വാഷിംഗ്ടൺ: കാനഡയെയും അമേരിക്കയിലെ ഡെട്രോയിറ്റിനെയും ബന്ധിപ്പിക്കുന്ന പുതിയ അന്താരാഷ്ട്ര പാലം തുറക്കുന്നത് തടയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. കാനഡയുമായി നിലനിൽക്കുന്ന രാഷ്ട്രീയ-വ്യാപാര തർക്കങ്ങൾക്ക് പുതിയ ഇന്ധനം പകരുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം.
എട്ട് വർഷത്തെ നിർമാണത്തിന് ശേഷം പൂർത്തിയാകാനിരിക്കുന്ന ഗോർഡി ഹൗ ഇന്റർനാഷണൽ ബ്രിഡ്ജ് 1.5 മൈൽ നീളമുള്ള കേബിൾ സ്റ്റേയ്ഡ് പാലമാണ്. വിൻസർ-ഡെട്രോയിറ്റ് അതിർത്തിയിലൂടെ നടക്കുന്ന വ്യാപാര ഗതാഗതത്തിലെ തിരക്ക് കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നിർമാണ ചെലവിന്റെ ഭൂരിഭാഗവും കാനഡയാണ് വഹിച്ചത്. 2026 ആദ്യം പാലം തുറക്കാനായിരുന്നു പദ്ധതി.
എന്നാൽ 'അമേരിക്കയ്ക്ക് അർഹിക്കുന്ന നീതിയും ബഹുമാനവും ലഭിക്കുന്നതുവരെ ഈ പാലം തുറക്കാൻ അനുവദിക്കില്ല. അമേരിക്ക നൽകിയതെല്ലാം പരിഗണിച്ച് പൂർണമായ നഷ്ടപരിഹാരം ലഭിക്കണം. ഈ ആസ്തിയിൽ കുറഞ്ഞത് പകുതി ഉടമസ്ഥാവകാശമെങ്കിലും അമേരിക്കയ്ക്ക് വേണം' എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈറ്റ് ഹൗസും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഓഫീസും വിഷയത്തിൽ പ്രതികരിച്ചില്ല. പാലം നിയന്ത്രിക്കുന്ന കാനഡ സർക്കാർ ഏജൻസിയും പ്രതികരണം നൽകിയിട്ടില്ല.
യു.എസ്. മദ്യം സർക്കാർ ലിക്വർ സ്റ്റോറുകളിൽ വിൽക്കാൻ ഒന്റാറിയോ സർക്കാർ അനുവദിക്കാത്തതും, കാനഡ-ചൈന വ്യാപാര ധാരണയും, അമേരിക്കൻ പാൽ ഉൽപ്പന്നങ്ങൾക്ക് കാനഡ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും സംബന്ധിച്ച് ട്രംപ് വിമർശനമുന്നയിച്ചിരുന്നു. ചൈനയിൽ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് കുറഞ്ഞ തീരുവ അനുവദിച്ച കാനഡയുടെ തീരുമാനവും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാലം പദ്ധതി റദ്ദാക്കുകയാണെങ്കിൽ മിഷിഗണിലെ വ്യാപാരങ്ങൾക്ക് വലിയ നഷ്ടമുണ്ടാകുമെന്നും തൊഴിൽ അവസരങ്ങൾ കുറയുമെന്നും സെനറ്റർ എലിസ സ്ലോട്ട്കിൻ മുന്നറിയിപ്പ് നൽകി.
2012ൽ അമേരിക്കയും കാനഡയും ചേർന്നാണ് പാലം നിർമ്മിക്കാൻ കരാർ ഒപ്പുവെച്ചത്. ടോൾ പിരിവ് കാനഡ നടത്തും; അമേരിക്കൻ ഭാഗത്ത് ടോൾ ഇല്ല. മിഷിഗണിന് നിർമാണ ചെലവിൽ പങ്കില്ല. 4.4 ബില്യൺ ഡോളറാണ് ഗോർഡി ഹൗ പാലത്തിന്റെ മൊത്തം ചെലവ്.
അമേരിക്ക-കാനഡ ബന്ധം അടുത്ത കാലത്തായി വഷളായിക്കൊണ്ടിരിക്കുകയാണ്. ചൈനയുമായുള്ള കാനഡയുടെ വ്യാപാര ധാരണയും ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര നയങ്ങളോടുള്ള വിമർശനങ്ങളും സംഘർഷം വർധിപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് പുതിയ പാലത്തെച്ചൊല്ലിയുള്ള ട്രംപിന്റെ ഭീഷണി ഇരുരാജ്യ ബന്ധത്തിൽ പുതിയ വിവാദമായി മാറുന്നത്.
കാനഡ-ഡെട്രോയിറ്റ് പുതിയ പാലം: തുറക്കാൻ അനുവദിക്കില്ലെന്ന് ട്രംപിന്റെ ഭീഷണി
