നടികര്‍ മെയ് മൂന്നിന്

നടികര്‍ മെയ് മൂന്നിന്


കൊച്ചി: വിശാലമായ ക്യാന്‍വാസില്‍ വ്യത്യസ്ഥമായ അര ഡസനോളം ലൊക്കേഷനുകളിലൂടെ ഒരുക്കുന്ന നടികര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു.

മെയ് മൂന്നിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗോഡ് സ്പീഡ് ആന്റ് മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, വൈ രവിശങ്കര്‍, അലന്‍ ആന്റണി, അനൂപ് വേണു ഗോപാല്‍ എന്നിവരാണ് നിര്‍മ്മിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ വന്‍കിട നിര്‍മ്മാതാക്കളാണ് മൈത്രി മൂവി മേക്കേഴ്‌സ്. പുഷ്പ പോലെ വമ്പന്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചു പോരുന്ന നിര്‍മ്മാണ സ്ഥാപനമാണ് മൈത്രിമൂവി മേക്കേഴ്‌സ്.

ഈ നിര്‍മ്മാണ സ്ഥാപനത്തിന്റെ മലയാളത്തി ലേക്കുള്ള കടന്നു വരവിന് സാക്ഷ്യമാകുന്ന ചിത്രം കൂടിയായിരിക്കും നടികര്‍.

ഡ്രൈവിംഗ് ലൈസന്‍സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന്റെ പ്രസക്തി ഏറെ വലുതാണ്.

നാല്‍പ്പതു കോടി രൂപയുടെ ബജറ്റാണ് ഈ ചിത്രത്തിനു വേണ്ടി കണ്ടിരുന്നതെങ്കിലും അതില്‍ നിന്നെല്ലാം വളരെ മുന്നോട്ടു പോകേണ്ട സാഹചര്യങ്ങളാണ് ഉണ്ടായതെന്ന് നിര്‍മ്മാതാക്കളായ അലന്‍ ആന്റണിയും അനൂപ് വേണുഗോപാലും വ്യക്തമാക്കി.

സിനിമയാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഒരു സൂപ്പര്‍ താരത്തിന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. പശ്ചാത്തലം ഏതാണങ്കിലും ഒരു പൊസിഷനില്‍ നില്‍ക്കുന്ന വ്യക്തിയുടെ ജീവിതത്തിലെ സംഘര്‍ഷങ്ങളാണ് പ്രധാനമായും പശ്ചാത്തലമാകുന്നത്.

ഏതു രംഗത്തുള്ളവരാണങ്കിലും അവരുടെ പൊസിഷനുകളില്‍ പ്രതിസന്ധിയുണ്ടായാല്‍ അതിനെ എങ്ങനെ തരണം ചെയ്യാം എന്നാണ് ഏവരും ശ്രമിക്കുക. ഇവിടെ പ്രതിസന്ധി ഉണ്ടായിരിക്കുന്നത് ഡേവിഡ് പടിക്കല്‍ എന്ന സൂപ്പര്‍ താരത്തിനാണ്.

ആ പ്രതിസന്ധികള്‍ എങ്ങനെ തരണം ചെയ്യാം എന്നതാണ് ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നത്.

പ്രേക്ഷകര്‍ക്ക് ഏറെ കൗതുകമുള്ളതാണ് സിനിമയുടെ പശ്ചാത്തലം. വര്‍ണ്ണപ്പൊലിമയും ഇമേജുമൊക്കെ ആരെയും ആകര്‍ഷിക്കുന്നതാണ്. അത്തരത്തില്‍ പ്രേക്ഷകര്‍ക്ക് ആസ്വാദകരമായ നിരവധി മൂഹൂര്‍ത്തങ്ങളിലൂടെയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

ടൊവിനോ തോമസാണ് ഡേവിഡ് പടിക്കല്‍ എന്ന കേന്ദ്രകഥാപാത്രത്തെ ഭദ്രമാക്കുന്നത്.

ഡേവിഡ് പിക്കലിന്റെ താങ്ങും തണലുമായി എത്തുന്ന രണ്ടു കഥാപാത്രങ്ങളാണ് ബാലയും ലെനിനും.

ഇവരെ സൗബിന്‍ ഷാഹിറും ബാലു വര്‍ഗീസുമാണ് അവതരിപ്പിക്കുന്നത്. ഭാവനയാണ് നായികയായി എത്തുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍, അനുപ് മേനോന്‍, സുരേഷ് കൃഷ്ണ, വീണാ നന്ദകുമാര്‍, ഇന്ദ്രന്‍സ്, അല്‍ത്താഫ് സലിം, മധുപാല്‍, സഞ്ജു ശിവറാം, ഗണപതി, മണിക്കുട്ടന്‍, ഖാലിദ് റഹ്‌മാന്‍, ജയരാജ് കോഴിക്കോട്, അഭിരാം പൊതുവാള്‍, മനോഹരി ജോയ്, മാലാ പാര്‍വ്വതി, അറിവ്, ബിപിന്‍ ചന്ദ്രന്‍, ദേവികാ ഗോപാല്‍ ബേബി ആരാധ്യ, അഖില്‍ കണ്ണപ്പന്‍, ജസീര്‍ മുഹമ്മദ്, രഞ്ജിത്ത്, ഖയസ് മുഹമ്മദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രചന- സുനില്‍ സോമശേഖരന്‍, സംഗീതം- യാക്‌സന്‍ ഗാരി പെരേരാ, നെഹാ നായര്‍, നെഹാസക്‌സേന, ഛായാഗ്രഹണം- ആല്‍ബി, എഡിറ്റിംഗ്- രതീഷ് രാജ്, പി ആര്‍ ഒ- വാഴൂര്‍ ജോസ്.