' ബന്ധങ്ങള്‍ മോശമായാല്‍ സന്തോഷവും ആരോഗ്യവും നശിക്കും; ഏകാന്തത പകര്‍ച്ചവ്യാധി ' 87 വര്‍ഷമായി തുടരുന്ന പഠനത്തിന്റെ വെളിപ്പെടുത്തല്‍

' ബന്ധങ്ങള്‍ മോശമായാല്‍ സന്തോഷവും ആരോഗ്യവും നശിക്കും; ഏകാന്തത പകര്‍ച്ചവ്യാധി '  87 വര്‍ഷമായി തുടരുന്ന പഠനത്തിന്റെ വെളിപ്പെടുത്തല്‍


എന്തുകിട്ടിയാലാണ് മനുഷ്യര്‍ സന്തുഷ്ടരും ആരോഗ്യവാന്മാരുമായി തീരുന്നത് ?  വിശിഷ്ടമായ ഭക്ഷണങ്ങള്‍, വസ്ത്രങ്ങള്‍, ആവശ്യത്തിലേറെ പണം? ആഢംബരങ്ങള്‍, ആധുനിക സൗകര്യങ്ങള്‍? സൗന്ദര്യം ഇവയിലേതാണ് മനുഷ്യരില്‍ സ്ഥായിയായ സന്തോഷവും സംതൃപ്തിയും നിറയ്ക്കുന്നത്?  ഇവയൊക്കെ കുറച്ചു സമയത്തേക്കുമാത്രം മനുഷ്യരെ സന്തോഷിപ്പിക്കുമെന്നല്ലാതെ എത്ര സന്നന്നരായാലും സ്ഥിരമായ സന്തോഷം ലഭിക്കും എന്നതിനു തെളിവില്ല.

വ്യക്തികളെ സന്തുഷ്ടരും ആരോഗ്യവാന്മാരുമാക്കി മാറ്റുന്നത് എന്താണെന്ന് കണ്ടുപിടിക്കുന്നതിനായി ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പരീക്ഷണങ്ങളിലൊന്ന് നടന്നുവരികയാണ്.

 ഏകദേശം 87 വര്‍ഷം മുമ്പ് തുടക്കം കുറിച്ച ആ പരീക്ഷണം ഇപ്പോഴും തുടരുകയാണെന്ന് ഐഎഫ്എല്‍ സയന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാര്‍വാര്‍ഡ് സ്റ്റഡി ഓഫ് അഡള്‍ട്ട് ഡെവലപ്‌മെന്റ് ആണ് 1938 ല്‍ രണ്ട് വ്യത്യസ്ത പഠനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഈ അന്വേഷണം ആരംഭിച്ചത്. ആദ്യത്തേത് ഡോ. ജോര്‍ജ്ജ് ഇ. വൈലന്റിന്റെ നേതൃത്വത്തില്‍ വില്യം ടി. ഗ്രാന്റ് ഫൗണ്ടേഷന്‍ ധനസഹായം നല്‍കുന്ന ഗ്രാന്റ് സ്റ്റഡി ആയിരുന്നു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ബിരുദ ക്ലാസുകളില്‍ നിന്ന് 268 പുരുഷന്മാരെയാണ് ഈ പഠനത്തിനായി തിരഞ്ഞെടുത്തത്.

അതേസമയം, ബോസ്റ്റണിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്നുള്ള 456 പുരുഷ പങ്കാളികളെ ഉള്‍പ്പെടുത്തി ഗ്ലൂക്ക് പഠനവും ആരംഭിച്ചു. കുട്ടികളില്‍ നിന്ന് പ്രായമാകുമ്പോള്‍ വരെയുള്ള അവരുടെ ആരോഗ്യത്തെയും സന്തോഷത്തെയും ബാധിക്കുന്ന ഘടകങ്ങള്‍ എന്താണെന്ന് അറിയാന്‍ പങ്കെടുക്കുന്നവരെ അവരുടെ ജീവിതത്തിലുടനീളം പിന്തുടരാന്‍ രണ്ട് പരീക്ഷണങ്ങളും ലക്ഷ്യമിടുന്നു.

വിശ്വസിച്ചാലും ഇല്ലെങ്കിലും, യുഎസ് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയും ഈ പഠനത്തില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു. യഥാര്‍ത്ഥ പരീക്ഷണത്തില്‍ പങ്കെടുത്ത കുറച്ച് പേര്‍ മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ പങ്കാളികളുടെ കുട്ടികളെ നിരീക്ഷിക്കുന്ന രണ്ടാം തലമുറ മോഡിലേക്ക് പഠനം ഇപ്പോള്‍ പ്രവേശിച്ചിരിക്കുകയാണ്. സൈക്യാട്രിസ്റ്റ് ഡോ. റോബര്‍ട്ട് വാള്‍ഡിംഗറാണ് ഈ പഠനത്തിന് നേതൃത്വം നല്‍കുന്നത്.

