വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടങ്ങിവെച്ച താരിഫ് യുദ്ധം തിരിച്ചടിക്കുന്നു. അക്രമാസക്തമായി വിദേശ രാജ്യങ്ങള്‍ക്ക് താരിഫുകള്‍ ചുമത്തിയതോടെ അമേരിക്കന്‍ ഉല്പന്നങ്ങള് ബഹിഷ്കരിക്കാനുള്ള പ്രവണത ശക്തമായി. വിശേഷിച്ച് ട്രംപിന്റെ ഉറ്റ സുഹൃത്തായ ലോക കോടീശ്വരന് ഇലോണ്‍ മസ്കിന്റെ ടെസ്ല കാറുകള്‍ക്കാണ് ഏറ്റവും വലിയ പ്രഹരം ലഭിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ടെസ്ല ബഹിഷ്കരണ കാമ്പയിന് ശക്തമായി തുടരുകയാണ്. ടെസ്ല കാര്‍ വില്പനയില് ജര്‍മനിയില്‍ 70 ശതമാനവും പോര്‍ചുഗലില്‍ 50 ശതമാനവും ഫ്രാന്‍സില്‍ 45 ശതമാനവും സ്വീഡനില്‍ 42 ശതമാനും നോര്‍വേയില്‍ 48 ശതമാനവും ഇടിവുണ്ടായതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഒരു മാസത്തിനിടെ ടെസ്ലയുടെ ഓഹരി മൂല്യം 32 ശതമാനത്തിലേറെ ഇടിഞ്ഞു. 12,000 കോടി ഡോളറിന്റെ (10.45 ലക്ഷം കോടി രൂപ) ഇടിവാണ് വിപണിമൂല്യത്തില്‍ ഉണ്ടായത്. ന്യായമായ വാണിജ്യത്തിനായുള്ള ഇടപെടലുകളെ തങ്ങള്‍ പിന്തുണക്കുന്നതായും എന്നാല്‍, ഇത് യു.എസ് ഉല്പന്നങ്ങളെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും യു.എസ് വാണിജ്യ പ്രതിനിധി ജെമേഴ്സണ്‍ ഗ്രീറിന് അയച്ച കത്തില്‍ ടെസ്ല ആവശ്യപ്പെട്ടു. ബഹിഷ്കരണം മാത്രമല്ല ടെസ്ല നേരിടുന്ന വെല്ലുവിളി. കാറിന്റെ ബാറ്ററി ഉള്‍പ്പെടെ പല ഭാഗങ്ങളും ടെസ്ല വിവിധ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. യു.എസ് താരിഫ് ഉയര്‍ത്തുന്നതോടെ ഇറക്കുമതി ചെലവും അതുവഴി ഉല്പാദന ചെലവും കൂടും. ഇത് ലാഭത്തില്‍ കുറവുവരുത്തും.
അതേസമയം, ടെസ്ല ചൈനയിലും വന്‍ തിരിച്ചടി നേരിടുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അമേരിക്ക കഴിഞ്ഞാല്‍ ടെസ്ലയുടെ ഏറ്റവും വലിയ വിപണിയായ ചൈനയില്‍ ഷവോമി, ബിവൈഡി തുടങ്ങിയ തദ്ദേശീയ കമ്പനികള്‍ നൂതന സാങ്കേതിക വിദ്യയും മികച്ച രൂപകല്പനയിലും പുറത്തിറക്കിയ ൈവദ്യുതി കാറുകള്‍ വിപണിയില്‍ തരംഗമായിരിക്കുകയാണ്. ടെസ്ലയുടെ പകുതി വിലക്ക് ലഭിക്കുകയും ചെയ്യും.
അതിനിടെ തന്റെ ചങ്ങാതിയെ സഹായിക്കാന്‍ ട്രംപ് ആവുംവിധം ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച അദ്ദേഹം പുതിയ ചുവപ്പ് ടെസ്ല കാര്‍ വാങ്ങി അതിമനോഹരം എന്ന് പറയുന്ന വിഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. ഇലോണ്‍ മസ്കും കൂടെയുണ്ടായിരുന്നു. ഇടത് മൗലികവാദ ഭ്രാന്തന്മാര് അനധികൃതമായി ഗൂഢാലോചന നടത്തി ടെസ്ലയെ ബഹിഷ്കരിക്കുന്നുവെന്ന് കഴിഞ്ഞയാഴ്ച ട്രംപ് ആരോപിച്ചു. മസ്കിന് പണി കിട്ടാതിരിക്കാന്‍ ട്രംപ് വാണിജ്യനയം (താരിഫ് ഭീഷണി) തിരുത്തിയെഴുതുമോ എന്നാണ് ഉറ്റുനോക്കുന്നത്.
പിന്കുറി: ആഡംബര കാറുകള്‍ക്ക് ഇന്ത്യ നൂറുശതമാനത്തിലധികം താരിഫ് ചുമത്തിയിരുന്നത് കുറക്കാന്‍ ധാരണയായിട്ടുണ്ട്. 15 ശതമാനമായി കുറക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര് എന്നിവരുടെ യു.എസ് സന്ദര്‍ശനത്തിനിടെ യു.എസ് ചെലുത്തിയ സമ്മര്‍ദത്തില്‍ ഇന്ത്യ വീണു. കാനഡയും മെക്സിക്കോയും ചൈനയുമെല്ലാം താരിഫ് ഭീഷണിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്കിയപ്പോള് ഇന്ത്യ നിരുപാധികം വഴങ്ങി. ടെസ്ലക്ക് വേണ്ടിയാണ് ട്രംപ് ഇന്ത്യക്കുമേല്‍ ഇക്കാര്യത്തില്‍ സമ്മര്‍ദം ചെലുത്തിയതെന്നാണ് വിപണി വര്‍ത്തമാനം.
ട്രംപിന്റെ താരിഫ് യുദ്ധം ഇലോണ്‍ മസ്കിന് തിരിച്ചടിയായി; യൂറോപ്പില്‍ ടെസ്ല ബഹിഷ്കരണ കാമ്പയിന് ശക്തം
