'രാജിവയ്ക്കുകയോ അവധിയെടുക്കുകയോ വേണം': 'കള്ളൻ വിജയൻ' വിവാദത്തിൽ ക‌ടുത്ത നടപടിക്ക് ദേശാഭിമാനിയിൽ നീക്കം

'രാജിവയ്ക്കുകയോ അവധിയെടുക്കുകയോ വേണം': 'കള്ളൻ വിജയൻ' വിവാദത്തിൽ ക‌ടുത്ത നടപടിക്ക് ദേശാഭിമാനിയിൽ നീക്കം


തിരുവനന്തപുരം: കള്ളൻ വിജയൻ ലേഖന വിവാദത്തില്‍ കടുത്ത നടപടിക്കൊരുങ്ങി ദേശാഭിമാനി മാനേജ്മെന്റ്. വാരാന്തപ്പതിപ്പ് എഡിറ്ററായിരുന്ന കെആർ അജയനോട് ഒന്നുകിൽ രാജിവെക്കാനോ അല്ലെങ്കിൽ അവധിയെടുക്കാനോ നിർദ്ദേശം നൽകി. ദേശാഭിമാനിയിൽ നിന്ന് ഒന്നുകിൽ രാജിവെക്കുക അല്ലെങ്കിൽ ശമ്പളമില്ലാത്ത ദീർഘകാല അവധിയിൽ പ്രവേശിക്കുക എന്ന വാക്കാലുള്ള നിർദേശമാണ് ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ നൽകിയത്. അടുത്ത ഫെബ്രുവരിയിൽ വിരമിക്കാനിരിക്കെയാണ് മാനേജ്മെന്റിന്റെ ഈ പുതിയ നീക്കം. വിവാദത്തിന് പിന്നാലെ അജയനെ വാരാന്തപ്പതിപ്പ് എഡിറ്റർ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. അതേസമയം വിവാദം ഒന്നും പുറത്ത് സമ്മതിക്കാൻ ദേശാഭിമാനി നേതൃത്വമോ സിപിഎം നേതാക്കളോ ഇതുവരെ തയ്യാറായിട്ടില്ല.  

പുല്ലംപാറയിലെ നാടക പ്രവർത്തകൻ കള്ളൻ വിജയനെ കുറിച്ചുള്ള ലേഖനത്തിൻ്റെ തലക്കെട്ടിനെ കുറിച്ച് വലിയ തർക്കം ദേശാഭിമാനി എഡിറ്റോറിയൽ ബോർഡിലുണ്ടായിരുന്നു. ഇതേ തുടർന്ന് വിഎസിൻ്റെ അനുസ്മരണം അടങ്ങിയ വാരാന്തപ്പതിപ്പിൻ്റെ പ്രസിദ്ധീകരണം മുടങ്ങിയിരുന്നു. 19ലെ ദേശാഭിമാനി വാരാന്തപ്പതിപ്പാണ് അവസാന നിമിഷം വിതരണം ചെയ്യാതെ തടഞ്ഞുവെച്ചത്. ഒന്നാം പേജിൽ വി.എസ്. അനുസ്മരണവും, പിൻപേജിൽ വലിയ അക്ഷരത്തിൽ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടും വരുന്നത് രാഷ്ട്രീയ എതിരാളികളും ട്രോളന്മാരും ദുർവ്യാഖ്യാനം ചെയ്യാൻ ഇടയാക്കുമെന്ന എഡിറ്റോറിയൽ ബോർഡിന്റെ ആശങ്കയായിരുന്നു നടപടിക്ക് പിന്നിൽ.​ 20 ന് പതിപ്പ് പ്രസിദ്ധീകരിച്ചെങ്കിലും പത്രത്തിൽ നിന്ന് ലേഖനം പൂർണമായി ഒഴിവാക്കപ്പെട്ടു. 

ലേഖനത്തിൻ്റെ തലക്കെട്ട് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാത്തതിൻ്റെ പേരിലും വിവാദം മാധ്യമങ്ങളിൽ ചർച്ചയായതിന്‍റെ പേരിലുമാണ് അജയനെ ചുമതലയില്‍ നിന്ന് മാറ്റിയത്. അജയന് ചീഫ് ന്യൂസ് എഡിറ്റർ ടി ചന്ദ്രമോഹനാണ് പകരം ചുമതല നൽകിയത്. പുല്ലമ്പാറയിലെ കള്ളൻ വിജയൻ എന്ന നാടകപ്രവ‍ർത്തകനെ കുറിച്ചുള്ള ലേഖനത്തിന്‍റെ ഉചിതമായ തലക്കെട്ടാണ് കള്ളൻ വിജയൻ എന്നായിരുന്നു അജയൻ്റെ നിലപാട്. 

എഡിറ്റോറിയിൽ വിഭാഗത്തിലുണ്ടായ തർക്കത്തിലും റസിഡൻ്റ് എഡിറ്ററുടെ കാരണം കാണിക്കൽ നോട്ടീസിനും ഇതായിരുന്നു അജയൻ്റെ മറുപടി. പക്ഷെ വിവാദത്തിൽ പാർട്ടിയും പത്രവും വെട്ടിലായതോടെയാണ് അച്ചടക്കനടപടി, പത്രത്തിൻ്റെ കമ്പ്യൂട്ടർ വിഭാഗം ചുമതലയുള്ള വിഭാഗം മേധാവി അജയൻ ഉപയോഗിച്ച കമ്പ്യൂട്ടർ അടക്കം പരിശോധിച്ചെന്നാണ് വിവരം.