തിരുവനന്തപുരം: ആസ്സാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ മുസ്ലിം വംശഹത്യയ്ക്ക് പരസ്യമായി ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ച നടപടി രാജ്യത്തിന്റെ മതനിരപേക്ഷ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആസ്സാം ബിജെപിയുടെ ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടില്‍ നിന്നാണ് മുസ്ലിങ്ങള്‍ക്കുനേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആസ്സാമിലെ മിയാ മുസ്ലിങ്ങള്‍ക്കെതിരേ ഹിമന്ത ബിശ്വ ശര്‍മ തുടര്‍ച്ചയായി നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളും പരാമര്‍ശങ്ങളും ബിജെപിയുടെ മനുഷ്യത്വവിരുദ്ധവും വിഭജനപരവുമായ രാഷ്ട്രീയത്തിന്റെ തെളിവാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുന്ന സാഹചര്യത്തില്‍ ഭൂരിപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ തന്നെ ഭരണഘടനയെ വെല്ലുവിളിക്കുന്ന രീതിയില്‍ വര്‍ഗീയത പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
'മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ഒരു മതനിരപേക്ഷ രാജ്യത്ത് ഒരു സംസ്ഥാനത്തെ നയിക്കാന്‍ കഴിയുക?' എന്ന ചോദ്യം ഉയര്‍ത്തിയ മുഖ്യമന്ത്രി, ഹിമന്ത ബിശ്വ ശര്‍മയെ തിരുത്താന്‍ ഇതുവരെ ബിജെപിയുടെ ദേശീയ നേതൃത്വം തയ്യാറായിട്ടില്ലെന്നതും ശ്രദ്ധയില്‍പ്പെടുത്തി. ബിജെപി പുറത്തുപറയാന്‍ മടിക്കുന്ന കാര്യങ്ങളാണ് ആസ്സാം മുഖ്യമന്ത്രി തുറന്നു പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മിയാ മുസ്ലിങ്ങളെ ബുദ്ധിമുട്ടിക്കുക തന്നെയാണ് തന്റെ ജോലിയെന്നും അവരെ സമ്മര്‍ദത്തിലാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും പരസ്യമായി പറയുന്ന മുഖ്യമന്ത്രിയെ നിയന്ത്രിക്കാന്‍ ആര്‍എസ്എസ് നയിക്കുന്ന ബിജെപിക്ക് താല്‍പര്യമോ ത്രാണിയോ ഇല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഒരുകാലത്ത് കോണ്‍ഗ്രസ് നേതാവും ആസ്സാം സര്‍ക്കാരിലെ പ്രധാന മന്ത്രിയുമായിരുന്ന ഹിമന്ത ബിശ്വ ശര്‍മ 2015ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നശേഷം വടക്കുകിഴക്കന്‍ ഇന്ത്യയിലെ ബിജെപിയുടെ വര്‍ഗീയ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തിയായി മാറിയതായും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പദവിയില്‍ ഇരുന്നുകൊണ്ട് മുസ്ലിം ന്യൂനപക്ഷങ്ങളെ നിരന്തരം അപമാനിക്കുന്ന പ്രസ്താവനകള്‍ നടത്തുന്ന ഹിമന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തത്, അദ്ദേഹം പറഞ്ഞത് ബിജെപിയുടെ ഉള്ളിലെ നിലപാടുകളാണെന്നതിന്റെ തെളിവാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
ഹിമന്ത ബിശ്വ ശര്‍മയുടെ നടപടികള്‍ മതനിരപേക്ഷ സമൂഹത്തെ ഞെട്ടിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍
