വിദേശയാത്രക്കാര്‍ക്കായി ഫിസിക്കല്‍ സിമ്മും ഇ-സിമ്മും അവതരിപ്പിക്കാന്‍ എയര്‍ ഇന്ത്യ

വിദേശയാത്രക്കാര്‍ക്കായി ഫിസിക്കല്‍ സിമ്മും ഇ-സിമ്മും അവതരിപ്പിക്കാന്‍ എയര്‍ ഇന്ത്യ


ന്യൂഡല്‍ഹി: വിദേശയാത്ര നടത്തുന്ന യാത്രക്കാര്‍ക്കായി ട്രാവല്‍ സിം കാര്‍ഡുകള്‍ ലഭ്യമാക്കാന്‍ എയര്‍ ഇന്ത്യ. അന്താരാഷ്ട്ര റോമിങ് സേവനങ്ങള്‍ നല്‍കുന്ന 'ഈസിറോം' എന്ന പേരിലുള്ള ട്രാവല്‍ സിം കാര്‍ഡ് ടാറ്റ കമ്മ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് എയര്‍ ഇന്ത്യ അവതരിപ്പിക്കുന്നത്.

എയര്‍ ഇന്ത്യയുടെ ബ്രാന്‍ഡിലുള്ള ഈ സിം കാര്‍ഡ് ഫിസിക്കല്‍ സിം, ഇ-സിം എന്നീ രണ്ട് രൂപങ്ങളിലും ലഭ്യമാകും. ഇതിനായി പ്രത്യേകം തയ്യാറാക്കിയ എയര്‍ ഇന്ത്യയുടെ വെബ്പേജ് വഴി യാത്രക്കാര്‍ക്ക് സിം വാങ്ങാനാകുമെന്ന് വാര്‍ത്താക്കുറിപ്പില്‍ കമ്പനി അറിയിച്ചു.

വിദേശയാത്രയ്ക്കിടെ ശബ്ദസേവനങ്ങളും ഡേറ്റാ സേവനങ്ങളും ഉപയോഗിക്കാന്‍ ഈ സിം കാര്‍ഡ് വഴി സാധിക്കും. എയര്‍ ഇന്ത്യയും ടാറ്റ കമ്മ്യൂണിക്കേഷന്‍സും ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്.

ആദ്യഘട്ടത്തില്‍ സിം കാര്‍ഡ് സൗജന്യമായി നല്‍കും. എന്നാല്‍ അന്താരാഷ്ട്ര റോമിങ് പാക്കേജുകള്‍ ഉപയോഗിക്കുന്നതിന് നിശ്ചിത നിരക്ക് ഈടാക്കും.

വടക്കേ അമേരിക്ക, യൂറോപ്പ് (യുണൈറ്റഡ് കിങ്ഡം ഉള്‍പ്പെടെ), ഓസ്ട്രേലിയ, ഏഷ്യപസഫിക് മേഖല, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലായി 30 രാജ്യങ്ങളില്‍ ഈ സേവനം ലഭ്യമാകുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.