ന്യൂഡല്‍ഹി : ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്റെ തൊഴില്‍ വിസ പുതുക്കി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. അഞ്ച് മാസത്തിനുള്ളില്‍ ഇന്ത്യവിട്ടത് മൂന്ന് വിദേശ മാധ്യമ പ്രവര്‍ത്തകര്‍. റേഡിയോ ജേര്‍ണലിസ്റ്റായ സെബാസ്റ്റ്യന്‍ ഫാര്‍സിസി?ന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് കേന്ദ്രം റദ്ദാക്കിയിരുന്നു. വിവിധ വിദേശ റേഡിയോകള്‍ക്കായി കഴിഞ്ഞ 13 വര്‍ഷമായി ഇന്ത്യയില്‍ നിന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യപ്രവര്‍ത്തകനാണ് സെബാസ്റ്റ്യന്‍.
വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യ വിടാന്‍ നിര്‍ബന്ധിതനായ കാര്യം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് സെബാസ്റ്റ്യന്‍ വ്യക്തമാക്കിയത്. 'മാര്‍ച്ച് ഏഴിനാണ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ജേര്‍ണലിസ്റ്റ് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷ നിരസിച്ച അറിയിപ്പ് ലഭിച്ചത്. എന്നെ എന്റെ ജോലിയില്‍ നിന്ന് കേന്ദ്രം തടഞ്ഞു. എന്റെ എല്ലാ വരുമാനവും നിലക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന് വീണ്ടും അപേക്ഷ നല്‍കുകയും അപ്പീല്‍ സമര്‍പ്പിക്കുകയും ചെയ്‌തെങ്കിലും വിസ നിഷേധിക്കാനുള്ള കാരണം പോലും വ്യക്തമാക്കിയില്ല' ഫാര്‍സിസ് എക്‌സിലെഴുതിയ കുറിപ്പില്‍ പറഞ്ഞു. ഇന്ത്യയില്‍ വിദേശ മാധ്യമപ്രവര്‍ത്തകരുടെ ജോലിയില്‍ നിയന്ത്രണങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. വനേസ ഡഗ്‌നാക്കിന് പിന്നാലെ നാല് മാസത്തിനുള്ളില്‍ ഇന്ത്യവിടേണ്ടിവരുന്ന രണ്ടാമത്തെ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനാണ് ഞാന്‍. പുതിയ വര്‍ക്ക് പെര്‍മിറ്റിനായി വീണ്ടും അപേക്ഷിച്ചതായും ഫാര്‍സിസ് തന്റെ പ്രസ്താവനയില്‍ പറഞ്ഞു.
നാല് ഫ്രഞ്ച് പ്രസിദ്ധീകരണങ്ങളുടെ സൗത്ത് ഏഷ്യ ലേഖികയായിരുന്ന വനേസ 20 വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് വിലക്ക് വരുന്നതും രാജ്യം വിടുന്നതും. പൊതു തെരഞ്ഞെടുപ്പിന്റെ തലേന്ന് ഏപ്രിലില്‍ താന്‍ ഇന്ത്യ വിടാന്‍ നിര്‍ബന്ധിതനായെന്ന് എബിസി ന്യൂസിന്റെ മുന്‍ സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് അവാനി ഡയസും വ്യക്തമാക്കിയിരുന്നു. വിസ പുതുക്കില്ല എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് രാജ്യം വിടേണ്ടി വന്നതെന്ന് ഡയസ് പറഞ്ഞു.
ഇന്ത്യയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് വിദേശ മാധ്യ?പ്രവര്‍ത്തകര്‍ക്ക് അനുമതി നിഷേധിക്കാന്‍ കേന്ദ്രം പറയുന്ന കാരണം. വനേസക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 30 വിദേശ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. അവര്‍ കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയിരുന്നു.
കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ റിപ്പോര്‍ട്ടേഴ്സ് വിത്തിട്ട് ബോര്‍ഡേഴ്‌സും രംഗത്തെത്തിയിരുന്നു. വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാത്തത് മോഡി സര്‍ക്കാരിന്റെ കീഴിലെ മാധ്യമ സ്വാതന്ത്ര്യം വിലയിരുത്തപ്പെടുകയാണെന്നും വിമര്‍ശിക്കപ്പെട്ടിരുന്നു.
അതെ സമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറക്ക് വിസ നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയും വിവാദമായിരുന്നു.വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി വിസക്ക് അനുമതി തേടിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വിസ നിഷേധിച്ചതിനാല്‍ ഇന്ത്യക്ക് പുറത്തുനിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് അല്‍ ജസീറ വ്യക്തമാക്കിയിരുന്നു
നേരത്തെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിക്ക് വിലര്‍ക്കേര്‍പ്പെടുത്തിയതിന് പിന്നാലെ അല്‍ ജസീറയുടെ ഡോക്യുമെന്ററിക്കും ഇന്ത്യയില്‍ പ്രദര്‍ശന വിലക്കേര്‍പ്പെടുത്തിയിരുന്നു.രാജ്യത്തെ മുസ്‌ലിം വിഭാഗവുമായി ബന്ധപ്പെട്ട് അല്‍ ജസീറ നിര്‍മിച്ച 'ഇന്ത്യ...ഹു ലിറ്റ് ദി ഫ്യൂസ്' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം അലഹബാദ് ഹൈക്കോടതിയാണ് വിലക്കിയത്. 2002ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രതിക്കൂട്ടിലാക്കുന്ന ബിബിസി ഡോക്യുമെന്ററിക്കായിരുന്നു നേരത്തെ വിലക്കേര്‍പ്പെടുത്തിയത്. 2023 ജനുവരിയില്‍ റിലീസ് ചെയ്ത ഡോക്യുമെന്ററി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതും കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു.
അതിന് പിന്നാലെ ആദായനികുതിവകുപ്പ് അടക്കമുള്ള ഏജന്‍സികള്‍ ബി.ബി.സിക്കെതിരെ നടപടി തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഏപ്രില്‍ ആദ്യം ബി.ബി.സി ഇന്ത്യയിലെ ന്യൂസ് റൂം പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് പ്രസിദ്ധീകരണ ലൈസന്‍സ് ഇന്ത്യന്‍ ജീവനക്കാര്‍ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറി. മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ ലൈസന്‍സ് കൈമാറുന്നത് ചരിത്രത്തില്‍ ആദ്യമാണെന്ന് ബി.ബി.സി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബി.ബി.സി ചൂണ്ടിക്കാട്ടിയിരുന്നു.
തൊഴില്‍ വിസ പുതുക്കി നല്‍കാതെ കേന്ദ്രം; മൂന്നാമത്തെ വിദേശ മാധ്യമ പ്രവര്‍ത്തകനും ഇന്ത്യ വിടുന്നു