വാള്‍ഡിംഗറും അസോസിയേറ്റ് ഡയറക്ടര്‍ ഡോ. മാര്‍ക്ക് ഷുള്‍സും 'ദി ഗുഡ് ലൈഫ്ഃ ലെസണ്‍സ് ഫ്രം ദി വേള്‍ഡ്‌സ് ലോംഗെസ്റ്റ് സയന്റിഫിക് സ്റ്റഡി ഓഫ് ഹാപ്പിനസ് ' എന്ന പുസ്തകത്തില്‍ തങ്ങളുടെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഏകാന്തത അപകടകരമാണ്.

ബന്ധങ്ങളാണ് ഏറ്റവും പ്രധാനമെന്നതാണ് പഠനത്തിലെ ഏറ്റവും വലിയ വെളിപ്പെടുത്തല്‍. 'നമ്മുടെ ബന്ധങ്ങളും ബന്ധങ്ങളില്‍ നാം എത്രത്തോളം സന്തുഷ്ടരാണ് എന്നതും നമ്മുടെ ആരോഗ്യത്തെ ശക്തമായി സ്വാധീനിക്കുന്നു' എന്ന് വാള്‍ഡിംഗര്‍ 2017ല്‍ ഹാര്‍വാര്‍ഡ് ഗസറ്റിനോട് വെളിപ്പെടുത്തിയിരുന്നു.

'നിങ്ങളുടെ ശരീരത്തെ പരിപാലിക്കേണ്ടത് പ്രധാനമാണ്, എന്നാല്‍ നിങ്ങളുടെ ബന്ധങ്ങളെ പരിപാലിക്കുന്നതും സ്വയം പരിചരണത്തിന്റെ ഒരു രൂപമാണ്. അതാണ് വ്യക്തികളുടെ സന്തോഷത്തിന്റെ രഹസ്യമെന്ന് കരുതുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏകാന്തത ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് , പ്രത്യേകിച്ച് കോവിഡ്-19 കാലഘട്ടം കണക്കിലെടുത്ത് പഠനം കണ്ടെത്തി. മറ്റ് ചില പഠനങ്ങള്‍ അനുസരിച്ച്, ഒറ്റപ്പെടലിന്റെ ഫലങ്ങള്‍ പുകവലി അല്ലെങ്കില്‍ അമിതവണ്ണത്തിന് സമാനമാണ്. പ്രായമായവരില്‍ ഏകാന്തത ഹൃദ്രോഗത്തിന് കാരണമാകും. ഇതിനു വിപരീതമായി, സാമൂഹിക ബന്ധങ്ങള്‍ ഉണ്ടാകുന്നത് മെച്ചപ്പെട്ട മസ്തിഷ്‌ക ആരോഗ്യത്തിലേക്ക് നയിച്ചേക്കാം.

'ഏകാന്തതയെന്ന പകര്‍ച്ചവ്യാധി' ലോകാരോഗ്യ സംഘടനയും ഗുരുതരമായ വിഷയമായി ഉദ്ധരിച്ചിട്ടുണ്ട്. ഈ പ്രശ്‌നം 'ആഗോള പൊതുജനാരോഗ്യ മുന്‍ഗണനയായി അംഗീകരച്ച ലോകാരോഗ്യ സംഘടന പരിഹാരത്തിന് നടപടികള്‍ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം  വ്യക്തികളിലെ അന്തര്‍മുഖത്വം അനാരോഗ്യകരമാണെന്ന് ഇതിനര്‍ത്ഥമില്ല. 'അവര്‍ക്ക് ഒന്നോ രണ്ടോ ശക്തമായ ബന്ധങ്ങള്‍ ആവശ്യമായി വന്നേക്കാം, അവര്‍ക്ക് കൂടുതല്‍ ആളുകളെ ആവശ്യമില്ല. അതില്‍ തെറ്റൊന്നുമില്ലെന്ന് വാള്‍ഡിംഗര്‍ പറയുന്നു.

ബന്ധങ്ങളുടെ എണ്ണമല്ല അതിന്റെ ഗുണനിലവാരമാണ് ആരോഗ്യവും സന്തോഷവും നിര്‍ണയിക്കുന്ന ഘടകം എന്നും പഠനം പറയുന്നു.