ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകിട്ടാണ് തെക്കൻ കശ്മീരിലെ കെല്ലം മേഖലയിൽ സംഭവം നടന്നത്.
കെല്ലം പ്രദേശത്ത് ജോലി ചെയ്തിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർന്നത്. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരെയും ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ വിദഗ്ധ ചികിത്സയ്ക്കായി അനന്ത്‌നാഗ് ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെ വെടിവയ്പുണ്ടായെന്നും ഒരാൾ മരിച്ചെന്നും മറ്റൊരാൾ ചികിത്സയിൽ തുടരുകയാണെന്നും ജമ്മു കശ്മീർ പൊലീസ് മേധാവി അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ സുരക്ഷാസേന പ്രദേശം വളഞ്ഞ് ഭീകരർക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചു. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം പരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
കുൽഗാമിൽ ഭീകരാക്രമണം; ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു, ഒരാൾക്ക് പരിക്ക്
