വാഷിംഗ്്ടണ്‍: ഇറാനുമായുള്ള യുദ്ധത്തിനിടെ ഉപയോഗിച്ച അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ വീണ്ടും ശേഖരിക്കുന്നതിനായി 18.2 ബില്യണ്‍ ഡോളറിന്റെ അടിയന്തര ധനസഹായം അനുവദിക്കണമെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് (പെന്റഗണ്‍) ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ പ്രതിരോധ സമിതികള്‍ക്ക് സമര്‍പ്പിച്ച പെന്റഗണ്‍ രേഖകള്‍ പ്രകാരം, നിലവിലെ സാമ്പത്തിക വര്‍ഷത്തേക്കുള്ള 67 ബില്യണ്‍ ഡോളറിന്റെ വിപുലമായ അടിയന്തര ധനസഹായ പാക്കേജിന്റെ ഭാഗമായാണ് ഈ ആവശ്യവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബ്ലൂംബെര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം നിര്‍ദിഷ്ട തുകയില്‍ 5.75 ബില്യണ്‍ ഡോളര്‍ ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് മിസൈല്‍ ഇന്റര്‍സെപ്റ്ററുകള്‍ക്കായും 5.57 ബില്യണ്‍ ഡോളര്‍ പാട്രിയറ്റ് മിസൈല്‍ സെഗ്മെന്റ് എന്‍ഹാന്‍സ്മെന്റ് ഇന്റര്‍സെപ്റ്ററുകള്‍ക്കായും 1.9 ബില്യണ്‍ ഡോളര്‍ സ്റ്റാന്‍ഡേര്‍ഡ് മിസൈല്‍-6 സംവിധാനങ്ങള്‍ക്കായും നീക്കിവെച്ചിട്ടുണ്ട്.
ഇറാനെതിരായ സൈനിക നടപടികള്‍ തുടരുന്നതിനോടൊപ്പം പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങളെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ അമേരിക്കയുടെ ആയുധശേഖരത്തില്‍ സമ്മര്‍ദം വര്‍ധിച്ചുവരുന്നതായാണ് രേഖകള്‍ സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
യുദ്ധം ഫെബ്രുവരി 28ന് ആരംഭിച്ചതുമുതല്‍ ഏപ്രിലില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നതുവരെ അമേരിക്കന്‍ സൈന്യം ഇറാനിലെ ലക്ഷ്യങ്ങള്‍ക്കെതിരെ 13,629 ആയുധങ്ങള്‍ പ്രയോഗിച്ചതായും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ വ്യാപ്തിയും അതുവഴി അമേരിക്കയുടെ മിസൈല്‍ ശേഖരത്തില്‍ ഉണ്ടായ വലിയ സമ്മര്‍ദവും ഈ കണക്കുകള്‍ വ്യക്തമാക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
