സിയോള്‍: ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കന്‍ മേഖലയില്‍ ഉണ്ടായ കാട്ടുതീയില്‍ മരണസംഖ്യ 24 ആയി ഉയര്‍ന്നു. വാരാന്ത്യത്തില്‍ ഒരു ഡസനിലധികം തീപിടുത്തങ്ങള്‍ ഉണ്ടായതിനാല്‍ റോഡുകളിലൂടെ യാത്രകള്‍ തടസ്സപ്പെടുകയും ആശയവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിക്കപ്പെടുകുയം ചെയ്തതിനാല്‍ ഏകദേശം 27,000 ആളുകളെ അടിയന്തരമായി ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതമായി.
തീപിടുത്തങ്ങള്‍ കടുത്ത നാശനഷ്ടങ്ങള്‍ക്ക് കാരണമായതിന് പുറമേ യുനെസ്‌കോയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രണ്ട് സ്ഥലങ്ങള്‍ക്ക് ഭീഷണിയുമാണ്. കാറ്റില്‍ നിന്നുള്ള തീജ്വാലകള്‍ അടുത്ത പ്രദേശങ്ങളെയെല്ലാം വിഴുങ്ങി.
ഇതുവരെ കാട്ടുതീയില്‍ 24 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ആഭ്യന്തര, സുരക്ഷാ മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. പ്രാഥമിക കണക്കുകളും മരണസംഖ്യയും ഉയര്‍ന്നേക്കാമെന്ന് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
തീപിടുത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും പ്രദേശവാസികളാണെങ്കിലും കുറഞ്ഞത് മൂന്ന് അഗ്നിശമന സേനാംഗങ്ങളെങ്കിലും കൊല്ലപ്പെട്ടു. ഒരു പര്‍വതപ്രദേശത്ത് വിമാനം തകര്‍ന്ന് അഗ്നിശമന സേനയുടെ ഹെലികോപ്റ്റര്‍ പൈലറ്റും മരിച്ചതായി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, തീപിടുത്തത്തില്‍ 17,398 ഹെക്ടര്‍ (42,991 ഏക്കര്‍) കത്തിനശിച്ചു. ഇതില്‍ 87 ശതമാനവും ഉയിസോങ് കൗണ്ടിയിലാണ്. 2000 ഏപ്രിലില്‍ 23,913 ഹെക്ടര്‍ കത്തിനശിച്ച കാട്ടുതീക്ക് ശേഷം ദക്ഷിണ കൊറിയയിലെ രണ്ടാമത്തെ വലിയ കാട്ടുതീയാണിത്.
പ്രതിസന്ധി മുന്നറിയിപ്പ് പുറപ്പെടുവിച്ച സര്‍ക്കാര്‍ ചില തടവുകാരെ പ്രദേശത്തെ ജയിലുകളില്‍ നിന്ന് മാറ്റി.
ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് അധികൃതര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും ഒരു ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചതിനെത്തുടര്‍ന്ന് അത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. മാറിക്കൊണ്ടിരിക്കുന്ന കാറ്റിന്റെ രീതികളും വരണ്ട കാലാവസ്ഥയും പരമ്പരാഗത അഗ്നിശമന സാങ്കേതിക വിദ്യകളുടെ പരിമിതികളെ എടുത്തുകാണിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യുനെസ്‌കോയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളായ ബിയോങ്സാന്‍ സിയോവോണ്‍, ചരിത്രപരമായ ഹാഹോ ഫോക്ക് വില്ലേജ് എന്നിവയ്ക്കും തീപിടുത്തം ഭീഷണി ഉയര്‍ത്തുന്നു.
ഓല മേഞ്ഞ മേല്‍ക്കൂരകളുള്ള ചില വീടുകളുള്ള ഹാഹോ ഗ്രാമത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ തീപിടുത്തം എത്തിയിരുന്നു. പവലിയന്‍ ശൈലിയിലുള്ള പുരാതന അക്കാദമികള്‍ക്ക് പേരുകേട്ട ബിയോങ്സാന്‍ സിയോവണിന് സമീപം അഗ്നിശമന സേനാംഗങ്ങള്‍ തയ്യാറായി നില്‍പ്പുണ്ട്. ചരിത്രപരമായ സ്ഥലങ്ങള്‍ക്ക് മുകളിലുള്ള ആകാശം പുകയും ചാരവും കൊണ്ട് ചാരനിറമായി മാറിയതിനാല്‍ അഗ്നിശമന സേനാംഗങ്ങള്‍ വെള്ളവും തീ അണക്കാനുള്ള കെമിക്കലുകളഉം തളിച്ചു.
ശരാശരിയിലും താഴെ മഴയുള്ള അസാധാരണമാംവിധം വരണ്ട കാലാവസ്ഥയാണ് തീപിടുത്തത്തിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. ഇത് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടതാണ്.