നേപ്പാളിലെ കോശി പ്രവിശ്യയില്‍ 5.3 തീവ്രതയുള്ള ഭൂചലനം; ഇന്ത്യയിലും ചൈനയിലും പ്രകമ്പനം

നേപ്പാളിലെ കോശി പ്രവിശ്യയില്‍ 5.3 തീവ്രതയുള്ള ഭൂചലനം; ഇന്ത്യയിലും ചൈനയിലും പ്രകമ്പനം


കാഠ്മണ്ഡു: നേപ്പാളിലെ കോശി പ്രവിശ്യയില്‍ ചൊവ്വാഴ്ച രാവിലെ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ത്യയുടെ കിഴക്കന്‍, വടക്കുകിഴക്കന്‍ മേഖലകള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ചൈനയുടെ ചില ഭാഗങ്ങളിലും ഭൂചലനത്തിന്റെ ആഘാതം റിപ്പോര്‍ട്ട് ചെയ്തു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി പ്രാഥമിക വിവരങ്ങളില്ല.

ഇന്ത്യന്‍ സമയം രാവിലെ 7.02ഓടെ നേപ്പാളിലെ കോശി പ്രവിശ്യയില്‍ ലെലെപ് പ്രദേശത്തിന് സമീപമായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയുടെ പ്രാഥമിക റിപ്പോര്‍ട്ടിലും ദേശീയ ഭൂകമ്പശാസ്ത്ര കേന്ദ്രത്തിന്റെ കണക്കിലും ഭൂചലനത്തിന്റെ തീവ്രത 5.3 ആണ്. ഭൂമിക്കടിയില്‍ 20 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂകമ്പശാസ്ത്ര കേന്ദ്രം അറിയിച്ചു. 27.855 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലും 87.909 ഡിഗ്രി കിഴക്കന്‍ രേഖാംശത്തിലുമാണ് പ്രഭവകേന്ദ്രം.

ഇതിനിടെ അസമിലെ കാര്‍ബി ആംഗ്ലോങ് ജില്ലയിലും ചൊവ്വാഴ്ച പുലര്‍ച്ചെ 3.39ന് നേരിയ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയില്‍ 15 കിലോമീറ്റര്‍ ആഴത്തിലായിരുന്നു. 25.743 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലും 93.355 ഡിഗ്രി കിഴക്കന്‍ രേഖാംശത്തിലുമാണ് പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂകമ്പശാസ്ത്ര കേന്ദ്രം അറിയിച്ചു.

ഭൂകമ്പസാധ്യതയുള്ള പ്രദേശങ്ങളില്‍ കെട്ടിടങ്ങളുടെ അടിത്തറയിലും മേല്‍ക്കൂരയിലും ആഴത്തിലുള്ള വിള്ളലുകളുണ്ടെങ്കില്‍ വിദഗ്ധരുടെ സഹായത്തോടെ അറ്റകുറ്റപ്പണി നടത്തണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. സീലിങ്ങിലെ ലൈറ്റുകളും ചുമരുകളിലെ അലമാരകളും ഉറപ്പിച്ചിരിക്കണം. ഭാരമുള്ള വസ്തുക്കള്‍ താഴത്തെ അലമാരകളില്‍ സൂക്ഷിക്കുന്നതും അപകടസാധ്യത കുറയ്ക്കും. കെട്ടിടനിര്‍മാണത്തില്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ബ്യൂറോയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

ഭൂചലനം അനുഭവപ്പെടുമ്പോള്‍ പരിഭ്രാന്തരാകാതെ നിലത്ത് കുനിഞ്ഞിരിക്കുക, ഉറപ്പുള്ള മേശയുടെയോ ഫര്‍ണിച്ചറിന്റെയോ അടിയില്‍ അഭയം തേടുക, പ്രകമ്പനം അവസാനിക്കുന്നതുവരെ പിടിച്ചുനില്‍ക്കുക എന്നിവയാണ് പ്രധാന സുരക്ഷാനടപടികള്‍. മേശയോ ഡെസ്‌കോ സമീപത്തില്ലെങ്കില്‍ കൈകള്‍കൊണ്ട് തലയും മുഖവും സംരക്ഷിച്ച് മുറിയുടെ അകത്തെ മൂലയില്‍ കുനിഞ്ഞിരിക്കണം. ജനലുകള്‍, ചില്ലുകള്‍, പുറംചുമരുകള്‍, വീഴാന്‍ സാധ്യതയുള്ള ലൈറ്റുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയില്‍നിന്ന് അകന്നുനില്‍ക്കണം. പ്രകമ്പനം അവസാനിച്ചശേഷം കെട്ടിടങ്ങള്‍, മരങ്ങള്‍, വൈദ്യുതിത്തൂണുകള്‍, വൈദ്യുതക്കമ്പികള്‍ എന്നിവയില്‍നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.