മുംബൈ: നടി രശ്മിക മന്ദാനയ്ക്ക് ചിത്രീകരണത്തിനിടെ ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്. നൃത്തരംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് ഇടുപ്പിന് ഗുരുതര പരിക്കേറ്റതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തുടര്‍ച്ചയായി നിരവധി ചിത്രങ്ങളുടെ തിരക്കിലായിരുന്ന രശ്മിക നിലവില്‍ റാണബാലി, മൈസാ എന്നീ ചിത്രങ്ങളുടെ ചിത്രീകരണത്തിലായിരുന്നു. ഇതിന് പുറമെ പേരിടാത്ത മറ്റ് സിനിമകളും നിരവധി പരസ്യ ചിത്രീകരണങ്ങളും താരത്തിനുണ്ട്. അപകടം ഏത് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണുണ്ടായതെന്ന് വ്യക്തമല്ല.
ശാരീരികമായി ഏറെ പ്രയാസമുള്ള നൃത്ത- ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. നൃത്തരംഗം ചിത്രീകരിക്കവെ ഇടുപ്പിലെ ടെന്‍ഡണ്‍ പൂര്‍ണമായി വേര്‍പെട്ട ഗുരുതര പരിക്കാണ് സംഭവിച്ചതെന്നും തുടര്‍ന്ന് ആറാഴ്ച പൂര്‍ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇത്തരം ഗുരുതര പരിക്കുകള്‍ സാധാരണയായി കഠിന പരിശീലനം നടത്തുന്ന കായികതാരങ്ങളിലാണ് കാണപ്പെടാറുള്ളത്. അതിനാല്‍ തന്നെ പരിക്കിന്റെ ഗൗരവം വളരെ കൂടുതലാണെന്നാണ് വിലയിരുത്തല്‍.
നടന്‍ വിജയ് ദേവരകൊണ്ടയുമായി അടുത്തിടെയാണ് രശ്മികയുടെ വിവാഹം കഴിഞ്ഞത്.
മൈസാ സിനിമയ്ക്കായി അടുത്തിടെ ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിതാ അണ്ടര്‍വാട്ടര്‍ ഫൈറ്റ് സീക്വന്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.
തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിലായി നിരവധി വമ്പന്‍ ചിത്രങ്ങളാണ് രശ്മികയുടെതായി ഒരുങ്ങുന്നത്. മൈസാ, റാണബാലി, ആനിമല്‍ പാര്‍ക്ക്, എഎ22, പുഷ്പ 3 എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന പ്രധാന ചിത്രങ്ങള്‍. കോക്ടെയില്‍ 2 ആയിരുന്നു രശ്മികയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
