ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ മാല്‍വിയ നഗറിലുള്ളഹോട്ടലിലുണ്ടായ വന്‍ അഗ്നിബാധയില്‍ മരിച്ചത് 11 വിദേശികള്‍ ഉള്‍പ്പെടെ 21 പേര്‍.
ഹൗസ് റാണി മേഖലയിലെ ഫ്‌ളോറിഷ് സ്റ്റേ ബി ആ്ന്റ് ബി എന്ന താമസ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. കുറഞ്ഞ ചെലവില്‍ താമസസൗകര്യം തേടുന്ന യാത്രക്കാരും ചികിത്സാ ആവശ്യങ്ങള്‍ക്കായി എത്തുന്ന വിദേശികളും കൂടുതലായി ഉപയോഗിക്കുന്ന പ്രദേശമാണിത്.
തീ അണയ്ക്കാന്‍ അഗ്നിശമനസേനയുടെ നിരവധി യൂണിറ്റുകള്‍ സ്ഥലത്തെത്തിയെങ്കിലും ഇടുങ്ങിയ വഴികള്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. 40-ലധികം പേരെ രക്ഷപ്പെടുത്തിയെങ്കിലും 21 പേര്‍ ആശുപത്രിയിലെത്തും മുമ്പ് മരിക്കുകയോ ചികിത്സയ്ക്കിടെ മരണപ്പെടുകയോ ചെയ്തു.
മരിച്ചവരില്‍ 11 പേര്‍ വിദേശ പൗരന്മാരാണെന്ന് അധികൃതര്‍ അറിയിച്ചു. നിരവധി പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മൂന്ന് ബംഗ്ലാദേശ് പൗരന്മാരും രണ്ട് കാമറൂണ്‍ സ്വദേശികളും രണ്ട് ലിബിയന്‍ പൗരന്മാരും വെന്റിലേറ്ററിലാണ്. രണ്ട് ബംഗ്ലാദേശ് പൗരന്മാരെയും രണ്ട് നേപ്പാള്‍ സ്വദേശികളെയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
പരിക്കേറ്റവരില്‍ പലരും സാകേതിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും ന്യൂഡല്‍ഹിയിലെ എയിംസിലുമാണ് ചികിത്സയില്‍ കഴിയുന്നത്.
പരിക്കേറ്റവരെ സന്ദര്‍ശിക്കുന്നതിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കൃതി വര്‍ധന്‍ സിംഗ് വിവിധ ആശുപത്രികളിലെത്തി. ജീവന്‍ രക്ഷിക്കാനും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാനും ആശുപത്രി ജീവനക്കാര്‍ നടത്തിയ സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ട രാജ്യങ്ങളുടെ എംബസികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കിവരുകയാണെന്നും അറിയിച്ചു.
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായമായി അനുവദിക്കും.
സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമയ്ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഉടമ ലവ്‌കേഷ് ബജാജിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.
പ്രാഥമിക അന്വേഷണത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ജനലുകള്‍ അടച്ചുപൂട്ടി ഗ്രില്‍ സ്ഥാപിച്ചത്, പ്രവര്‍ത്തനക്ഷമമായ ഏക പുറംവാതില്‍ മാത്രം ഉണ്ടായിരുന്നത്, സെന്‍സര്‍ ഗേറ്റുകളുടെ തകരാര്‍, ബേസ്‌മെന്റിലും മുകളിലത്തെ നിലകളിലും അമിത തിരക്ക്, അടിയന്തര രക്ഷാപ്രവര്‍ത്തന വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ സൗകര്യമില്ലായ്മ തുടങ്ങിയവയാണ് കണ്ടെത്തിയ പ്രധാന വീഴ്ചകള്‍.
സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ തരണ്‍ജിത് സന്ധു തലസ്ഥാനത്തെ ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഒരു മാസത്തെ അഗ്നിസുരക്ഷാ പരിശോധനാ ക്യാമ്പയിന് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് നടപടി.
