ബംഗളൂരു: കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കം പുകയുന്ന സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ കന്നട സംഘടനകൾ നിലപാട് കടുപ്പിച്ചു. വെള്ളം വേണ്ടെന്ന് പറയാതെ ബംഗളൂരുവിലേക്ക് വരാൻ സമ്മതിക്കില്ലെന്നും വിജയ്‍യെ വിമാനത്താവളത്തിൽ തടയുമെന്നും മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 13ന് കന്നഡ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ബന്ദ്.
അതേസമയം, തിങ്കളാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതായി കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു. തമിഴ്‌നാടുമായി ചർച്ച നടത്തുന്നതിന് അനുയോജ്യമായ സാഹചര്യമല്ല നിലവിലുള്ളതെന്നും, അതിനാൽ തിങ്കളാഴ്ചത്തെ കൂടിക്കാഴ്ചയ്ക്കായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് വരേണ്ടതില്ലെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്ക് നീട്ടിവെക്കണമെന്ന് തമിഴ്‌നാട് സർക്കാരിനോട് ഔദ്യോഗികമായി അഭ്യർഥിക്കാനാണ് കർണാടകയുടെ തീരുമാനം. കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കം പുകയുന്ന സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ കന്നട സംഘടനകൾ നിലപാട് കടുപ്പിച്ചതോടെയാണ് കർണാടക സർക്കാർ കൂടിക്കാഴ്ച നീട്ടിയത്.
തമിഴ്നാടിന് വെള്ളം നൽകണമെന്ന കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (സി ഡബ്ല്യു ആർ സി) ഉത്തരവിട്ടതോടെയാണ് പ്രതിഷേധങ്ങൾ ശക്തമായത്. കാവേരിയിലെ വെള്ളം നൽകാൻ കഴിയാത്ത സാഹചര്യമെന്നാണ് കർണാടകയുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സി ഡബ്ല്യ എം എ യെ വീണ്ടും സമീപിക്കാനാണ് കർണാടകയുടെ തീരുമാനം. വെള്ളം വിട്ടുനൽകിയാൽ ബെംഗളൂരുവിൽ കുടിവെള്ളം മുട്ടുമെന്നാണ് കർണാടകയുടെ ആശങ്ക.
കർണാടക പ്രതിദിനം 3,500 ക്യുസെക്സ് വീതം 15 ദിവസത്തേക്ക് തമിഴ്‌നാടിന് വെള്ളം തുറന്നു വിടണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ ഉത്തരവ്. തുടർന്ന് പതിറ്റാണ്ടുകൾ പഴക്കമുള്ള കാവേരി ജലതർക്കം വീണ്ടും സജീവമായിരിക്കുകയാണ്. മഴക്കുറവും ജലസംഭരണികളിലെ ജലനിരപ്പ് കുറഞ്ഞതും ചൂണ്ടിക്കാട്ടി ഈ ഉത്തരവിനെതിരെ കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയെ സമീപിക്കാനൊരുങ്ങുകയാണ് കർണാടക. എന്നാൽ ഉത്തരവ് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നാണ് തമിഴ്നാടിന്‍റെ ആവശ്യം.
'കാവേരിയിലെ വെള്ളം വേണ്ടെന്ന് പറയാതെ വരേണ്ട'; വിജയ്ക്കെതിരേ കന്നഡ സംഘടനകൾ, കൂടിക്കാഴ്ച റദ്ദാക്കി ഡി.കെ ശിവകുമാർ
