ആഗോള മത്സരക്ഷമതാ പട്ടികയിൽ ഇന്ത്യയ്ക്ക് 25 സ്ഥാനങ്ങളുടെ മന്നേറ്റം; സാമ്പത്തിക പരിഷ്‌കാരങ്ങളുടെ നേട്ടമെന്ന് റിപ്പോർട്ട്

ആഗോള മത്സരക്ഷമതാ പട്ടികയിൽ ഇന്ത്യയ്ക്ക് 25 സ്ഥാനങ്ങളുടെ മന്നേറ്റം; സാമ്പത്തിക പരിഷ്‌കാരങ്ങളുടെ നേട്ടമെന്ന് റിപ്പോർട്ട്


ന്യൂഡൽഹി: കഴിഞ്ഞ ഒരു ദശകത്തിനിടെ നടപ്പാക്കിയ സാമ്പത്തികഘടനാപരമായ പരിഷ്‌കാരങ്ങളുടെ ഫലമായി ആഗോള മത്സരക്ഷമതാ സൂചികയിൽ ഇന്ത്യ 25 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയതായി റിപ്പോർട്ട്. സ്വതന്ത്ര നയ ഗവേഷണഅഭിഭാഷക സംഘടനയായ കോംപിറ്റെയർ ഫൗണ്ടേഷൻ (Competere Foundation) പുറത്തിറക്കിയ പഠനത്തിലാണ് ഈ വിലയിരുത്തൽ.

'ഇന്ത്യാസ് നെക്സ്റ്റ് ഗ്രോത്ത് ഫ്രണ്ടിയർ: റിഡ്യൂസിങ് ആന്റികോംപറ്റിറ്റീവ് മാർക്കറ്റ് ഡിസ്‌ടോർഷൻസ് ടു ബിൽഡ് ഓൺ ഇന്ത്യാസ് 2010-2023 റിഫോം പ്രോഗ്രസ്' എന്ന റിപ്പോർട്ട് പ്രകാരം, കോംപിറ്റെയറിന്റെ മാർക്കറ്റ് ഡിസ്‌ടോർഷൻസ് പെർഫോമൻസ് ഇൻഡക്‌സിൽ ഇന്ത്യ 2010ൽ 82ാം സ്ഥാനത്തായിരുന്നെങ്കിൽ 2023ൽ 57ാം സ്ഥാനത്തെത്തി. പഠനത്തിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ ഏറ്റവും മികച്ച ഘടനാപരമായ പരിഷ്‌കാരങ്ങൾ നടപ്പാക്കിയ രാജ്യങ്ങളിലൊന്നായാണ് ഇന്ത്യയെ റിപ്പോർട്ട് വിശേഷിപ്പിക്കുന്നത്.

ചരക്ക്‌സേവന നികുതി (ജിഎസ്ടി), ഇൻസോൾവൻസി ആൻഡ് ബാങ്ക്രപ്റ്റ്‌സി കോഡ് (ഐബിസി), ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള നടപടികൾ, വ്യാപാര സൗകര്യങ്ങൾ വർധിപ്പിക്കൽ തുടങ്ങിയ പരിഷ്‌കാരങ്ങളാണ് ഇന്ത്യയുടെ മന്നേറ്റത്തിന് പ്രധാന കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതുവഴി ആഭ്യന്തര വിപണി കൂടുതൽ മത്സരക്ഷമവും കാര്യക്ഷമവുമായി മാറിയെന്നും വിലയിരുത്തുന്നു.

