സു​ഗതന്റെ അവധി നിർണയത്തിലും നാ‌‌ടകം? ജയിൽ വകുപ്പ് കത്ത് നൽകിയതിൽ മന്ത്രി ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി

സു​ഗതന്റെ അവധി നിർണയത്തിലും നാ‌‌ടകം? ജയിൽ വകുപ്പ് കത്ത് നൽകിയതിൽ മന്ത്രി ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി


തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ സുഗതന്റെ അവധിക്ക് വഴിവെച്ച ജയിൽ വകുപ്പിന്റെ കത്തിനെ കുറിച്ച് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ്. ആഭ്യന്തര മന്ത്രി അറിയാതെയാണ് ജയിൽ അധികൃതർ കത്ത് നൽകിയതെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും ഈ വിഷയത്തിൽ കൃത്യമായ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

സുഗതന്റെ കൗൺസിലർ സ്ഥാനത്തിന് അയോഗ്യത വരാതിരിക്കാൻ ജയിൽ സൂപ്രണ്ട് മുഖേന കോർപ്പറേഷൻ കൗൺസിലിന് അവധി അപേക്ഷ സമർപ്പിക്കാൻ അനുവാദം നൽകിക്കൊണ്ടുള്ളതായിരുന്നു ജയിൽ വകുപ്പിന്റെ കത്ത്. മുൻസിപ്പാലിറ്റി ആക്ട് അനുസരിച്ച് കൗൺസിൽ ഈ അപേക്ഷ അംഗീകരിക്കുകയാണെങ്കിൽ സുഗതന് സ്ഥാനം നഷ്ടമാകില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

ഈ മാസം 20 ന് ആഭ്യന്തരവകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് വേണ്ടി അണ്ടർ സെക്രട്ടറി തയാറാക്കിയ കത്താണ് ഇന്ന് കൗൺസിൽ ചേരുന്ന സമയത്ത് മേയർ വി വി രാജേഷ് ആയുധമാക്കിയത്. ഇങ്ങനൊരു കത്തിനെ കുറിച്ച് ഒരു അറിവും പ്രതിപക്ഷത്തിന് ഇല്ലായിരുന്നു. തൊട്ടുപിന്നാലെ സുഗതന്റെ അവധി അപേക്ഷക്ക് പിന്തുണയുമായി യുഡിഎഫ് സ്വന്തന്ത്ര കൗൺസിലർ സുധീഷ് രം​ഗത്തെത്തുകയും ചെയ്തു.

പ്രതിപക്ഷം ഒരിക്കലും പ്രതീക്ഷിക്കാത്ത നാടകീയ സംഭവങ്ങളാണ് നഗരസഭ യോഗത്തിൽ ഇന്ന് ഉണ്ടായത്. വാഴോട്ടുകോണം കൗൺസിലർ സുഗതന്റെ അവധി അപേക്ഷയിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. അവധി അപേക്ഷ ആദ്യം മേയർ അവതരിപ്പിക്കും എന്ന് എല്ലാവരും കരുതിയെങ്കിലും വിഷയം അവതരിപ്പിച്ചത് മൂന്നാമതായി. കൗൺസിൽ യോഗത്തിൽ മേയർ സുഗതന്റെ അവധി അപേക്ഷ അവതരിപ്പിക്കുകയും 51 പേരുടെ പിന്തുണയോടെ അത് അംഗീകരിക്കുകയും ചെയ്തു. ഈ സമയം യുഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും, ബിജെപി നേതാവ് വി.വി. രാജേഷ് ജയിൽ വകുപ്പിന്റെ കത്ത് ഉയർത്തിക്കാട്ടിയാണ് അതിനെ പ്രതിരോധിച്ചത്. ഇതാണ് ഇപ്പോൾ ചെന്നിത്തലയുടെ അതൃപ്തിക്ക് ഇടയാക്കിയിരിക്കുന്നത്. ‌‌