ഫീച്ചറായ ഡ്രൈവറെയും, യാത്രക്കാരെയും വേര്‍തിരിക്കുന്ന സ്‌പെഷ്യല്‍ പ്രൈവസി സ്യൂട്ട് തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ മറ്റ് പ്രത്യേകതകള്‍. പൂനാവാലയുടെ പ്രത്യേക റിക്വസ്റ്റ് പ്രകാരമാണ് പ്രൈവസി സ്യൂട്ട് കമ്പനി ഈ മോഡലില്‍ ഉള്‍പ്പെടുത്തിയത്.

റോള്‍സ് റോയ്‌സ് നിരവധി യുണീക് ഡിസൈനുകള്‍ ഉള്‍പ്പെടുത്തിയ റോള്‍സ് റോയ്‌സ് ഫാന്റം  VIII ഇ.ഡബ്ല്യു. ബി'  എന്ന മോഡല്‍ മുകേഷ് അംബാനിയുടെ പത്‌നി നിത അംബാനിയും മുമ്പ് സ്വന്തമാക്കിയിരുന്നു. പുതിയതായി സ്വന്തമാക്കിയ ഈ മോഡലും, റോള്‍സ് റോയ്‌സ് ഫാന്റം  ഢകക  ഇ.ഡബ്ല്യു. ബി'   എന്ന വേരിയന്റും, രണ്ട് 'റോള്‍സ് റോയ്‌സ് ഫാന്റം ഡ്രോഫെഡ് കണ്‍വെര്‍ട്ടബ്ള്‍സ് ' കാറുകളും പൂനാവാലയുടെ പക്കലുണ്ട്. ഇത് കൂടാതെ ഇന്ത്യയിലെ ആദ്യത്തെ റോള്‍സ് റോയ്‌സ് സ്‌പെക്ടര്‍ ഇലക്ട്രിക് സ്‌കൂപ്പ് മോഡലും അദ്ദേഹത്തിന്റെ കളക്ഷനിലുണ്ട്

ഫെരാരിയുടെ വേഗമേറിയതും, ഏറ്റവും ചിലവ് കൂടിയതുമായ 'ഫെരാരി 458 അപെര്‍ട്ട' എന്ന കാറും പൂനാവാല സ്ഥിരമായി ഉപയോഗിക്കുന്നു. ലോകത്താകെ ഈ മോഡലിലുള്ള 499 കാറുകള്‍ മാത്രമാണ് കമ്പനി നിര്‍മിച്ച് പുറത്തിറക്കിയിരിക്കുന്നത്. 3.4 കോടി രൂപയിലാണ് ഈ കാറിന്റെ വില ആരംഭിക്കുന്നത്. 'ഫെറാരി പോര്‍ട്ഫിനോ', 'ബെര്‍ലിനെറ്റാസ് യുണീക് എന്നീ തന്റെ മറ്റ് സൂപ്പര്‍ കാറുകളില്‍ ഇടയ്ക്കിടെ കറങ്ങുന്നതും ഈ ബിസിനസുകാരന്റെ ഹോബിയാണ്.