വിപണിയിലെ മത്സരവിരുദ്ധ തടസ്സങ്ങൾ കുറഞ്ഞതിന്റെ ഫലമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിശീർഷ ജിഡിപിയിൽ ഉണ്ടാകുമായിരുന്ന നഷ്ടം 11 ശതമാനം വരെ കുറയ്ക്കാൻ കഴിഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് വാർഷികാടിസ്ഥാനത്തിൽ ഏകദേശം ഒരു ശതമാനം അധിക സാമ്പത്തിക വളർച്ചയ്ക്ക് തുല്യമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ജിഎസ്ടി രാജ്യത്തെ പരോക്ഷ നികുതി സംവിധാനത്തെ ഏകീകരിക്കുകയും ആഭ്യന്തര വിപണിയിലെ വിഭജനം കുറയ്ക്കുകയും ചെയ്തു. ഐബിസി നിയമം ദിവാലാ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുകയും ഉൽപാദന ആസ്തികളുടെ പുനർവിനിയോഗം സുഗമമാക്കുകയും ചെയ്തതായി റിപ്പോർട്ട് പറയുന്നു. ലോകബാങ്കിന്റെ ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ ഇന്ത്യ 2015ൽ 142ാം സ്ഥാനത്തുനിന്ന് 2020ൽ 63ാം സ്ഥാനത്തെത്തിയതും പരിഷ്‌കാരങ്ങളുടെ ഫലമാണെന്ന് പഠനം വിലയിരുത്തുന്നു.

ഇന്ത്യൻ കസ്റ്റംസ് ഇലക്ട്രോണിക് ഗേറ്റ്‌വേ, സിംഗിൾ വിൻഡോ ഇന്റർഫേസ്, ഓതറൈസ്ഡ് ഇക്കണോമിക് ഓപ്പറേറ്റർ പദ്ധതി, ഡയറക്ട് പോർട്ട് ഡെലിവറി, റിസ്‌ക് അധിഷ്ഠിത കസ്റ്റംസ് സംവിധാനങ്ങൾ തുടങ്ങിയ വ്യാപാര സൗകര്യവൽക്കരണ നടപടികൾ കയറ്റുമതിക്കാരുടെയും ഇറക്കുമതിക്കാരുടെയും ചെലവ് കുറച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇന്ത്യയുടെ പരിഷ്‌കാരയാത്ര ഇനിയും പൂർത്തിയായിട്ടില്ലെന്നും വിദേശ നിക്ഷേപ നിയന്ത്രണങ്ങളും ചില ആഭ്യന്തര നിയന്ത്രണങ്ങളും ഉയർന്ന സാമ്പത്തിക വളർച്ചയ്ക്ക് ഇപ്പോഴും തടസ്സമാണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. നിലവിലുള്ള വിപണി തടസ്സങ്ങൾ അടുത്ത അഞ്ച് വർഷത്തിനിടെ 173.6 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഇതിൽ 127.2 ബില്യൺ ഡോളറിന്റെ നഷ്ടത്തിന് വിദേശ നിക്ഷേപ നിയന്ത്രണങ്ങളാണ് പ്രധാന കാരണമെന്നും ഡിജിറ്റൽ വിപണിയിലെ മത്സരനയങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ 46.4 ബില്യൺ ഡോളറിന്റെ അധിക ബാധ്യത സൃഷ്ടിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

റീട്ടെയിൽ, ഇകൊമേഴ്‌സ് മേഖലകളിലെ നിക്ഷേപ നിയന്ത്രണങ്ങൾ, വിദേശ നിക്ഷേപത്തിനുള്ള അനുമതി വ്യവസ്ഥകൾ എന്നിവ പുനഃപരിശോധിക്കണമെന്നും വിദേശ വിപണികളിൽ, പ്രത്യേകിച്ച് യൂറോപ്പിൽ, ഇന്ത്യൻ കയറ്റുമതിക്ക് തടസ്സമാകുന്ന നിയന്ത്രണങ്ങൾക്കെതിരെ ഇന്ത്യ കൂടുതൽ ശക്തമായി ഇടപെടണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. ഇതിലൂടെ ഉൽപാദനക്ഷമത വർധിപ്പിക്കാനും കൂടുതൽ ഗുണമേന്മയുള്ള നിക്ഷേപം ആകർഷിക്കാനും ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തമാക്കാനും കഴിയുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.