ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കൽക്കരി ഖനിയിൽ ഉണ്ടായ മീഥേൻ വാതക സ്‌ഫോടനത്തിൽ 34 തൊഴിലാളികൾ മരിച്ചു. കൂടുതൽ പേർ ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പ്രവിശ്യാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
വ്യാഴാഴ്ച ബലൂചിസ്ഥാന്റെ തലസ്ഥാനത്തിന് സമീപമുള്ള ഖനിയിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തെ തുടർന്ന് രാത്രി മുഴുവൻ രക്ഷാപ്രവർത്തനം നടത്തി. ഇതുവരെ 34 മൃതദേഹങ്ങൾ പുറത്തെടുത്തതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അപകടസമയത്ത് ഖനിയിൽ എത്ര തൊഴിലാളികൾ ഉണ്ടായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ മറ്റൊരു ഖനിക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. അവിടെ അപകടസമയത്ത് 12 തൊഴിലാളികൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്.
കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ഖനി എൻജിനീയർമാരും തൊഴിലാളികളും ബദൽ മാർഗ്ഗങ്ങൾ തുറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഉയർന്ന അളവിലുള്ള മീഥേൻ വാതകവും തീയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ്. ഇതുമൂലം ഖനിയുടെ ആഴങ്ങളിൽ കുടുങ്ങിയവരിലേക്കും മൃതദേഹങ്ങളിലേക്കും എത്താൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
പാകിസ്താനിൽ, പ്രത്യേകിച്ച് ബലൂചിസ്ഥാനിൽ, ഖനിയപകടങ്ങൾ പതിവാണ്. സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകളും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നതായി വിലയിരുത്തപ്പെടുന്നു. ജൂണിൽ ക്വറ്റ ഡിവിഷനിലെ ഖനുസായ് മേഖലയിൽ ഖനനത്തിനായി ഉപയോഗിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഏപ്രിലിൽ ബൊളാൻ മേഖലയിലെ മറ്റൊരു കൽക്കരി ഖനിയിൽ ഉണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികളും മരിച്ചിരുന്നു.
പാകിസ്താനിലെ കൽക്കരി ഖനിയിൽ മീഥേൻ വാതക സ്‌ഫോടനം; 34 തൊഴിലാളികൾ മരിച്ചു
