ടകൈച്ചിയുടെ വൻവിജയം: ജപ്പാനിൽ ഓഹരി വിപണി കുതിച്ചുകയറി; നയസ്ഥിരതയിലേക്കുള്ള പ്രതീക്ഷ

ടകൈച്ചിയുടെ വൻവിജയം: ജപ്പാനിൽ ഓഹരി വിപണി കുതിച്ചുകയറി; നയസ്ഥിരതയിലേക്കുള്ള പ്രതീക്ഷ


ടോക്യോ: ജപ്പാനിൽ പ്രധാനമന്ത്രി സനെയ് ടകൈച്ചിയുടെ ചരിത്രപ്രാധാന്യമുള്ള തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഓഹരി വിപണി ശക്തമായി ഉയർന്നു. തിങ്കളാഴ്ച വിപണി തുറന്നതോടെ ജാപ്പനീസ് ഓഹരികൾ കുതിച്ചുയരുകയായിരുന്നു. മാധ്യമങ്ങൾ ഈ വിജയത്തെ 'ചരിത്ര വിജയം' എന്നാണു വിശേഷിപ്പിച്ചത്.

രാഷ്ട്രീയ അനിശ്ചിതത്വം മാറിയതോടെ വിപണി ഉത്സാഹത്തിൽ

വൻ ഭൂരിപക്ഷം നേടുമെന്ന പ്രവചനങ്ങൾ പുറത്തുവന്നതോടെ, രാഷ്ട്രീയ അനിശ്ചിതത്വത്തെക്കുറിച്ചുള്ള ആശങ്കകൾ മാറിയെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. ടകൈച്ചിയുടെ സാമ്പത്തിക നയങ്ങൾ ജപ്പാൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുമെന്ന പ്രതീക്ഷയും നിക്ഷേപകർക്കിടയിൽ ശക്തമായി.

ഉത്തേജന പാക്കേജുകൾ, നികുതി പരിഷ്‌കരണങ്ങൾ, നിയന്ത്രണങ്ങൾ ലഘൂകരിക്കൽ തുടങ്ങിയ നീക്കങ്ങൾ നിലവിലുള്ള 'ബുൾ ട്രെൻഡിന്' അധിക ഇന്ധനമാകുമെന്നാണ് വിലയിരുത്തൽ. 'ഇത് വിപണിക്ക് വളരെ അനുകൂലമായ സാഹചര്യമാണെ'ന്ന് നിക്ഷേപ വിദഗ്ധ യൂക മാരോസെക് അഭിപ്രായപ്പെട്ടു.

യെൻ ശക്തമാകുന്നു, പലിശനിരക്ക് പ്രതീക്ഷകൾ

തിരഞ്ഞെടുപ്പ് ഫലം ജപ്പാനെ കൂടുതൽ ശക്തമാക്കുന്നതാണെന്നും, അതിന്റെ പ്രതിഫലനം യെൻ മൂല്യം വർധിക്കുന്നതിലൂടെ കാണാനാകുന്നുവെന്നും കാലിഫോർണിയ സർവകലാശാല (സാൻ ഡിയാഗോ)യിലെ പ്രൊഫസർ ഉൽറിക്കെ ഷേഡെ പറഞ്ഞു. പലിശനിരക്കുകൾ പ്രതീക്ഷിച്ചതിലുപരി ഉയർന്നേക്കാമെന്ന വിലയിരുത്തലും ശക്തമാണ്.

ഇക്കണോമിസ്റ്റ് ജെസ്പർ കൊല്ലിന്റെ അഭിപ്രായത്തിൽ, ടകൈച്ചിയുടെ വിജയം ജപ്പാൻ ബാങ്കിന് (BOJ) വ്യക്തമായ രാഷ്ട്രീയ പിന്തുണ നൽകുന്നു. ഈ വർഷം രണ്ട് തവണയല്ല, മൂന്ന് തവണ വരെ പലിശനിരക്ക് ഉയർന്നേക്കാമെന്ന് വിപണി കണക്കാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

യുഎസ്‌ചൈന സമവാക്യം: ടകൈച്ചിക്ക് നിർണായക പരീക്ഷ

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മാർച്ചിൽ ടകൈച്ചി അമേരിക്ക സന്ദർശിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തും. അധികാരമേൽക്കുന്നതിന് ശേഷം ഇരുവരും കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമായല്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ട്രംപ് ടകൈച്ചിയെ പിന്തുണച്ചതും, വിജയത്തിന് ശേഷം പ്രശംസിച്ചതും ശ്രദ്ധേയമായിരുന്നു.

യുഎസ്-ജപ്പാൻ സഖ്യം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം, തീരുവ കരാറിന്റെ വിശദാംശങ്ങൾ ഉറപ്പാക്കുക എന്നതും ഈ സന്ദർശനത്തിന്റെ ലക്ഷ്യമാണ്. അതേസമയം,  ടോക്യോ-ബെയ്ജിംഗ് ബന്ധത്തിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപ്-ഷി ഉച്ചകോടിക്ക് മുൻപുള്ള ഈ സന്ദർശനം.

കഴിഞ്ഞ വർഷം, ചൈന തായ്‌വാനെ ആക്രമിച്ചാൽ ജപ്പാൻ സൈനികമായി പ്രതികരിക്കുമെന്ന ടകൈച്ചിയുടെ പരാമർശം ചൈനയുമായുള്ള ബന്ധം കൂടുതൽ വഷളാക്കിയിരുന്നു. വ്യാപാരവും നയതന്ത്ര ബന്ധങ്ങളും ചർച്ചകളിൽ പ്രധാന വിഷയങ്ങളാകും.

ചൈനയെക്കുറിച്ച് കടുത്ത നിലപാടുള്ള നേതാവായ ടകൈച്ചിക്ക്, ലോകത്തിലെ ഏറ്റവും ശക്തമായ രണ്ട് രാജ്യങ്ങളായ യുഎസിനും ചൈനയ്ക്കുമിടയിൽ ജപ്പാനെ തുല്യമായി നയിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ആ 'സമതുലിത നയം' തന്നെയാകും ടകൈച്ചിയുടെ പ്രധാനമന്ത്രിസ്ഥാനം എങ്ങനെ ഓർക്കപ്പെടുമെന്ന് നിർണയിക്കുക.