ഹൈദരാബാദിൽ കോസ്റ്റ്‌കോയുടെ ആദ്യ കാൽവെപ്പ്: ഗ്ലോബൽ ക്യാപബിലിറ്റി സെന്റർ ആരംഭിക്കുന്നു

ഹൈദരാബാദിൽ കോസ്റ്റ്‌കോയുടെ ആദ്യ കാൽവെപ്പ്: ഗ്ലോബൽ ക്യാപബിലിറ്റി സെന്റർ ആരംഭിക്കുന്നു


ഹൈദരാബാദ്:  അമേരിക്കൻ റീട്ടെയിൽ ഭീമനായ കോസ്റ്റ്‌കോ ഹോൾസെയിൽ ഇന്ത്യയിൽ ആദ്യമായി ഔദ്യോഗിക സാന്നിധ്യം അറിയിക്കുന്നു. ഹൈദരാബാദിനെ ആസ്ഥാനമാക്കി ഗ്ലോബൽ ക്യാപബിലിറ്റി സെന്റർ (ഏഇഇ) ആരംഭിക്കാനാണ് കോസ്റ്റ്‌കോയുടെ തീരുമാനം. ഇന്ത്യയിലെ വേഗത്തിൽ വളരുന്ന ടെക്-കോർപ്പറേറ്റ് മേഖലയിൽ കോസ്റ്റ്‌കോ നടത്തുന്ന ആദ്യ വലിയ നിക്ഷേപമാണിത്.

വിദേശരാജ്യങ്ങളിലെ പോലെ റീട്ടെയിൽ വെയർഹൗസുകളല്ല ഹൈദരാബാദ് കേന്ദ്രം. പകരം, കോസ്റ്റ്‌കോയുടെ ആഗോള പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന സാങ്കേതികവിദ്യ, ഡേറ്റ അനലിറ്റിക്‌സ്, ഫിനാൻസ്, ഡിജിറ്റൽ സിസ്റ്റങ്ങൾ തുടങ്ങിയ മേഖലകളിലെ ഗവേഷണ-ടെക് ഹബ്ബായിരിക്കും ഇത് പ്രവർത്തിക്കുക.

ആദ്യ ഘട്ടത്തിൽ ഏകദേശം 1,000 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ. വരും വർഷങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കാനും കൂടുതൽ നിയമനം നടത്താനും കമ്പനി പദ്ധതിയിടുന്നു.

ഇന്ത്യയിലെ കഴിവുള്ള മാനവവിഭവ ശേഷിയിലേക്കും, ആഗോള കമ്പനികളുടെ ടെക്-ഇന്നൊവേഷൻ കേന്ദ്രങ്ങൾക്ക് പ്രിയപ്പെട്ട നഗരമായി മാറിയ ഹൈദരാബാദിന്റെ പ്രതിച്ഛായയോടുള്ള കോസ്റ്റ്‌കോയുടെ വിശ്വാസമാണ് ഈ നീക്കമെന്ന് വ്യവസായ വിദഗ്ധർ വിലയിരുത്തുന്നു. ലോകമാകെയുള്ള കോസ്റ്റ്‌കോ ടീമുകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ, കമ്പനിയുടെ ആഗോള ശൃംഖലയിൽ ഹൈദരാബാദ് ഒരു പ്രധാന കേന്ദ്രമായി മാറും.

നിരവധി അന്താരാഷ്ട്ര കമ്പനികൾ ഇതിനകം തന്നെ ഹൈദരാബാദിൽ പ്രവർത്തനം ആരംഭിച്ചതിന്റെ തുടർച്ചയായാണ് കോസ്റ്റ്‌കോയുടെ വരവ്. ഇത് നഗരത്തിന്റെ ടെക്-റിസർച്ച് ഹബ്ബ് സ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയിൽ റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് നിലവിൽ ഔദ്യോഗിക പ്രഖ്യാപനം ഇല്ല. എന്നിരുന്നാലും, ഈ ടെക്‌നോളജി കേന്ദ്രം കോസ്റ്റ്‌കോയുടെ ദീർഘകാല ഇന്ത്യ തന്ത്രത്തിലെ ആദ്യ ചുവടുവെപ്പായി കണക്കാക്കപ്പെടുന്നു.