പി എം ശ്രീയിൽ യുഡിഎഫ് കണ്‍വീനറെ തള്ളി കുഞ്ഞാലിക്കുട്ടി; മലക്കം മറിഞ്ഞ് അടൂർ പ്രകാശ്, ഉപസമിതി തീരുമാനിക്കും

പി എം ശ്രീയിൽ യുഡിഎഫ് കണ്‍വീനറെ തള്ളി കുഞ്ഞാലിക്കുട്ടി; മലക്കം മറിഞ്ഞ് അടൂർ പ്രകാശ്, ഉപസമിതി തീരുമാനിക്കും


തിരുവനന്തപുരം: പി എം ശ്രീ പദ്ധതി പിന്മാറ്റം സംബന്ധിച്ച നിലപാടില്‍ മലക്കം മറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. പദ്ധതിയില്‍ തുടരണം എന്ന് പറഞ്ഞിട്ടില്ലെന്നാണ് അടൂർ പ്രകാശിന്‍റെ മലക്കം മറിച്ചില്‍. വിഷയം യുഡിഎഫില്‍ ചർച്ച ചെയ്തിട്ടില്ലെന്നാണ് അടൂർ പ്രകാശ് പറയുന്നത്. പദ്ധതിയില്‍ തുടരണോ വേണ്ടയോ എന്നത് ഉപസമിതി റിപ്പോർട്ട് അനുസരിച്ച് പരിശോധിക്കും. പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതിൽ വൈരുദ്ധ്യം ഒന്നുമില്ലെന്നും ഒരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി എം ശ്രീയിൽ നിന്ന് പിൻവാങ്ങാനാണ് ആലോചന എന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. യുഡിഎഫ് യോഗത്തിൽ ഗൗരവമുള്ള ചർച്ച പി എം ശ്രീ നടപ്പാക്കുന്ന കാര്യത്തിൽ ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച് ഫോർവേഡ് ബ്ലോക്ക് നേതാവ് ദേവരാജൻ ചില കാര്യങ്ങൾ പറഞ്ഞുവെങ്കിലും മുഖ്യമന്ത്രി അന്തിമ തീരുമാനം പറഞ്ഞിരുന്നില്ല എന്നാണ് ലീഗ് നേതൃത്വം പറയുന്നത്. വിഷയത്തിൽ മന്ത്രിമാരുടെ സബ് കമ്മിറ്റിയെ യുഡിഎഫ് നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടുമില്ല എന്നിരിക്കെ എങ്ങനെയാണ് പി എം ശ്രീ നടപ്പാക്കുമെന്ന് യുഡിഎഫ് കൺവീനർ പ്രഖ്യാപിച്ചത് എന്നാണ് ലീഗ് നേതൃത്തിന്റെ ചോദ്യം. ഈ വിയോജിപ്പാണ് പി കെ കുഞ്ഞാലിക്കുട്ടി പരസ്യമായി പറഞ്ഞത്.

'ഒപ്പിട്ടത് എല്‍ഡിഎഫ് സര്‍ക്കാരാണ്. അതില്‍ നിന്ന് ഊരാനാകുമോയെന്ന് അറിയാന്‍ സബ്കമ്മിറ്റി റിപ്പോര്‍ട്ട് വരണം. ഒരുനിലയ്ക്കും കേന്ദ്രം പറയുന്ന കണ്ടീഷനുകള്‍ പാഠ്യപദ്ധതിയിലോ സ്‌കൂളുകളുടെ തെരഞ്ഞെടുപ്പിലോ കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നില്ല. അങ്ങനെ ഒരുഘട്ടം വരുമ്പോള്‍ എന്തുവേണമെന്ന് അപ്പോള്‍ തീരുമാനിക്കും. ഇപ്പോ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത നൂറ് ശതമാനവും ഇല്ലാത്തതാണ്. ഇന്നലെ യുഡിഎഫ് യോഗം പിഎം ശ്രീ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, പി എം ശ്രീയിൽ നിന്ന് പിന്മാറിയാൽ കാര്യമായി ഒന്നും സംഭവിക്കില്ലെന്ന് രാജ്യസഭയിൽ അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നല്‍കി. കേന്ദ്രം വ്യക്തമാക്കുന്നത്. പിഎം ശ്രീ പദ്ധതിയിൽനിന്നും പിന്മാറുകയോ ചേരാതിരിക്കുകയോ ചെയ്താൽ പിഎം ശ്രീയുടെ ആനുകൂല്യങ്ങൾ മാത്രമേ നഷ്ടമാകൂ. കേരളം പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം ഒപ്പിട്ട ശേഷം സ്‌കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും കേന്ദ്രം രാജ്യസഭയില്‍ അറിയിച്ചു. വഹാബിന് ലഭിച്ച മറുപടി വി ഡി സതീശന്റെ കാപട്യത്തിന്റെ മുഖംമൂടി വലിച്ച് കീറിയെന്ന് ഇടതുപക്ഷം വിമർശിച്ചു. ഇനിയെങ്കിലും പദ്ധതിയിൽ മുന്നോട്ട് പോകാൻ ബിജെപി സമ്മർദം ഉണ്ടെന്നും അതിന് വഴങ്ങുകയാണെന്നും യുഡിഎഫ് തുറന്നു പറയണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. 

അതേസമയം, പി എം ശ്രീ പദ്ധതിയിൽ ഇളവ് കിട്ടുമെന്ന പ്രതീക്ഷയിലാണ് കേരളം. സംസ്ഥാന സിലബസ് പഠിപ്പിക്കാൻ മറ്റ് ചില സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയതിലാണ് കേരളം പ്രതീക്ഷ വെക്കുന്നത്. സ്കൂളുകളുടെ തെരഞ്ഞെടുപ്പിലും സംസ്ഥാന സർക്കാറിന് അനുവാദം കിട്ടുമെന്നാണ് കേരളം പ്രതീക്ഷ വെക്കുന്നത്. പി എം ശ്രീ പദ്ധതി സംബന്ധിച്ച് ചർച്ച ചെയ്യാൻ മന്ത്രിസഭ ഉപ സമിതി അന്തിമ യോഗം ബുധനാഴ്ച്ച 3.30ന് ചേരും. ഓഗസ്റ്റ് രണ്ടാം വാരം ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഉപസമിതി റിപ്പോർട്ട് ചർച്ച ചെയ്യും. ഓഗസ്റ്റ് രണ്ടാം വാരത്തോടെ കേന്ദ്രത്തിന് ഔദ്യോഗികമായി കത്ത് അയക്കും.