വാണിജ്യ കപ്പലുകൾ ആക്രമിക്കരുത്; ഇറാൻ വിദേശകാര്യമന്ത്രിയോട് ജയ്ശങ്കറിന്റെ അഭ്യർഥന

വാണിജ്യ കപ്പലുകൾ ആക്രമിക്കരുത്; ഇറാൻ വിദേശകാര്യമന്ത്രിയോട് ജയ്ശങ്കറിന്റെ അഭ്യർഥന


ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വാണിജ്യ കപ്പലുകളെയും നാവികരെയും ഒരു സാഹചര്യത്തിലും ലക്ഷ്യമിടരുതെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഖ്ചിയോട് ആവശ്യപ്പെട്ടു. ഇരുവരും വെള്ളിയാഴ്ച ടെലിഫോൺ വഴി നടത്തിയ സംഭാഷണത്തിലാണ് ഇന്ത്യയുടെ ആശങ്ക ജയ്ശങ്കർ അറിയിച്ചത്.

പ്രദേശത്തെ നിലവിലെ സംഘർഷാവസ്ഥയിൽ ഇന്ത്യക്ക് ഗുരുതര ആശങ്കയുണ്ടെന്നും, ഏത് വിഭാഗത്തിന്റെ ഭാഗത്തുനിന്നായാലും വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്നും ജയ്ശങ്കർ വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങളും പുരോഗമിക്കുന്ന ചർച്ചകളും സംബന്ധിച്ച ഇറാന്റെ നിലപാട് അബ്ബാസ് അറഖ്ചി വിശദീകരിച്ചതായും അദ്ദേഹം സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.

പ്രശ്‌നപരിഹാരത്തിന് സംഭാഷണവും നയതന്ത്ര ചർച്ചകളുമാണ് ഏക പോംവഴിയെന്ന ഇന്ത്യയുടെ നിലപാട് ജയ്ശങ്കർ ആവർത്തിച്ചു.

പശ്ചിമേഷ്യയിലെ സംഘർഷം ആരംഭിച്ചശേഷം ഗൾഫ് മേഖലയിൽ 16 ഇന്ത്യൻ പൗരന്മാർ മരിച്ചതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. ഇതിൽ 10 പേർ നാവികരാണ്. സൗദി അറേബ്യയിൽ ഒരാളും കുവൈത്തിൽ രണ്ടുപേരും ഒമാനിൽ എട്ടുപേരും ഇറാഖിൽ ഒരാളും യുഎഇയിൽ നാലുപേരുമാണ് മരിച്ചത്. ഇതുകൂടാതെ 75 ഇന്ത്യക്കാർക്ക് വിവിധ രാജ്യങ്ങളിൽ പരിക്കേറ്റതായും സർക്കാർ വ്യക്തമാക്കി.

ഇതിനിടെ, സംഘർഷ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ മന്ത്രിസഭാ സുരക്ഷാ സമിതി (സിസിഎസ്) യോഗം ചേർന്നു. ആഭ്യന്തരവും വിദേശ പതാകകളുമായ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികർക്കും അവരുടെ കുടുംബങ്ങൾക്കും സമയബന്ധിതമായ വിവരങ്ങളും അടിയന്തര സഹായവും കൗൺസിലിങ്ങും ലഭ്യമാക്കുന്നതിനുള്ള പ്രത്യേക സംവിധാനം ഒരുക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.