മോശം പ്രകടനം: 3,600 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി മെറ്റ

മോശം പ്രകടനം: 3,600 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി മെറ്റ


ന്യൂയോര്‍ക്ക്: മോശം പ്രകടനം കാഴ്ചവയ്ക്കുന്നവരായി കണ്ടെത്തിയ ഏകദേശം 3,600 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി പ്രമുഖ അമേരിക്കന്‍ കമ്പനി മെറ്റ. പകരം പുതിയ ആളുകളെ കമ്പനി നിയമിക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ജീവനക്കാരെ പിരിച്ചുവിടാന്‍ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് തീരുമാനം എടുത്തത്. ഇത് കമ്പനിയുടെ അഞ്ച് ശതമാനം ജീവനക്കാരെ ബാധിക്കും. സെപ്റ്റംബര്‍ വരെയുള്ള കണക്ക് അനുസരിച്ച് മെറ്റയ്ക്ക് ഏകദേശം 72,400 ജീവനക്കാരാണ് ഉള്ളത്.

'മാനേജ്‌മെന്റിന്റെ പെര്‍ഫോമന്‍സ് പരിധി ഉയര്‍ത്താനും താഴ്ന്ന പ്രകടനം കാഴ്ചവയ്ക്കുന്നവരെ വേഗത്തില്‍ പുറത്താക്കാനും ഞാന്‍ തീരുമാനിച്ചു'- മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. കമ്പനിയില്‍ ജോലി ചെയ്യുന്നത് പ്രതിഭകളാണെന്നും പുതിയ ആളുകളെ നിയമിക്കാന്‍ കഴിയുമെന്നും ഉറപ്പാക്കാനാണ് പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള വെട്ടിച്ചുരുക്കലുകള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ യുഎസ് കമ്പനികളില്‍ ഇത്തരം പിരിച്ചുവിടലുകള്‍ സാധാരണ രീതിയാണ്. കഴിഞ്ഞയാഴ്ച മൈക്രോസോഫ്റ്റ് സമാനമായ വെട്ടിച്ചുരുക്കലുകള്‍ പ്രഖ്യാപിച്ചിരുന്നു. കമ്പനിയിലെ തൊഴില്‍ശേഷിയുടെ ഒരു ശതമാനത്തില്‍ താഴെ പേരെ മാത്രമാണ് ഇത് ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിലവിലെ പെര്‍ഫോമന്‍സ് സൈക്കിളിന്റെ അവസാനത്തോടെ തൊഴില്‍ശേഷിയുടെ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഏകദേശം 3,600 ജീവനക്കാരെ ഒഴിവാക്കാനുള്ള നീക്കം. മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെ ഇത് ബാധിക്കും. ബാധിച്ച ജീവനക്കാര്‍ക്ക് 'ഉദാരമായ പിരിച്ചുവിടല്‍' ലഭിക്കുമെന്നും കമ്പനി ഉറപ്പ് നല്‍കിയതായി ജീവനക്കാര്‍ക്ക് അയച്ച മെമ്മോയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.