കാനഡ വർക്ക് പെർമിറ്റ് ചട്ടങ്ങൾ കർശനമാക്കുന്നു; വിദേശ തൊഴിലുടമയുടെ കീഴിൽ ജോലിയിൽ പ്രവേശിക്കാതെ പുതിയ ജീവനക്കാർക്ക് കാനഡയിലെ ജോലിക്ക് ഇനി അപേക്ഷിക്കാനാവില്ല

കാനഡ വർക്ക് പെർമിറ്റ് ചട്ടങ്ങൾ കർശനമാക്കുന്നു; വിദേശ തൊഴിലുടമയുടെ കീഴിൽ ജോലിയിൽ പ്രവേശിക്കാതെ പുതിയ ജീവനക്കാർക്ക് കാനഡയിലെ ജോലിക്ക് ഇനി അപേക്ഷിക്കാനാവില്ല


ഒട്ടാവ: C20 ഇളവ് പ്രകാരമുള്ള 'റെസിപ്രോക്കൽ എംപ്ലോയ്‌മെന്റ്' (പരസ്പര തൊഴിൽ കൈമാറ്റം) വർക്ക് പെർമിറ്റുകൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ കാനഡ മാറ്റം വരുത്തി. ഇതോടെ വിദേശ പൗരന്മാർക്ക് ഇതിന് യോഗ്യത നേടുന്നത് കൂടുതൽ പ്രയാസകരമായി. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, കാനഡയിൽ ജോലി ചെയ്യുന്നതിനായി C20 വർക്ക് പെർമിറ്റ് ലഭിക്കുന്നതിന് മുൻപായി അപേക്ഷകർ വിദേശത്തുള്ള കമ്പനിയിൽ ഇതിനകം  ജോലിയിൽ പ്രവേശിച്ചിരിക്കണമെന്നാണ് പുതിയ നിർദേശം.

'ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ' (IRCC) ജൂലൈ 29-ന് പുറത്തിറക്കിയ പുതുക്കിയ നിർദ്ദേശങ്ങൾ പ്രകാരം, കാനഡയിൽ എത്തിയതിന് ശേഷം മാത്രം ജോലി ആരംഭിക്കാൻ നിശ്ചയിച്ചിട്ടുള്ളവർക്ക് C20 ഇളവ് പ്രകാരമുള്ള വർക്ക് പെർമിറ്റിന് ഇനി അർഹതയുണ്ടായിരിക്കില്ല.

എന്താണ് മാറിയത്?

റെസിപ്രോക്കൽ എംപ്ലോയ്‌മെന്റ് വർക്ക് പെർമിറ്റിന് യോഗ്യത നേടുന്നതിന്, ഒരു വിദേശ പൗരൻ "നിലവിൽ വിദേശത്തുള്ള കമ്പനിയിൽ ജോലി ചെയ്യുന്നയാളായിരിക്കണം" എന്ന് പുതുക്കിയ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ഈ നിബന്ധന നേരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. കാനഡയിൽ എത്തിയതിന് ശേഷം മാത്രം കമ്പനിയിൽ ചേരുന്ന വിദേശ തൊഴിലാളിയും കനേഡിയൻ തൊഴിലുടമയും തമ്മിലുള്ള അറിവോ അനുഭവപരിചയമോ കൈമാറുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നില്ല. ഈ കൈമാറ്റം റെസിപ്രോക്കൽ എംപ്ലോയ്‌മെന്റ് പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

എന്താണ് C20 വർക്ക് പെർമിറ്റ്?

'ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെന്റ്' (LMIA) ആവശ്യമില്ലാതെ തന്നെ യോഗ്യരായ വിദേശ പൗരന്മാർക്ക് വർക്ക് പെർമിറ്റ് നേടാൻ C20 ഇളവ് അനുവദിക്കുന്നു. 'ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി പ്രൊട്ടക്ഷൻ റെഗുലേഷൻസ്' (IRPR) R205(b) പ്രകാരമാണ് ഇത് നൽകുന്നത്. മറ്റ് രാജ്യങ്ങളിലെ കനേഡിയൻ പൗരന്മാർക്കോ സ്ഥിര താമസക്കാർക്കോ പരസ്പര തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയോ നിലനിർത്തുകയോ ചെയ്യുന്ന ജോലികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കാൻ ഇത് വഴിയൊരുക്കുന്നു.
പരസ്പര സഹകരണം രണ്ട് രാജ്യങ്ങൾ തമ്മിൽ നേരിട്ട് നിലനിൽക്കണമെന്നില്ലെന്നും പുതുക്കിയ മാർഗ്ഗനിർദ്ദേശം വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, ലോകമെമ്പാടുമുള്ള തങ്ങളുടെ ഓഫീസുകളിലുടനീളം കനേഡിയൻ പൗരന്മാർക്ക് സമാനമായ അവസരങ്ങൾ നൽകുന്നുണ്ടെന്ന് ഒരു ബഹുരാഷ്ട്ര കമ്പനിക്ക് തെളിയിക്കാവുന്നതാണ്.

ആരെയൊക്കെയാണ് ഇത് ബാധിക്കുന്നത്?

ബഹുരാഷ്ട്ര കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, അന്താരാഷ്ട്ര ലാഭേച്ഛയില്ലാത്ത സംഘടനകൾ എന്നിവയുൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന സംഘടനകളാണ് C20 ഇളവ് സാധാരണയായി ഉപയോഗിക്കുന്നത്. വ്യത്യസ്തമായ ഇമിഗ്രേഷൻ വ്യവസ്ഥയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന 'ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ' (IEC) പ്രോഗ്രാമിന് കീഴിൽ നൽകുന്ന വർക്ക് പെർമിറ്റുകളെ ഈ നിയമമാറ്റം ബാധിക്കില്ല.

ഒരു വിദേശ പൗരൻ C20 ഇളവിനോ കാനഡയുടെ 'ഇന്റർനാഷണൽ മൊബിലിറ്റി പ്രോഗ്രാമി'ലെ (IMP) മറ്റ് വിഭാഗങ്ങൾക്കോ ​​യോഗ്യനല്ലെങ്കിൽ, തൊഴിലുടമ 'ടെമ്പററി ഫോറിൻ വർക്കർ പ്രോഗ്രാം' (TFWP) വഴിയാണ് നിയമനം നടത്തേണ്ടത്. ഇത്തരം സാഹചര്യങ്ങളിൽ, ആ ജോലിക്ക് യോഗ്യരായ കനേഡിയൻ പൗരന്മാരോ സ്ഥിരതാമസക്കാരോ ലഭ്യമല്ലെന്ന് ഉറപ്പുവരുത്തുന്ന LMIA (ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെന്റ്) തൊഴിലുടമ ആദ്യം നേടേണ്ടതുണ്ട്.

LMIA നേടുന്നതിന് അധിക സമയവും ചെലവും ആവശ്യമായി വരുന്നു. കൂടാതെ, തൊഴിലില്ലായ്മ നിരക്ക് 6 ശതമാനമോ അതിൽ കൂടുതലോ ഉള്ള പ്രദേശങ്ങളിൽ, പ്രാദേശിക ശരാശരി വേതനത്തിന്റെ (median wage) 120 ശതമാനത്തിൽ താഴെ വേതനം നൽകുന്ന തസ്തികകളിലേക്ക് LMIA-യ്ക്കായി അപേക്ഷിക്കാൻ തൊഴിലുടമകൾക്ക് അനുവാദമുണ്ടാവില്ല.