ന്യൂഡല്‍ഹി : അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന അപകടത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച് അന്വേഷണ സംഘം കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കെ വിമാനത്തിന്റെ എന്‍ജിനുകളിലേക്കുള്ള ഇന്ധനം വിതരണം നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ സംബന്ധിച്ചാണ് പ്രധാനമായും പരിശോധന നടന്നക്കുന്നതെന്നാണ് സൂചന. സ്വിച്ചുകള്‍ക്ക് സ്ഥാനചലനം സംഭവിച്ചതായി അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
ഡ്രീംലൈനര്‍ 787 ന്റെ ഫ്‌ലൈറ്റ്, വോയ്‌സ് ഡാറ്റ റെക്കോര്‍ഡറുകള്‍ അടങ്ങിയ കണ്ടെടുത്ത ബ്ലാക്ക് ബോക്‌സിന്റെ തുടര്‍ച്ചയായ വിശകലനത്തിന് ശേഷമാണ് അന്വേഷകര്‍ ഈ നിഗമനത്തിലേക്ക് എത്തിയത്. എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകടകാരണമെന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്നതിലടക്കം പരിശോധനകള്‍ നടക്കുന്നു. അന്വേഷണസംഘവുമായി ബന്ധപ്പെട്ടവരില്‍നിന്ന് ലഭിച്ച വിവരങ്ങളെന്ന് ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വിമാനം തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പ് ഇന്ധന നിയന്ത്രണ സ്വിച്ചിന് സ്ഥാനചലനം സംഭവിച്ചിരുന്നുവെന്നാണ് ഫ്‌ളൈറ്റ് ഡേറ്റ, കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ എന്നിവയില്‍നിന്നെല്ലാം മനസ്സിലാവുന്നത്. ഇതിനെ കേന്ദ്രീകരിച്ചായിരുന്നു പ്രധാന അന്വേഷണം. 'ദ എയര്‍ കറന്റ്' എന്ന വ്യോമയാന പ്രസിദ്ധീകരണത്തിലാണ് സ്വിച്ചുകളിലേക്ക് ശ്രദ്ധ ക്ഷണിച്ചുള്ള ആദ്യ റിപ്പോര്‍ട്ട് പുറത്തുവന്നത്. വിമാനത്തിന്റെ എന്‍ജിനുകളിലേക്കുള്ള ഇന്ധനവിതരണം നിയന്ത്രിക്കുന്നവയാണ് ഈ സ്വിച്ചുകള്‍.
ഈ സ്വിച്ചുകള്‍ക്ക് പെട്ടെന്ന സ്ഥാനചലനം ഉണ്ടാക്കാനാകില്ലെന്നാണ് യുഎസ് വ്യോമയാന സുരക്ഷാ വിദഗ്ധന്‍ ജോണ്‍ കോക്‌സ് പറയുന്നത്. ചെറിയ ഒരു നീക്കംകൊണ്ട് അനങ്ങുന്നതല്ല ഇവ. ഇവയില്‍ ഒന്ന് അമരുന്ന പക്ഷംതന്നെ വിമാനത്തിലെ വൈദ്യുതി നഷ്ടമാകുമെന്നും അദ്ദേഹം പറയുന്നു. അതേസമയം, വിമാനത്തിന് സാങ്കേതികത്തകരാറൊന്നും അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
വെള്ളിയാഴ്ചയോടെ അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷ. അന്വേഷണത്തിന് 30 ദിവസത്തെ സാവകാശമാണ് നല്‍കിയിരുന്നത്. ഇതിന്റെ കാലാവധി ഈയാഴ്ച പൂര്‍ത്തിയാവും. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന് (ഐസിഎഒ) ആണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അന്വേഷണ വിവരങ്ങള്‍ കേന്ദ്രം പരസ്യപ്പെടുത്തുമോ എന്നതില്‍ വ്യക്തതയില്ല. 2020ലെ കരിപ്പൂര്‍ വിമാനത്താവളാപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ത്യ പുറത്തുവിട്ടിരുന്നില്ല.
അഹമ്മദാബാദ് വിമാനാപകടം ആസൂത്രിതമോ? : ഇന്ധന വിതരണ സ്വിച്ചിന് സ്ഥാനമാറ്റമെന്ന് സൂചന; പൈലറ്റുമാരുടെ പിഴവും അന്വേഷണ പരിധിയില്‍
